2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

ശ്രീ. പി. വി. തോമസ് തലനാടിന്റെ കാലികപ്രസക്തി

മുപ്പതു വര്‍ഷം മുമ്പാണ് ശ്രീ പി. വി. തോമസ് തന്റെ വഴിത്താരകള്‍ എന്ന നോവല്‍ എഴുതി എം. പി. പോള്‍ അവാര്‍ഡിന് അയയ്ക്കുന്നതും അവാര്‍ഡു നേടുന്നതും. ആ നോവല്‍ പ്രസിദ്ധീകരിച്ചത് രണ്ടു ഭാഗങ്ങളായി ആയിരുന്നു. മലബാറിലെ കുടിയേറ്റഗ്രാമമായ വിലങ്ങാട് പ്രദേശത്ത് താമസിച്ച് അവിടത്തെ ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും ജീവിതം പഠിച്ചശേഷം എഴുതിയ ആ നോവല്‍ ഒരു ദളിത്ബാലന്റെ കഥയായിരുന്നു. അതിനുശേഷം മുപ്പതു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എഴുത്തിനെ ഒരു വരുമാനമാര്‍ഗമായി കണ്ട്, വായനക്കാരന്റെ പ്രിയം പരിഗണിച്ച് പലതും എഴുതേണ്ടിവന്നു. ജനപ്രിയ നോവലിസ്റ്റായപ്പോള്‍ പി. വി. തോമസ് തോമസ് തലനാട് ആയി മാറി. എങ്കിലുംശ്രീ.തോമസ് തന്നെ  പൈങ്കിളി എന്നു കണക്കാക്കുന്നവയില്‍പോലും സമകാലികജീവിതസമസ്യകള്‍ ആവിഷ്‌കരിക്കാന്‍ തോമസ് ശ്രമിച്ചിട്ടുണ്ട്. (നോവല്‍ ഏതുതരത്തില്‍പ്പെട്ട വായനക്കാരുടെ ഹിതത്തെക്കാളുപരി പ്രിയത്തെ മാനിച്ച് എഴുതുന്ന നോവലുകളെ പൈങ്കിളിയെന്നു വിളിക്കാം. പ്രിയം, ഹിതം എന്നീ വാക്കുകളുടെ അര്‍ഥം കൃത്യമായി അറിയാവുന്നവര്‍ ഇന്നു കേരളത്തില്‍ വളരെ കുറവാണ്. അവ തമ്മിലുള്ള വ്യത്യാസം ചെന്നിനായകം രോഗികള്‍ക്ക് പ്രിയങ്കരമല്ലെങ്കിലും ഹിതകരമാണ്, പഞ്ചസാര പ്രിയങ്കരമെങ്കിലും ഹിതകരമല്ല എന്നീ വാക്യങ്ങളില്‍നിന്നു വളരെ ലളിതമായി മനസ്സിലാക്കാം.)
ഇന്നുമുതല്‍ ഇന്റര്‍നെറ്റിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന തീര്‍ഥം എന്ന നോവല്‍ വഴിത്താരകളുടെ ചൈതന്യം ഉള്‍ക്കൊണ്ട് ജനപ്രിയം എന്നതിലേറെ ജനഹിതം പരിഗണിച്ച് എഴുതിയിട്ടുള്ള ഒരു നോവലാണ്. ജാതി മത രാഷ്ട്രീയ വർഗീയ വിഭാഗീയതകൾക്കെതിരെ ചെറുത്തുനിൽക്കേണ്ടതിന്റെയും മാനവികതയ്ക്കായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യമാക്കിത്തരുന്ന ഈ നോവൽ ഹൃദയസ്പർശിയും ആകാംക്ഷാഭരിതവുമായജീവിതമുഹൂർത്തങ്ങൾകൊണ്ട് സമ്പന്നവുമാണ്. ചെറിയ ചെറിയ ഖണ്ഡങ്ങളായി 100 ദിവസംകൊണ്ട് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന തീര്‍ഥം വായിക്കാന്‍ ദിവസവും സന്ദര്‍ശിക്കുക: thomasthalanad.blogspot.in

N.B.
വഴിത്താരകള്‍ എന്ന നോവലിന്റെ കാലികപ്രസക്തി എന്ന വിഷയത്തെപ്പറ്റി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിന്റെ മുകളിലുള്ള ഓഡിറ്റോറിയത്തില്‍വച്ച് ഇന്നു വൈകുന്നേരം അഞ്ചുമണിക്ക് ഒരു ചര്‍ച്ചയുണ്ടായിരിക്കും. ശ്രീ. തോമസ് തലനാടും സന്നിഹിതനാകുന്നതാണ്.

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

നിങ്ങള്‍ കാവലാള്‍*

ചാക്കോ സി. പൊരിയത്ത്

അലറിക്കുതിക്കുന്ന കാട്ടാറൊന്നതിന്‍ മീതേ
പലക പൊട്ടിപ്പൊളിഞ്ഞുള്ളൊരു തടിപ്പാലം
കെട്ടുപൊട്ടിയാടുന്ന കൈവരി; കാല്‍വയ്പുകള്‍
പെട്ടുപോകുമാറെങ്ങും പാലത്തില്‍ വിടവുകള്‍
അടിയില്‍ പെരും ചുഴി, യതിനപ്പുറത്തതാ,
അടികാണുവാനാവാക്കയത്തിന്‍ നിസ്സംഗത...!

അക്കരെപ്പോകാന്‍ പാലം കടക്കാന്‍ തുടങ്ങയാ-
ണിക്കുരുന്നുകള്‍; നിങ്ങള്‍ കാവലാളുകളായി
നിഷകളങ്കരാമിവര്‍ക്കൊപ്പമുണ്ടാകേണമേ,
ശക്തമാം കരങ്ങളാല്‍ കുഞ്ഞിക്കൈ പിടിക്കണേ...
ഇമ്മഹാ പ്രവാഹത്തില്‍ കാലിടറി വീഴാതെ
അമ്മതന്‍ കരുതലോടിവരെക്കാക്കേണമേ...
യാത്രതീരുവോളവം മിഴിചിമ്മാതെ, ചുണ്ടില്‍
പ്രാര്‍ഥനാമന്ത്രങ്ങളോടിവരെക്കാക്കേണമേ...

*ഇന്ന് അധ്യാപകദിനം. എല്ലാ ഗുരുജനങ്ങള്‍ക്കുമായി ഈ രചന സമര്‍പ്പിക്കുന്നു.

അനുകവിത

ജോസാന്റണി

കാല്‍തൊട്ടു വണങ്ങുമ്പോള്‍ തലയില്‍ കരംവച്ചാല്‍
പണ്ടനുഗ്രഹം! ഇപ്പോള്‍ കരങ്ങള്‍കോര്‍ത്താല്‍മാത്ര-
മാണനുഗ്രഹമെന്നു കാണിച്ചുതന്നോരെന്റെ
ഗുരുവിന്നരുളിന്നു നേരട്ടെ നേരാം വഴി!!

മൊഴിയാല്‍ വഴി കാട്ടി മിഴികള്‍ തുറക്കുവാന്‍
മഴപോല്‍ വര്‍ഷിക്കുന്ന കാരുണ്യം പുഴ, നമ്മള്‍
ഒഴുകിച്ചെന്നീടേണ്ടൊരാനന്ദക്കടലിന്റെ
യഴകില്‍ച്ചേരും പുഴ! അതല്ലീ കല്ലോലിനി!!



2016, മാർച്ച് 20, ഞായറാഴ്‌ച

മലയാളഭാഷ - ശരിയും തെറ്റും

ശ്രീ. സക്കറിയാസ് നെടുങ്കനാല്‍

ഇ-മെയിലിലൂടെ അയച്ചുതന്ന ഈ കുറിപ്പ് ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നതും ഷെയര്‍ചെയ്യുന്നതും ഭാഷാസ്‌നേഹികള്‍ക്ക് ഭാഷാപ്രയോഗശുദ്ധി കൈവരുത്താനും ഇതു സോഷ്യല്‍മീഡിയായിലൂടെ, അര്‍ജുനാസ്ത്രംപോലെ,

പ്രചരിപ്പിക്കാന്‍ ഓരോ വായനക്കാരനും പ്രേരണ നല്കാനും ആണ്. 

അശ്രദ്ധമൂലം ഭാഷയിൽ ഉണ്ടാകുന്ന പരശ്ശതം തെറ്റുകൾക്ക് മലയാളികളായ നമ്മൾ ഉത്തരവാദികളാണ്. ശ്രീ. ചാക്കോ പൊരിയത്ത് ചൂണ്ടിക്കാണിച്ച ഏതാനും തിരുത്തലുകൾ ഒരിക്കൽ ഞാൻ FBയിൽ പോസ്റ്റ്‌ ചെയ്തിരുന്നത് വളരെപ്പേർ സ്വാഗതം ചെയ്തു. ശ്രീ. പന്മന രാമചന്ദ്രൻ, പ്രൊഫ. എം. കൃഷ്ണൻ നായർ തുടങ്ങിയ ഭാഷാസ്നേഹികൾ തിരുത്തിത്തന്ന ധാരാളം വാക്കുകൾ പണ്ടുതൊട്ടേ കുറിച്ചിടുമായിരുന്നു. അവയിൽ കുറെയെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നയാഗ്രഹത്തോടെ വീണ്ടും ഇതാ ഏതാനും ശരിയും തെറ്റും. ഓരോ വരിയിലും ആദ്യം കാണുന്ന ശരിയായ വാക്കിനു പകരം പലരും തെറ്റായി പ്രയോഗിക്കാറുള്ളവ കുത്തുകൾ കഴിഞ്ഞ് ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു:


മുമ്പ്/ പണ്ട് ... ... .... .... (മുമ്പുകാലത്ത് / പണ്ടുകാലത്ത്)
മുന്നാക്കം / പിന്നാക്കം ... ... (മുന്നോക്കം / പിന്നോക്കം)
അഭിവാദനങ്ങൾ ... ... ... (അഭിവാദ്യങ്ങൾ)
യാത്രയാകുക / യാത്ര പോകുക ... ... (യാത്ര പുറപ്പെടുക)
വായ്പവിതരണം ... ... ... ... (വായ്പാവിതരണം)
സമൂഹപരിഷ്ക്കർത്താവ് ... ... (സാമൂഹിക ....)
വിമർശം ... ... .. ... ...(വിമർശനം)
അനാവരണം ചെയ്യുക ... (അനാശ്ചാദനം ... അനാശ്ചാദിത = നഗ്നമാക്കിയ)
ആക്ഷേപാർഹം ... ... (അപലപനീയം - അപലപനം = ഒളിച്ചുവയ്ക്കൽ )
സൗഹാർദപൂർണം / സൗഹൃദപൂർണം ... ... (സൗഹാർദപരം)
ഈ സന്ദർഭത്തിൽ ... ... ... (ഇത്തരുണത്തിൽ)
കാളിദാസകാവ്യത്തെ ഉദ്ധരിക്കുക ... ... (കാളിദാസനെ ഉദ്ധരിക്കുക)
സ്വാധീനത ... ... .... (സ്വാധീനം adj.)
മുൻപേ ... ...... ... ... (മുമ്പേ)
ഗീതഗോവിന്ദം ... ... (ഗീതാഗോവിന്ദം)
ഗുമസ്തൻ - ഉർദു ... ... (ഗുമസ്ഥൻ)
ദൃഷ്ടി, ദ്രഷ്ടാവ് ... ..... (ദൃഷ്ടാവ്)
ദൈന്യം ... ... ... ... ..(ദൈന്യത)
നൈയാമികൻ ... ... (നയ്യാമികൻ)
നിരാശത ... ... ... ... (നിരാശ - ആശയില്ലാത്തവൾ)
നൈരാശ്യം ... ... .... (നൈരാശ്യത)
നിർദാക്ഷിണ്യം ... ... (നിർദാക്ഷണ്യം)
നിഃസ്വാർത്ഥൻ, നിസ്സ്വാർത്ഥൻ ... (നിസ്വാർത്ഥൻ)
പരസ്സഹസ്രം ... ... (പരസഹസ്രം)
പരശ്ശതം - നൂറിലധികം ... (പരശതം)
പണിതു, പണിഞ്ഞു ... ... (പണുതു)
വളർച്ചനിരക്ക് ... ... (വളർച്ചാനിരക്ക്)
ദയാവാൻ ... ... ... .. (ദയവാൻ)
ദുർലഭം ... ... .......... (ദുർലഭ്യം)
ദുസ്സാധ, ദുസ്സാധം ... ... (ദുസ്സാദ്ധ്യം)
പാഴ്ച്ചെലവ് ... ... ...(ദുർച്ചെലവ്)
ധിറുതി - തിടുക്കം ... ... (ധൃതി = ധൈര്യം - സം.)
നാശനം ... ... ... .....(നശീകരണം)
നിത്യവും ... ...... ......(നിത്യേന)
നിർഭാഗ്യൻ, നിർഭാഗ്യ ... ... (നിർഭാഗ്യവാൻ, നിർഭാഗ്യവതി)
പുഞ്ചിരി പൊഴിക്കുക ... .....(പുഞ്ചിരിക്കുക)
പൈശൂന്യം ... ... ... ......(പൌശൂന്യം)
പ്രകൃത്യനുസരണം ... ... (പ്രകൃത്യാനുസരണം)
പ്രാരബ്ധം ... ................ (പ്രാരാബ്ദം, പ്രാരബ്ദം)
ബഹീരൂപം ... ... ........(ബഹിർ രൂപം)
അന്തശ്ഛിദ്രം ... ... .......(അന്തച്ചിദ്രം)
അഭ്യുദയം - അഭി + ഉദയം ... ... (അഭ്യൂദയം)
സന്ദിഗ്ദ്ധം ... ... ..(സന്നിഗ്ദ്ധം)
അസ്തമയം ... ... (അസ്തമനം)
ആത്മികം ... .... (ആത്മീകം)
ആത്മീയം ... ... (ആത്മിയം)
ആദ്യവസാനം ... ... (ആദ്യാവസാനം)
ആധുനികീകരിക്കുക ... (ആധുനീകരിക്കുക)
സാധാരണമായ ... ... (സാധാരണയായ)
ആയിക്കൂടേ ... ... (ആയിക്കൂടെ)
ഉത്കൺഠ... ... ...(ഉൽക്കൺഠ)
ഉത്പത്തി ... ...... (ഉല്പത്തി)
തത്ക്കാലം ... .... (തല്ക്കാലം)
ഉദ്ഭവം ... ... ..... (ഉത്ഭവം)
സ്വയം രക്ഷ ..... (സ്വയരക്ഷ)
സ്വയം പരിഷ്കാരം ... (സ്വയപരിഷ്കാരം)
ഇതിലേക്ക് ... ..... (ഇതിലേയ്ക്ക്)
പദ്മം ... ... .......(പത്മം)
ജാള്യം ... .......... (ജാള്യത)
ദുർഗ്രഹത .... ... (ദുർഗ്രാഹ്യത)
രൂപവത്ക്കരിക്കുക ... (രൂപീകരിക്കുക)
ഉജ്ജ്വല സ്വീകാരം ... (... സ്വീകരണം)
വിമ്മിട്ടം / വിമ്മിട്ടുക ... (വിമ്മിഷ്ടം)
മദ്യപൻ ... ...... (മദ്യപാനി)
മനഃപൂർവം ..... (മനപ്പൂർവം)
ഉത്പന്നം ... ... (ഉല്പന്നം)
പാലായിൽനിന്നു വരുന്ന ... (...നിന്നും വരുന്ന)
പാകിസ്താൻ ... (പാകിസ്ഥാൻ)
വേണ്ടാ - നിഷേധം ... ... (വേണ്ട)
വേണ്ടാതനം ........ (വേണ്ടാതീനം)
വേഗത്തിൽ ......... (വേഗതയിൽ)
കമ്യൂണിസ്റ്റുകൾ ....
 (കമ്യൂണിസ്റ്റുകാർ)
തിരഞ്ഞെടുപ്പ് ... ....(തെരഞ്ഞെടുപ്പ്)
നിശ്ശബ്ദത ... ... ......(നിശബ്ദത)
പാദസരം - പാദത്തിൽ സരിക്കുന്നത് ... (പാദസ്വരം)
ഐശ്വരസ്പർശം ... ... (ഐശ്വര്യസ്പർശം)


ദ്വന്ദ്വം ... ... (ദ്വന്ദം)

വേഗം ... ... (വേഗത)
ധിഷണാശാലി ... (ബുദ്ധിജീവി)
ഈ സന്ദർഭത്തിൽ ... (ഇത്തരുണത്തിൽ)
അഭിനന്ദനം ... ... (അഭിനന്ദനങ്ങൾ)
വനനാശനം ... ... (വനനശീകരണം)
രൂപവത്ക്കരിക്കുക ... (രൂപീകരിക്കുക)
ദൗർഭാഗ്യം ... ........ (നിർഭാഗ്യം)
രാഷ്ട്രിയം ... ........... (രാഷ്ട്രീയം)
സാഹസിക്യം ........ (സാഹസികം)
ക്രമപ്പെടുത്തുക ... (ക്രമീകരിക്കുക)
വരുക ... ............... (വരിക)
അണ്വായുധം ......... (അണുവായുധം)
സ്രഷ്ടാവ് ... ............ (സൃഷ്ടാവ്)
കൈയിൽ ... ..........(കൈയ്യിൽ, കയ്യിൽ)
അതേ ... ............... (അതെ)
ഖണ്ഡശഃ ... ...........(ഖണ്ടശ്ശ)
പഞ്ചായതീരാജ് ..... (പഞ്ചായത്തുരാജ്)
കോട്യാനുകോടി ... (കോടാനുകോടി)
അവധാനം = ശ്രദ്ധ ... (അവധാനത)
സാമാന്യകരണം ... (സാമാന്യവത്ക്കരണം)
സ്ഥായിഭാവം ... .....(സ്ഥായീഭാവം)
കാലയളവ്‌ ... ... .....(കാലഘട്ടം)
ബഹിഃപ്രകടനം .... (ബഹിർപ്രകടനം)
നിർബദ്ധൻ ...........
 (നിർബന്ധിതൻ)
പിതാപുത്ര ബന്ധങ്ങൾ ... (പിതൃപുത്ര..)
ഇവ, ഇതുകൾ ... .....( ഇവകൾ)
വിസ്മയകരം ... ... (അതിശയകരം, ഭയങ്കരം)
ഇളന്നീർ ... ......... (ഇളനീർ)
ഉച്ഛിഷ്ടം ... .......... (ഉച്ചിഷ്ടം)
ഒന്നേ ഉള്ളൂ ... ...... (ഒന്നേയുള്ളു )
എഴുന്നള്ളുക ... ..... (എഴുന്നെള്ളുക)
ഊർജ്ജസ്വലൻ ... ... (ഊർജ്ജ്വസ്വലൻ)
ഉന്മിഷിതവദനൻ ..... (ഉന്മേഷിത-, ഉന്മേഷവദനൻ)
അദ്ധ്യാത്മിക, അധ്യാത്മിക ... ... (ആദ്ധ്യാത്മിക)
സദാ = എല്ലാ സമയത്തും ... ... (സദാ സമയം)
ദൗർഭാഗ്യം ... ... (നിർഭാഗ്യം)
പ്രസംഗകർത്താവ്, പ്രഭാഷകൻ ... (പ്രാസംഗികൻ, പ്രസംഗകൻ)
കൊട്ടിഗ്ഘോഷിക്കുക ... (കൊട്ടിഘോഷിക്കുക)
അധികമാക്കിപ്പറയുക .... (അധികരിപ്പിച്ച് പറയുക)
ഒന്നാമത്തത്, ആദ്യത്തത് ..... (ഒന്നാമത്തേത്)
ഇതും ഉണ്ട്, ഇതു കൂടിയുണ്ട് ... (ഇതും കൂടിയുണ്ട്)
അദ്ഭുതം ... ... (അത്ഭുതം, അൽഭുതം, അല്ഭുതം)
ഉദ്ഘാടനം ... ... (ഉത്ഘാടനം)
ദേശവത്കരണം, ദേശസാത്കരണം ... (ദേശവൽക്കരണം)
അതത് ... ....... (അതാത്)
ആപച്ഛങ്ക ... ... (ആപത്ശങ്ക)
ആപത്കരം, ആപൽക്കരം ... (ആപല്ക്കരം)
ആവശ്യകമായ ... ... (ആവശ്യമായ)
അന്തശ്ഛിദ്രം ...... ... (അന്തച്ചിദ്രം)
അഭ്യുദയം - അഭി + ഉദയം ... ... (അഭ്യൂദയം)
സന്ദിഗ്ദ്ധം ... ..... (സന്നിഗ്ദ്ധം)
അസ്തമയം ... ... (അസ്തമനം)
ആത്മികം ... .... (ആത്മീകം)
ആത്മീയം ... .....(ആത്മിയം)
ആദ്യവസാനം ... ... (ആദ്യാവസാനം)
ആധുനികീകരിക്കുക ... (ആധുനീകരിക്കുക)
സാധാരണമായ ... ... (സാധാരണയായ)
ആയിക്കൂടേ ... ......... (ആയിക്കൂടെ)
ഉത്കൺഠ... ............ (ഉൽക്കൺഠ)
ഉത്പത്തി ... ........... (ഉല്പത്തി)
തത്ക്കാലം ... ......... (തല്ക്കാലം)
ഉദ്ഭവം ... ... .......... (ഉത്ഭവം)
സ്വയം രക്ഷ .......... (സ്വയരക്ഷ)
സ്വയം പരിഷ്കാരം ... (സ്വയപരിഷ്കാരം
ഇതിലേക്ക് ... ........ (ഇതിലേയ്ക്ക്)
പദ്മം ... ............... (പത്മം)
ജാള്യം ... ............... (ജാള്യത)
ദുർഗ്രഹത ......... ... (ദുർഗ്രാഹ്യത)
രൂപവത്ക്കരിക്കുക ... (രൂപീകരിക്കുക)
ഉജ്ജ്വല സ്വീകാരം ... (... സ്വീകരണം)
മദ്യപൻ ... ...... (മദ്യപാനി)
മന:പൂർവം ..... (മനപ്പൂർവം)
ഉത്പന്നം ... ... (ഉല്പന്നം)
പാലായിൽനിന്നു വരുന്ന ... (...നിന്നും വരുന്ന)
പാകിസ്താൻ ... (പാകിസ്ഥാൻ)
വേണ്ടാ - നിഷേധം ... ... (വേണ്ട)
വേണ്ടാതനം ....... (വേണ്ടാതീനം)
വേഗത്തിൽ ........ (വേഗതയിൽ)
കമ്യൂണിസ്റ്റുകൾ ... (കമ്യൂണിസ്റ്റുകാർ)
തിരഞ്ഞെടുപ്പ് ..... (തെരഞ്ഞെടുപ്പ്)
നിശ്ശബ്ദത ........... (നിശബ്ദത)
പാദസരം - പാദത്തിൽ സരിക്കുന്നത് ... (പാദസ്വരം)
പ്രകൃതിദേവി ...... (പ്രകൃതീദേവി)
പ്രകൃത്യാ ഉള്ള ..... (പ്രകൃത്യാലുള്ള)
ജന്മനാൽ ഉള്ള ... (ജന്മനാലുള്ള)
പ്രകൃത്യനുസരണം ... ... (പ്രകൃത്യാനുസരണം)
ചരിയുക, ചരിഞ്ഞ ... ...(ചെരിഞ്ഞ)
ചളി ... ... ... (ചെളി)
ഉണ്ടു - ഉണ്ണുക = ചോറുണ്ണുക ... ... (ചോറുണ്ടു)
സാമാന്യ ജനം ... (ജനസാമാന്യം)
ജാഡ്യം ... ... (ജാഡ്യത)
ജാത്യന്ധൻ ... ... (ജാത്യാന്ധൻ)
ജാത്യഭിമാനം ... ... (ജാത്യാഭിമാനം)
ജാഗ്രദവസ്ഥ ... ... (ജാഗ്രദാവസ്ഥ)
താഡനം ... ...... (താഢനം)
താനേ ... .......... (താനെ)
തത്ക്കാലം ... ... (തല്ക്കാലം)
തരുക ... .......... (തരിക)
തട >തടയുക >തടത്തം ... (തടസ്ഥം)
ചിലെടം ... ...... (ചിലേടം, ചിലടം, ചിലയിടം)
ചെറ - ചെറുക്കുന്നത് ... (ചിറ)
ചെമപ്പ് ... ...... (ചുവപ്പ്, ചുമപ്പ്)
ചെമന്ന ... ......(ചുവന്ന, ചുമന്ന)
ചെയ്യേണ്ടാ .... (ചെയ്യേണ്ടതില്ല)
ജീവിതപഥം ... ... (ജീവിതപന്ഥാവ്)
ത്ധടിതി ... ...... (ത്ധടുതി)
ത്സണത്കാരം,
ത്സണൽക്കാരം = കിലുകിലാരവം ... (ത്സണല്ക്കാരം)
തന്നത്താൻ ... ... (തന്നെത്താൻ)
ത്വരപ്പെടുത്തുക ... (ത്വരിതപ്പെടുത്തുക)
ത്രാണം ... ... (ത്രാണനം)
തുടക്കം ... ... (തുടസ്സം)
തീയതി ... ... (തീയ്യതി, തിയ്യതി)
താത്പര്യം, താൽപര്യം ... (താല്പര്യം)
താലവൃന്തം ... ...(താലവൃന്ദം = പനക്കൂട്ടം)
പ്രതിനിധാനം ചെയ്ത് ... .... (പ്രതിനിധീകരിച്ച്)
സ്വീകാര്യം, സ്വീകാരയോഗ്യം ... (സ്വീകാര്യയോഗ്യം)
ഏവരെയും ...... (ഏവരേയും)
ശിപാർശ ... ..... (ശുപാർശ)
സർവദാ = എല്ലായ്പ്പോഴും
സർവഥാ = എല്ലാ വിധത്തിലും
യൗവനം ... ... (യൗവ്വനം, യവ്വനം)
വയ്യാ ... ......... (വയ്യ)
വായ്പസൗകര്യം ... ... (വായ്പാസൗകര്യം)
വാതിൽ - ഇൽ =ഗൃഹം - ഗൃഹത്തിന്റെ വായ്‌ ... (വാതൽ)
വെടുപ്പ് = സ്വച്ഛത ... ...
വെടിപ്പ് = വെൾ =വെളുപ്പ് - വെൺ നിറം)
വ്യവസായവൽക്കരണം ... ... (വ്യവസായീകരണം)
ശക്ത്യനുസരണം ... (ശക്ത്യാനുസരണം)
ദൂരം ... ............ (ദൂരത)
ദുർഗ്രഹത ... ... (ദുർഗ്രാഹ്യത)
പതിവ്രത = of one husband)
(പതിവൃത = പതികളാൽ ചുറ്റപ്പെട്ടവൾ)
അതേ ... .... (അതെ)
പക്ഷേ ... ... (പക്ഷെ)
മഥുര = കൃഷ്ണ ജന്മസ്ഥലം ...
മധുര - തമിഴ്നാട്ടിലെ പട്ടണം
മനസാ ... ... (മനസ്സാ)
മര്യാദക്കേട്‌ ... (മര്യാദകേട്)
വരിസ്സംഖ്യ ... (വരിസംഖ്യ)
വത്സല പിതാവ് ... (വാത്സല്യ പിതാവ്)
വത്സല - adj., വാത്സല്യം noun
വലുപ്പം ... ... (വലിപ്പം)
വസന്തർത്തു = വസന്തമായ ഋതു ... (വസന്തഋതു)
വളർച്ചനിരക്ക് ... (വളർച്ചാനിരക്ക്)



യദൃച്ഛയാ... .... (യാദൃച്ഛയാ)
യാദൃച്ഛികം .............. (യാദൃശ്ചികം)

സംഗൃഹീത ............. (സംഗ്രഹീത)
സ്വൈരം ................(സ്വൈര്യം, സ്വൈരത)
 
ശക്തീകരണം ......... (ശാക്തീകരണം)
ഏറ്റവും .................. (ഏറ്റം)
ഉച്ചാടനം ............... (ഉച്ഛാടനം)
പീഡനം .................(പീഢനം)
ചെലവ് ................. (ചിലവ്)
കുടിശ്ശിക ................ (കുടിശിഖ)
ആദരാഞ്ജലി ..........(ആദരാജ്ഞലി)
ഗൗരവാവസ്ഥ ........(ഗുരുതരാവസ്ഥ)
വിസ്മയം/വിസ്മയിപ്പിക്കുക .... (അതിശയം/അതിശയിപ്പിക്കുക)
ആസ്വാദ്യം ..............(ആസ്വാദ്യകരം)
മടയൻ/പോഴൻ ......(മഠയൻ/ഭോഷൻ)
ആധ്യക്ഷ്യം/അധ്യക്ഷത വഹിക്കുക ....(അധ്യക്ഷം വഹിക്കുക)
മാധ്യസ്ഥ്യം യാചിക്കുക ......(മാധ്യസ്ഥം, മധ്യസ്ഥം യാചിക്കുക)
അനുഗമിക്കുക ......(അനുധാവനം ചെയ്യുക = പിന്നാലെ ഓടുക)
 
അസ്തമയം ................(അസ്തമനം)
രക്ഷാകർത്താവ് ........(രക്ഷകർത്താവ്)
സംപ്രേഷണം .......... (സംപ്രേക്ഷണം)
പ്രേക്ഷകൻ = കാണി .......പ്രേഷകൻ = അയക്കുന്നയാൽ
അധികരിച്ച് = അടിസ്ഥാനപ്പെടുത്തി, വിഷയമാക്കി ......കൂടുക, കൂടിയ എന്നർഥം ഈ വാക്കിനില്ല.
മേലധികാരി .............. (മേധാവി = മേധയുള്ളവൻ)
ഡിക്ഷനറി ................ (ഡിക്ഷ്ണറി)
പോഴത്തം ............ .....(ഭോഷത്തം)
മാനസികം ........... .... (മാനസീകം)
ദൈവികം ........... ......(ദൈവീകം)
നിഷ്ഠുരം .............. .... ..(നിഷ്ഠൂരം)
ലാഘവം ........... .......(ലാഘവത്വം)
മരിക്കുക ........... ........(മരണമടയുക)
ദൈന്യം, ദീനത ..... ....(ദൈന്യത)
ആ കുട്ടി, ഈ പുസ്തകം ...(അക്കുട്ടി, ഇപ്പുസ്തകം)
ഹൃദ്യമായ ......... ........(ഊഷ്മളമായ)
ലാഞ്ചനം = അടയാളം.....(ലാഞ്ചന)
മേലോട്ട് ..................(മേല്പോട്ട്)
മുഖതഃ = മുഖതാവിൽ .....(മുഖദാവിൽ)
മഞ്ജരി ....................(മജ്ഞരി)
കല്മഷം = പാപം .....(കന്മഷം)
കൈയക്ഷരം ..........(കയ്യക്ഷരം)
കൈയേറ്റം ..............(കയ്യേറ്റം)
കൈയൊപ്പ്‌ .............(കയ്യൊപ്പ്)
ബുദ്ധികൂർമ്മ = വിശേഷ ബുദ്ധി ...(കൂർമ്മബുദ്ധി, ബുദ്ധികൂർമ്മത)
കൂടപ്പിറപ്പ് ............ ..(കൂടെപ്പിറപ്പ്‌)
ചമത്കാരം, ചമൽകാരം ....(ചമല്കാരം)
ഗദ്ഗതം ..................(ഗൽഗതം)
ഒന്നുപോലെ ............(ഒരുപോലെ)
ഒഴികഴിവ് ................(ഒഴിവുകഴിവ്, ഒഴുകഴിവ്)
ഓരോന്ന്, ഒന്നുവീതം .....(ഓരോന്നുവീതം)
ഓരോ പ്രതി, ഒരു പ്രതി വീതം ...(ഓരോ പ്രതി വീതം)
കൃഷ്യായുധം .............(കൃഷി ആയുധം)
ക്രിസ്തു + അബ്ദം ക്രിസ്ത്വബ്ദം ..... (ക്രിസ്ത്വാബ്ദം, ക്രിസ്താബ്ദം)
കുടിലത, കൌടില്യം ....(കൌടില്യത)
ഗൗരവമുള്ള, ................(ഗൗരവമായ)
ഗുരുതരമായ ................(ഗൗരവതരമായ)
ഗുരവേ നമഃ .................(ഗുരുവേ നമഃ)
ക്ഷണം, ക്ഷണക്കത്ത് ...(ക്ഷണനക്കത്ത് - ക്ഷണനം = വധം)
വെടിയേറ്റ്‌ മരിച്ചു .........(...കൊല്ലപ്പെട്ടു)
ശവം, ശരീരം ..............(ശവശരീരം, ഭൗതികശരീരം)
ഉറപ്പിച്ചു പറയുക .........(തറപ്പിച്ചു പറയുക)
അർഹതയുള്ളത് ..........(അർഹതപ്പെട്ടത്)
ലളിതമാക്കുക ..............(ലളിതവൽക്കരിക്കുക)
രോഗി, കവി, വിദ്യാർഥി ....ഇരുലിംഗത്തിനും ചേരും.
(രോഗിണി, കവയിത്രി, വിദ്യാർഥിനി ആവശ്യമില്ല.)
വായനശീലം, വായ്പനയം, ചുമതലബോധം - (നീട്ട് വേണ്ടാ)



വാരാണസി .......(വരണാസി)
വർധന .............(വർധനവ്‌)
അവമതി ...........(അവമതിപ്പ്‌)
പ്രതികാരം ചെയ്യുക ....(പ്രതികാരം വീട്ടുക)

വെറുതേ, തനിയേ, ഉടനേ ....(വെറുതെ, തനിയെ, ഉടനെ)
മാന്യരേ .....എല്ലാ സംബോധശബ്ദത്തിനും
 നീട്ട് വേണം.
പൊടുന്നനെ .............(പൊടുന്നനവേ)
ഇരിക്കെ, പോകെ ....(ഇരിക്കവേ, പോകവേ)
എന്നെയും, നിന്നെയും, രാമനെയും ...(എന്നേയും, നിന്നേയും ...)
അല്ലെങ്കിൽ ..............(അല്ലങ്കിൽ)
ഉപര്യുക്ത - മേല്പറഞ്ഞ ........(ഉപര്യോക്ത)
ന്യായമല്ല ..........(ന്യായീകരിക്കപ്പെടില്ല)
അവർക്ക് കുട്ടി നഷ്ടപ്പെട്ടു .....(കുട്ടിയെ ...)
എനിക്ക് സ്നേഹിതൻ നഷ്ടപ്പെട്ടു ....(...സ്നേഹിതനെ ...)
ആസ്വാദ്യം ..............(ആസ്വാദ്യകരം)
മതചടങ്ങുകൾ .........(മതപരമായ...)
ത്വരിതമായ, വേഗത്തിലുള്ള .....(ധൃതഗതിയിലുള്ള)
രാത്രി, രാത്രിയിൽ - at night ....(രാത്രികാലങ്ങളിൽ)
അവിൽ ...................(അവൽ)
ശ്രദ്ധിക്കുക ..............(ശ്രദ്ധ പതിക്കുക)
പുതുരേഖ ചമയ്ക്കുക ....(റെക്കോർഡ് തകർക്കുക)
പ്രവേശനം തരപ്പെട്ടു ....(അഡ്മിഷൻ കിട്ടി)
ആശുപത്രിയിൽ പ്രവേശിപ്പിച്ചു ....(...അഡ്മിറ്റായി, അഡ്മിറ്റ്‌ ചെയ്തു)
കക്ഷിചേരലുകൾ, ചേരിതിരിവുകൾ .... ധൃവീകരണം)
ഗൃഹമന്ത്രി ......(ആഭ്യന്തര മന്ത്രി)
മാറിടം .......(മാർവിടം)
കനം ........ (ഘനം)
ആകർഷകം ... (ആകർഷണീയം: ആകർഷിക്കപ്പെടേണ്ടത്)
സ്ഥായിഭാവം ........(സ്ഥായീഭാവം)
അപരാഹ്ണം ..............(അപരാഹ്നം)
വൈയവസായികം .......(വ്യാവസായികം)
നീതിമത്കരണം ...........(നീതീകരണം)
 
ന്യായവത്കരണം .........(ന്യായീകരണം)

പുനസ്സാഗമനം ..............(പുനരാഗമനം)
ദിനപത്രം .....................(ദിനപ്പത്രം)
വിസ്മയപ്രദം .................(അതിശയകരം)
യാഥാർഥീവത്കരണം .....(യഥാർഥവത്കരണം)
പ്രത്യക്ഷീവത്കരണം ....(പ്രത്യക്ഷവത്കരണം)
സമൂഹപരിഷ്കർത്താവ് ...(സാമൂഹ്യപരിഷ്കർത്താവ്)
സവിശേഷത ...... .......(പ്രത്യേകത)
പ്രത്യേകം = each പ്രതി + ഏകം
സാമാന്യകരണം generalization ....(സാമാന്യവത്കരണം)
പ്രസിദ്ധീകരണം = പ്രകാശിപ്പിക്കൽ (published book, mag. എന്നർഥമില്ല!
പ്രസാധനം = പ്രകാശിത കൃതി, മാസിക
                 പ്രസാധനം ചെയ്യുക എന്നത് തെറ്റാണ്!
തയിർ ................(തയിര്)
നായർ + ഇതര = നായരിതര ...(നായരേതര)
യോഗം ..............(യോഗ - ഹിന്ദി, സംസ്കൃതം)
കവിതിലകം ......(കവിതിലകൻ)
തിലകം = പൊട്ട്, കുറി
പ്രകൃതിപ്രതിഭാസങ്ങൾ ... (പ്രകൃതീപ്രതിഭാസങ്ങൾ)
വാഗ്മിത .............(വാഗ്മിതത്വം)
വിസ്മയം, ആശ്ചര്യം തോന്നി .....(അതിശയം തോന്നി)
                                         അതിശയിക്കുക = വെല്ലുക
പാരിച്ച - വലിയ .....(ഭാരിച്ച)
അത് കാര്യമാക്കേണ്ട .....(അത് പ്രശ്നമല്ല - പ്രശ്നം = ചോദ്യം)
വരവേറ്റു ..........(വരവേല്പ് നല്കി)
ആശുപത്രിയിൽ വച്ച് മരിച്ചു ...(ആശുപത്രിയിൽ മരിച്ചു)
കോട്ടയത്ത്‌ വച്ച് പറഞ്ഞു...... ...(കോട്ടയത്ത്‌ പറഞ്ഞു)
വ്യവസായ വിപ്ലവം ...(വ്യാവസായിക വിപ്ലവം)
യോജിച്ച, ചേർന്ന ...(അനുയോജ്യം = ചോദ്യം ചെയ്യപ്പെടേണ്ടത്)
ദ്രുതഗതിയിൽ ..........(ധൃതഗതിയിൽ = തടയപ്പെട്ട ഗതി)
പുതിയ, നവീനം - modern ...(ആധുനികം = ഇപ്പോഴത്തെ
  അധുനാ = ഇപ്പോൾ) 

     അത്യാധുനികം, അത്യന്താധുനികം - meaningless! (use       instead നവീനതരം, നവീനതമം)
നടപ്പാക്കുക ............(പ്രാവർത്തികമാക്കുക)
ലളിതമാക്കുക .........(ലളിതവത്കരിക്കുക)
അധിപൻ, അധിപ .....(മേധാവി = മേധയുള്ള)


ഏതാനും ശരിയും തെറ്റും കൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ സൗജന്യ സേവനം തത്ക്കാലം നിറുത്തിവയ്ക്കുന്നു.

ദുസ്സാധം ...............(ദുസ്സാദ്ധ്യം)
തത്ത്വം ................(തത്വം)
മുഖരിതം = ശബ്ടിക്കപ്പെട്ടത്‌).......(ശബ്ദമുഖരിതം)
ശബളമായ ........(വര്ണശബളമായ)
ഉത്തരപ്രദേശം .....(ഉത്തർ പ്രദേശ്‌)
പിള്ളർ .............(പിള്ളേർ)
സുസൂക്ഷ്മം ........(സസൂക്ഷ്മം)
സുധീരം ...........(സധീരം)
അലസത ........(ഉദാസീനത = നിഷ്പക്ഷത)
വാക്യം ............(വാചകം - തന്നിൽത്തന്നെ അർഥമുല്ലത്)
പ്രാമാണികം - authoritative ......(ആധികാരികം)
ക്രമവത്ക്കരണം .........(ക്രമീകരണം)
വ്യവസായ വിപ്ലവം ..........(വ്യവസായിക വിപ്ലവം)
കാപട്യം .......(കാപഢൃം)
ചെറുവണ്ണൂർ .....(ഷൊർണൂർ)
ദേവനാഗിരി ......(ദേവനഗിരി)
യോജിച്ച = ചേർന്ന ....(അനുയോജ്യം = ചോദ്യം ചെയ്യപ്പെടേണ്ടത്)
നിന്ദ്യം, നിന്ദനീയം ...(അപലപനീയം =
നിഷേധിക്കപ്പെടേണ്ടത്)
കേരളം ... ....(കേരള)

2016, ജനുവരി 26, ചൊവ്വാഴ്ച

കേരളമാതൃക നിലനിര്‍ത്താന്‍ വായനാസംസ്‌കാരം വീണ്ടെടുക്കുക - സി. രാധാകൃഷ്ണന്‍

ഇന്നലെ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ പൊന്‍കുന്നത്തിനടുത്തുള്ള പനമറ്റം ദേശീയ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമായിരുന്നു. പ്രശസ്ത ഗ്രന്ഥകാരന്‍ ശ്രീ. സി. രാധാകൃഷ്ണനാണ് അതു നിര്‍വഹിച്ചത്. സാംസ്‌കാരികമായി കേരളത്തിനുള്ള പോസിറ്റീവും നെഗറ്റീവുമായ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട്, ഇന്ന് നാം നേരിടുന്ന സാംസ്‌കാരിക പ്രതിസന്ധിയെന്തെന്നും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും വ്യക്തമാക്കിയ ആ പ്രസംഗം എല്ലാ കേരളീയരും അതേപടി കേള്‍ക്കേണ്ടതായിരുന്നു. പനമറ്റമെന്നു കേട്ടിട്ടു പോലും ഇല്ലാത്ത അദ്ദേഹം  വളരെ ദൂരെ നിന്ന് ഇവിടെ എത്തി നടത്തിയ പ്രസംഗത്തിന്റെ സാരമെങ്കിലും രേഖപ്പെടുത്തി വയ്ക്കാതിരുന്നാല്‍ അത് വലിയ അനീതിയായിരിക്കുമെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്:
കേരളമോഡല്‍ എന്നു പ്രകീര്‍ത്തിക്കപ്പെടുന്ന ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സമുദായസൗഹാര്‍ദ്ദം, സ്ത്രീശാക്തീകരണം മുതലായ മേഖലകളില്‍ നാം നേടിയിട്ടുള്ള നേട്ടങ്ങളുടെയെല്ലാം പിന്നില്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും ഗ്രന്ഥശാലകളും പുസ്തകങ്ങളും വഹിച്ച പങ്ക് എന്തെന്നായിരുന്നു അദ്ദേഹം ആദ്യം വിശദീകരിച്ചത്. ലോകത്തൊരിടത്തും, ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തും, ഉണ്ടായിട്ടില്ലാത്ത ഈ നേട്ടം ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയുടെ വരവോടെ എത്രമാത്രം പിന്നാക്കം പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് അതിനുശേഷം അദ്ദേഹം വിശദീകരിച്ചു. നമുക്കിടയില്‍ ജാതി-മത വികാരങ്ങളെ ഊട്ടിവളര്‍ത്തുന്ന സ്ഥാപിതതാത്പര്യങ്ങള്‍ തിരിച്ചറിയാന്‍ നമുക്കുണ്ടായിരുന്ന വായനാസംസ്‌കാരവും മത-സമുദായ ഭേദങ്ങള്‍ക്കതീതമായ ഹൃദയബന്ധങ്ങളും നാം തന്നെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഊന്നിപ്പറഞ്ഞത്. എന്‍ട്രന്‍സ് പരീക്ഷകള്‍ പാസ്സാകാന്‍ ഗുളികരൂപത്തിലുള്ള അറിവു ശേഖരിക്കുന്നവിധത്തില്‍ ഇന്നു നാം നമ്മുടെ കുട്ടികള്‍ക്കു നല്കുന്ന വിദ്യാഭ്യാസം എത്രമാത്രം ശോചനീയമാണെന്നും വിവേകം വളര്‍ത്തുന്ന വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഗ്രന്ഥപാരായണം എത്രമാത്രംഅനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാലത്ത് വളരെ ശക്തമായിരുന്ന ഗ്രന്ഥപാരായണ സംസ്‌കാരം വീണ്ടെടുക്കാന്‍ കേരളത്തില്‍ ഉള്ള ഗ്രന്ഥശാലകള്‍ സജീവമാക്കേണ്ടിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം പനമറ്റം വായനശാല പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ കേരളത്തില്‍ ഇപ്പോള്‍ അധികമില്ലെന്നും ചൂണ്ടിക്കാട്ടി. 

NB


മിക്കവാറും ഇങ്ങനെയുള്ള പരിപാടികള്‍ക്കു പോകുമ്പോള്‍ മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡറില്‍ പ്രസംഗങ്ങള്‍ പകര്‍ത്തിക്കൊണ്ടുപോരുന്ന രീതിയുണ്ടായിരുന്നു. എന്റെ ഫോണില്‍ ഇപ്പോള്‍ ആ സംവിധാനമില്ലാത്തതിനാല്‍ അതിനു കഴിഞ്ഞില്ല. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ സംഘാടകര്‍ മനസ്സുവച്ചാല്‍, ഒരു മൊബൈല്‍ഫോണില്‍ പ്രസംഗങ്ങള്‍ റിക്കാര്‍ഡുചെയ്താല്‍, അത് ഇ- മെയില്‍ അറ്റാച്ച്‌മെന്റ് ആയി ഇന്റര്‍നെറ്റിലെ ഫോര്‍വേര്‍ഡിങ് സംവിധാനത്തിലൂടെ ലോകമെങ്ങും എത്തിക്കാനാവും. എഡിറ്റുചെയ്ത് പോഡ് കാസ്റ്റുചെയ്യുകയും ട്രാന്‍സ്‌ക്രൈബ് ചെയ്ത് ഇ- ബുക്കാക്കി പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നത് കൂടുതല്‍ നന്നായിരിക്കും.  അതിനായി CCC (Centre for Creative Communication) e-books എന്നൊരു പ്രസ്ഥാനം സമാരംഭിക്കാന്‍ കരുതുന്നുണ്ട്. 
പരിപാടികളുടെ ഫോട്ടോകള്‍

പ്രചരിപ്പിക്കുന്നതിലും പ്രധാനം 

ഇത്തരത്തിലുള്ള ആശയപ്രചാരണമാണ്. 
സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.

2016, ജനുവരി 24, ഞായറാഴ്‌ച

സ്മൃതിസുഗന്ധം

ചാക്കോ സി. പൊരിയത്ത്

'മീഡിയാ ഹൗസ് 'കോഴിക്കോട് പ്രസിദ്ധീകരിച്ച 
'പച്ചില പഴുതില' എന്ന കവിതാസമാഹാരത്തിലെ 
ആദ്യ കവിതയാണിത്.

കാപ്പിപ്പൂവിന്‍ പരിമളമേന്തിയ
കാറ്റേ, കുഞ്ഞിക്കാറ്റേ, നിന്നുടെ
കാണാച്ചിറകടി കേട്ടെന്‍ കരളി ല്‍ 
പുതുപുളകം വിരിയുന്നു, നിന്നെ-
പ്പുണരാനെന്റെ മനം പിടയുന്നു...

എങ്ങോനിന്നിവിടത്തിലണഞ്ഞി,നി
എങ്ങോട്ടെന്നു പകച്ചുഴലും ഞാന്‍
എങ്ങോ വച്ചുമറന്നേനൊരു മു-
ജ്ജന്മത്തിന്റെ വിനീതസ്മൃതിയാ-
മെന്നെ;ത്തേടിയെടുത്തതു നീയേ...

ആ മധുരോദാരാര്‍ദ്രസ്പര്‍ശന-
മാത്മാവില്‍ക്കുളിര്‍മാരി പൊഴിക്കെ
നീരവമുണരുന്ന,നുഭൂതികള്‍ത ന്‍
ആയിരമങ്കുര,മവിടെയൊരുര്‍വര
നടനവിലാസമരങ്ങേറുന്നൂ...

(എങ്കിലു,മിനിയുമുണങ്ങാതുള്ളൊരു
മുറിവില്‍, മാമകമൂകസ്മൃതികളി-
ലെങ്ങോപൊട്ടിയകന്നു വിതുമ്പും
തന്ത്രികളില്‍, പരിമൃദുലകരാംഗുലി
ചെന്നുതൊടുന്നതു നിന്റേതല്ലോ...!)

പാരുവിരിച്ചൊരു ശയ്യയിലെന്നെ
വാനം താണുപുതപ്പിക്കുമ്പോള്‍
ആരും കാണാതെന്നുടെ ചിമിഴി-
ന്നായിരമറകള്‍ നിറച്ചീടട്ടേ
ആ മൃദുപദവിന്യാസധ്വനിയാല്‍...

2016, ജനുവരി 20, ബുധനാഴ്‌ച

കണി

ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ കവിതകള്‍ എന്ന പുസ്തകത്തിലെ ആദ്യകവിത 

സമയമിതുതാനെന്നറിയിച്ചു ഭംഗിയില്‍
ശയനം കഴിഞ്ഞെഴുന്നേറ്റു വെളുപ്പിനേ
വെളിവോടെ രചിക്കുക നല്‍വരമോതി നീ!
കലിതകുതുകം ഞാനെടുത്തിതു തൂലിക!!

മലകള്‍തന്‍ ഭംഗി കാണിച്ചുകൊണ്ടെന്നെ നീ
അലമലമിതേറെയായ് നേരമെന്നോതവെ
മരതകമണിഞ്ഞെഴും ശോഭയില്‍ മാമല-
ച്ചെരിവിലൂടെത്തിക്കളഗാനമോതിടും

പുഴയും മുകളിലെത്തൂമാരിവില്ലുമെന്‍
മനമതിന്‍ തൈമാവിലെത്തിടും പക്ഷിയും
അകളങ്കമാര്‍ന്ന കുതൂഹലത്തോടെ ഞാന്‍
വിഷുവിന്നുതന്നെയെന്നോര്‍ത്തു സംതൃപ്തിയില്‍!

പുഴയുടെ സമീപമുള്ളോരെന്റെ പള്ളിയില്‍
പലതവണ പ്രാര്‍ഥിപ്പതിന്നു പോകുമ്പൊഴും
ഭഗവദ്വചനങ്ങള്‍ പങ്കുവയ്ക്കുമ്പൊഴും
സഫലമീ സംതൃപ്തി ലഭ്യമല്ലെങ്കിലും

ഒരുനിമിഷമിക്കാഴ്ച കണ്ടുണര്‍ന്നീടവെ
പെരിയ സംതൃപ്തിയില്‍ തൂലികയ്‌ക്കൊക്കെയും
ഒരു കണിയുമില്ലാതടഞ്ഞൊരെന്‍ മാനസ-
ക്കുരുവികള്‍ പറക്കുന്നിതദ്രിതന്‍ മീതെയായ്!

മഹിതമൊരു കാവ്യം രചിച്ച മഹാകവി-
പ്രതിഭയുടെ പ്രതിമയെന്‍ നാട്ടിലുയരവെ
ശ്രുതിചരഗണം ശുദ്ധമാകാശവീഥിയില്‍
പ്രതിനിമിഷമീക്ഷിച്ചു പാടുന്നു പൈങ്കിളി

കനകരഥമേറട്ടെ കാവ്യപ്രതിഭകള്‍
കവിതകളൊഴുക്കട്ടെ, കാവ്യം നിറയ്ക്കട്ടെ,
കളരവമൊഴുക്കട്ടെ കാനനച്ചോലകള്‍
കരവിരുതു കാട്ടട്ടെ കൃഷകരവരൊക്കെയും.

അസുലഭമതാം ഗന്ധമാളും ലവംഗവും
കഠിനതരമീട്ടിയും തേക്കും വനങ്ങളും
മൃദുപവനനൂയലാടും മണിപ്പാടവും
പുഴകള്‍ പ്രവഹിക്കുന്ന പാഴ്മണല്‍ത്തിട്ടയും

അലകടലു തഴുകുമെന്‍ കേരളം കണ്‍മിഴി-
ച്ചിവിടെയൊരു കാഴ്ച കാണാന്‍ കണിയായിതേ!
ശുഭശകുനമാണിന്നെനിക്കു ഞാന്‍ കൈവച്ച
ലിപികളുയിര്‍കൊള്ളുന്നു നൂതനഭംഗിയില്‍.