ജൂണ്‍ 2-ന് ഏറ്റുമാനൂര്‍ കാവ്യവേദിയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ സമ്മാനിച്ച അമ്പതുവയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള മിത്രപുരസ്‌കാരം ലഭിച്ചത് ആശ ജി കിടങ്ങൂര്‍ എഴുതിയ ഇവള്‍ എന്ന കവിതയ്ക്കാണ്. അത് താഴെ കൊടുക്കുന്നു.
ഇവള്‍
ആശ ജി കിടങ്ങൂര്‍
പൊട്ടിത്തകര്‍ന്ന സ്ഫടികപാത്രത്തിന്റെമട്ടും മനസ്സുമാണിന്നിവള്‍ക്ക്
ഞെട്ടറ്റടര്‍ന്നു ധരണീതലത്തിലായ്
വാടിക്കരിഞ്ഞു കൊഴിഞ്ഞൊരു പൂവിവള്‍...
കാട്ടാളനീതിതന്നമ്പേറ്റു കേഴുന്ന
കാട്ടിന്നകം പൂണ്ട പേടമാനാണിവള്‍...
നീര്‍വറ്റിയമ്പേ വരണ്ട തന്‍ കണ്‍കളില്‍
ഏതോ വിഷാദത്തെക്കാത്തുസൂക്ഷിക്കുവോള്‍...
മുറ്റിത്തഴയ്ക്കും വിശപ്പകറ്റീടുവാന്‍
മുറ്റങ്ങള്‍തോറും കയറിയിറങ്ങുവോള്‍...
ആരാന്റെ കുപ്പത്തൊടികള്‍ കനിഞ്ഞിടും
പാഴ്‌വസ്തുവേന്തിക്കിതച്ചു നടക്കുവോള്‍...
ചെയ്യാത്ത കുറ്റം ശിരസാ വഹിക്കുവാന്‍
ചൊല്ലും ജനങ്ങളെ നോക്കി വിതുമ്പുവോള്‍...
ഒപ്പം ചരിക്കുന്ന തന്‍ നിഴല്‍പോലുമി-
ന്നുഗ്രവിപത്തെന്നു തോന്നി ഭയക്കുവോള്‍...
വന്‍തിരപോലെ കുതിച്ചു പാഞ്ഞെത്തുന്ന
നൊമ്പരം നെഞ്ചിലൊളിപ്പിച്ചു പാടുവോള്‍...
ആരിവള്‍?
ആരിവളെന്നു ഞാന്‍ തേടവേയുള്ളില്‍നി-
ന്നാരോ മൊഴിയുന്നു നീതന്നെയാണിവള്‍!
https://www.facebook.com/groups/144983732246185/permalink/468710146540207/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ