2013, മേയ് 14, ചൊവ്വാഴ്ച

ചെല്ലമ്മ അതിരമ്പുഴയുടെ രണ്ടു കവിതകള്‍


ആര്? 


ഈ മനസ്സിന്റെ നൈര്‍മല്യം കെടുത്തുവാന്‍
ഇന്നിവിടെത്തിയതാര്?
തോല്‍ക്കാത്ത വീഥികള്‍ തോറും ഞെരിഞ്ഞിലിന്‍
മുള്ളു വിതറിയതാര്?

സ്‌നേഹനീര്‍ക്കുമ്പിള്‍ ജലത്തിലും പാഷാണ-
ഭസ്മം കലക്കിയതാര്?
ദാഹിച്ചുനില്ക്കും പഥികന്‍ പൊരിച്ചിലില്‍
വീണു പിടയുന്നു, കണ്ടോ?

നന്മതന്‍ ഗോപുരവാതില്ക്കല്‍ത്തന്നെയാം
തിന്മയാം വേതാളം നില്‍ല്പ്പൂ
ദംഷ്ട്രകള്‍ കാട്ടി ഭയപ്പെടുത്തും വിധം
 
മാര്‍ഗമടഞ്ഞു നില്ക്കുന്നു


മാനസപുഷ്പം
മഞ്ഞിന്‍കണികപോല്‍ മിന്നിത്തിളങ്ങുന്ന
മാനസപുഷ്പത്തിലല്ലോ
കണ്ണുനീരുപ്പു നുണഞ്ഞവള്‍, കണ്ണകി
 
പൂമ്പാറ്റയായണയുന്നു

നിര്‍മ്മലചിന്താമധു നുകര്‍ന്നീടവെ
കണ്ണകി സൗമ്യയായ് മാറും
കാതരഭാവം മനസ്സിന്റെ ചെപ്പിലെ
 
നീര്‍മണി മുത്താക്കി മാറ്റും

എന്നും പ്രതീക്ഷതന്‍ മുറ്റത്തു നില്ക്കുന്ന
 
മാനസപുഷ്പമാണല്ലോ
നിത്യം കവിതയായ് പൂക്കുന്നതിങ്ങുവ-
ന്നാസ്വദിച്ചീടുവിന്‍ നിങ്ങള്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ