2013, ഡിസംബർ 9, തിങ്കളാഴ്‌ച

'കോഴിമുട്ടപ്പാറ'യിലെ നസ്രാണിവിഷാദയോഗം

(പുസ്തകാസ്വാദനം - ജോസാന്റണി)
കവി
വര്‍ഗീസാന്റണി (phone : 9526335648)
ഡിസി ബുക്‌സ് കോട്ടയം
'
നസ്രാണിവിഷാദയോഗം' എന്ന ശ്രീ വര്‍ഗീസാന്റണിയുടെ കവിതാസമാഹാരത്തിന്റെ 'കോഴിമുട്ടപ്പാറയിലെ വെളിപ്പെടല്‍' എന്ന ആമുഖത്തില്‍ ശ്രീ വര്‍ഗീസാന്റണി വ്യക്തമാക്കിയിട്ടുള്ള കാവ്യസത്യം ഇതാണ്: ''പ്രകൃതിയിലെ അന്തമറ്റ രൂപങ്ങളാണ് അന്തമറ്റ കാവ്യരൂപങ്ങളായി മാറുന്നത്. സ്ഥൂലപ്രകൃതിയില്‍ നിന്ന് സൂക്ഷ്മപ്രകൃതിയിലേക്കുള്ള സഞ്ചാരമാണ് കവിത......
കോഴിമുട്ടപ്പാറ തൃശൂരിലെ വെള്ളിക്കുളങ്ങരയിലുള്ള ലോകാക്ഭുതമാണ്.
......അസാധ്യമായ പലതും മനുഷ്യന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ ഒരു കോഴിമുട്ട ഓരംകുത്തി നിറുത്താന്‍ മനുഷ്യനു സാധിച്ചിട്ടില്ല കോഴിമുട്ടയുടെ വെല്ലുവിളി പ്രകൃതി ഏറ്റെടുത്തു പ്രകൃതിയുടെ കരവിരുതിന്റെ, കരള്‍വിരുതിന്റെ, പ്രകടനമാണ് കോഴിമുട്ടപ്പാറ.
......കോഴിമുട്ട ഫലിതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ ഫലിതമാണ്. മുട്ടയും പാറയും തമ്മിലുള്ള പൊരുത്തക്കേടാണ് അതിനെ ഫലിതമാക്കുന്നത്......കോഴിമുട്ട അത്ഭുതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ അത്ഭുതമാണ്. പേരില്‍ കുടികൊള്ളുന്ന ഹാസ്യം നേരില്‍ അത്ഭുതമായി മാറും. വേണമെങ്കില്‍ വീരവും രൗദ്രവും അതില്‍ ദര്‍ശിക്കാം. ശൃംഗാരം അതിലില്ലെങ്കിലും അതിനരികിലുണ്ട്.മേല്‍പ്പറഞ്ഞ രസങ്ങളിലൂടെയെല്ലാം കടന്നുപോയി കുറച്ചുനേരം കണ്ണടച്ചിരുന്നാല്‍ ശാന്തരസവും ഉണരും. അതുകൊണ്ട് കോഴിമുട്ടപ്പാറ ഒരു മഹാകാവ്യമാണ്.''
വര്‍ഗീസാന്റണിയുടെ കവിത വര്‍ഗീസാന്റണിയുടെമാത്രം ശൈലിയിലുള്ള കവിതയാണ്. ഇതിനെ ഒരു കള്ളിയിലും ഇട്ടുവയ്ക്കാവുന്നതല്ല. ഇവ കാല്പനികമോ ആധുനികമോ അത്യന്താധുനികമോ ആധുനികോത്തരമോ ഉത്തരാധുനികമോ ഒന്നുമല്ല. ഓരോ ആസ്വാദകന്റെയും അനുഭവങ്ങളോടും അറിവുകളോടും പ്രതിപ്രവര്‍ത്തിച്ച് ഉരുത്തിരഞ്ഞുവരേണ്ട അര്‍ഥതലങ്ങളാണ് ഓരോ കവിതയിലും ഉള്ളത്.
ആദ്യവായനയ്ക്ക് സുലളിതമെങ്കിലും ആലോചനാമൃതം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കുറെ വരികള്‍ ഇവിടെ ഉദ്ധരിച്ചാല്‍ മതി എന്നാണ് ആദ്യം തോന്നിയത്. താഴെ കൊടുക്കുന്ന വരികള്‍ ഒന്നുകൂടി വായിച്ചപ്പോള്‍ ഞാനൊരു പ്രതിസന്ധിയിലായി.
''കൊതുകുകടി മനുഷ്യപക്ഷവീക്ഷണമാണ്.
കുടിയാണ് കൊതുകുപക്ഷം.
ചോരകുടിച്ചാലും വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയില്ലവ, ഉന്മീലനം ചെയ്യും.
കൊഴിഞ്ഞൂ ഉന്മൂലനസിദ്ധാന്തം.
വിരിഞ്ഞൂ ഉന്മീലനത്തിന്റെ ഉപനിഷത്ത്.''
ആധുനികോത്തരകവിതയുടെ വാച്യാര്‍ഥം കൃത്യമായറിയാന്‍ ശബ്ദതാരാവലിയില്‍ നോക്കാന്‍ ഇടയാകരുതല്ലോ. ഉന്മീലനം എന്ന വാക്കിന്റെ അര്‍ഥമറിയാന്‍ എനിക്ക് ശബ്ദതാരാവലിയില്‍ നോക്കേണ്ടിവന്നു. കണ്ണുതുക്കല്‍, ഉണരല്‍ എന്നാണ് അതിനര്‍ഥം. വലിയ അര്‍ഥതലങ്ങളുള്ള വാക്കാണിത്. അപ്പോള്‍ ഇവിടത്തെ കൊതുക് വെറും കൊതുകായിരിക്കില്ല. ഈ ഏതാനും വരികള്‍ക്കുള്ളില്‍, കൃത്യമായി വിശദീകരിക്കാനാവാത്ത അഗാധമായ ചില ധ്വനിതലങ്ങള്‍, മുട്ടയിലെ കരുപോലെ ഉണ്ട്. എനിക്കു കൂടുതല്‍ വിശദീകരിക്കാനാവുന്നില്ല.
അതേ. ഈ പുസ്തകം 'കോഴിമുട്ടപ്പാറ'പോലെതന്നെ ഒരു മഹാകാവ്യമാണ്. പ്രകൃതി തന്നിലുള്ള ഫലിതവും അത്ഭുതവും സ്വയം നോക്കിക്കണ്ടപ്പോള്‍ കോഴിമുട്ടപ്പാറ ഉണ്ടായതുപോലെതന്നെയാണ് വര്‍ഗീസാന്റണി പ്രകൃതിയിലുള്ള ഫലിതവും അത്ഭുതവും നോക്കിക്കണ്ടപ്പോള്‍ ഈ പുസ്തകത്തിലെ കവിതകളോരോന്നും ഉണ്ടായത്.
ആമയെപ്പറ്റിയുള്ള നാലു കവിതകളിതിലുണ്ട്. 'കൂര്‍മ്മാധിപത്യം', 'ആമ & അവതാരക', 'ഗ്രാന്റ് ഫിനാലെ', 'വീടുണ്ടാക്കി മുടിഞ്ഞ ആമയില്ലല്ല. ആമ എന്ന പ്രതീകത്തിന് നാലുകവിതകളിലും വ്യത്യസ്തമായ ഊന്നലുകളാണ് എന്നു നാം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യകവിതയില്‍ വേദങ്ങള്‍ വീണ്ടെടുത്ത ആദ്യാവതാരമായ ആമ പറയുന്നു: ''ഞങ്ങള്‍ വഹിക്കുന്ന അറിവിന്റെ മഹാഭാര(ത)ത്തെയാണ് മന്ദതയെന്നും നിസ്സംഗതയെന്നും നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.''
രണ്ടാമത്തെ കവിതയില്‍ ആമ പറയുന്നു: ''പരാജയത്തിലുമുണ്ടൊരു സാധ്യത. മുയല്‍ ആരംഭിച്ചത് പൂജ്യം ശതമാനം പരാജയസാധ്യതയില്‍നിന്നാണ്. ഞാന്‍ ആരംഭിച്ചത് പൂജ്യം ശതമാനം വിജയസാധ്യതയില്‍നിന്നും. പൂജ്യം എന്നെ ഹരം കൊള്ളിക്കുന്നു.''
മൂന്നാമത്തെ കവിതയില്‍ ഉള്ള രണ്ട് ഉള്‍ക്കാഴ്ചകള്‍ കാണുക: ''ആമയിലെ 'ആ' ലോപിച്ചും 'മ' ഇരട്ടിച്ചുമാണ് അമ്മ എന്ന വാക്കുണ്ടായത്.''
''ആമദേഹവും മുയല്‍മനവും തമ്മിലുള്ള അനാദിയായ മത്സരത്തില്‍ ആമ ഒരിക്കലും ജയിച്ചിട്ടില്ല.''
നാലാമത്തെ കവിതയിലെ ഏതാനും ഉള്‍ക്കാഴ്ചകള്‍ കൂടി കാണുക:
''ഗുഹയിലോ മരച്ചുവട്ടിലോ അല്ല വീടിന്റെ ഉത്പത്തി ആമയുടെ മുതുകിലാണ്.
....വീടു മുതുകിലുള്ളവന് എങ്ങുമെത്താന്‍ ധൃതിയില്ല...
വീടും വീട്ടുകാരനും രണ്ടെന്ന ദൈ്വതമില്ലാത്തതതിനാല്‍ ഗൃഹാതുരത്വമില്ല.''
തുറന്നു പറയട്ടെ, ഈ പുസ്തകം വാങ്ങാനും വായിക്കാനും വായനക്കാര്‍ക്കു പ്രചോദനമേകുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ട് എനിക്കു ശ്രദ്ധേയമെന്നു തോന്നുന്ന കുറെ വരികള്‍ ഉദ്ധരിക്കുകയേ ഞാന്‍ ഇനിയും ചെയ്യുന്നുള്ളു.
''ഒരൊറ്റ വാക്കേയുള്ളൂ, അല്ല, ശബ്ദമേയുള്ളൂ - കൊക്കൊക്കോ
അര്‍ഥശൂന്യം, അതിനാല്‍ പ്രതിധ്വനിക്കും ഏതര്‍ഥവും.'' (മുട്ടയിട്ടാല്‍ ആര്‍ക്കമിഡീസാകും)
''കടുകോളം കാരണത്തില്‍നിന്ന് കടലോളം കാര്യങ്ങളുണ്ടാകുന്നതിനോളം അത്ഭുതമെന്തുണ്ട്?
മറിച്ചാകുന്നതിനോളം ചിരിയെന്തുണ്ട്?'' (തലനാരിഴയുടെ വ്യത്യാസങ്ങള്‍)
''അവസാന അത്താഴത്തിന്റെ ആസന്ന ദുരന്തമൂര്‍ച്ചയിലേക്ക്
ഓര്‍ക്കാപ്പുറത്തൊരു കോഴി പറന്നാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?''(കോഴി മൂന്നുവട്ടം കൂകുംമുമ്പ്)
''ഭക്ഷണമാണഖിലസാരമൂഴിയില്‍ ഭക്ഷണമില്ലാക്ഷണമില്ല'' (അഖിലസാരമൂഴിയില്‍)
ചഞ്ചലഭാഷിണി*യാല്‍ അചലങ്ങള്‍പോലും ചഞ്ചലമായ്''
*മൊബൈല്‍ഫോണ്‍ (പരിധിക്കകത്തോ പുറത്തോ)
''ഫ! ചൂലേയെന്നു മാനക്കേടില്‍ മുക്കിയ രൂപകമോങ്ങി അകത്തുള്ളവള്‍
കുറ്റിച്ചൂലളന്നു, അധഃപതനത്തെ.'' (തെങ്ങിന്റെ ആത്മഗതം)
''ആത്മഹത്യ ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ താഴേക്കു ചാടാറുള്ളൂ
എന്നു പറഞ്ഞപ്പോള്‍ നീ കാടുമുഴക്കിച്ചിരിച്ചു.'' (ജലപതനം)
''കടിച്ചു ചോരകുടിച്ചു കൊല്ലുന്നു കൊതുകോളം തെറ്റുകള്‍
ആനയോളം ശരികളെ.'' (സ്ത്രീയേ എനിക്കും നിനക്കും)
''ഏതിന്‍ ഷട്ടറിടും രണ്ടാം വരവില്‍?
നിര്‍ഗോളീകരണം, ആഗോളതാപശമനം, പില്‍ക്കാല സോഷ്യലിസം?''
('സെന്‍' തോമസിന്റെ സുവിശേഷത്തില്‍ എഡിറ്റര്‍ ചെയ്തത്)
''മനുഷ്യനു മനുഷ്യനെയും ദൈവത്തെയും പിശാചിനെയും മാറിമാറി വിളിക്കാം
ദൈവത്തിനു വിളിക്കാന്‍ ദൈവമില്ല, മനുഷ്യനേയുള്ളൂ.'' (വിശ്വവിഖ്യാതമായ ചെവികള്‍)
''എവറസ്റ്റ് കീഴടക്കുന്നവര്‍ എവറസ്റ്റിനു കീഴടങ്ങും
ഉലകമേ ചൂടിക്കരുത് ജേതാവിന്റെ മുടി
പരാജയശ്രീലാളിതന്‍ ഞാന്‍'' (എവറസ്റ്റാരോപണം)

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

vettamonline.com :: സാഹിത്യ വിചാരം :: വൃത്തലക്ഷണം – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

പ്രാചീനമനുഷ്യന്റെ= സര്ഗ്ഗഭാഷ ഛന്ദോബദ്ധമായത് ജീവിതത്തിന്റെ താളക്രമത്തില്നി്ന്നുമാണ്. ജീവിതതാളം അദ്ധ്വാനത്തിന്റെ താളമാണ്. ഇത് പ്രകൃതിയുടെതാളത്തില്നിന്നും ജൈവരൂപങ്ങളിലേയ്ക്കു പകര്ത്തപ്പെടുന്നതാണ്. പ്രകൃതിതാളം പ്രപഞ്ചതാളത്തിനനുഗുണമായി രൂപം പ്രാപിക്കുന്നു. ആദിയില്‍ വചനമുണ്ടായെന്ന സങ്കല്പംഎല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്ന ദര്ശിനമാണല്ലോ കേവലത്വത്തില്നി.ന്നും ഉരുവംകൊണ്ട പ്രാധമികമായ ഊര്ജ്ജനരൂപം താളനിബദ്ധമായ ധ്വനിതന്നെയാണെന്നാണ് ആധുനികശാസ്ത്രംപോലും ചെന്നെത്തിയിരിക്കുന്ന നിഗമനം. പ്രപഞ്ചോല്പത്തികാരണമായ ഊര്ജ്ജത്തിര്റെല ശബ്ദരൂപമാണല്ലോമഹാവിസ്ഫോടനം.
നിശ്ചിത മാത്രകളില്‍ ആവര്ത്തി ച്ചുവരുന്ന താളനിബന്ധമായ ശബ്ദമാണ് വൃത്തമായി രൂപംപ്രാപിക്കുന്നത്. പ്രത്യേക സന്ദര്ഭിങ്ങളില്‍ പക്ഷികളും മൃഗങ്ങളുംപുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ താളനിബദ്ധവും മാത്രാബന്ധവുമായിരിക്കും. ഉദാഹരണമായിഎല്ലാ കോഴികളും കൂവുന്നത് ലിപികളില്‍ അടയാളം പ്പെടുത്തിയാല്‍ ‘കൊക്കരക്കോ’എന്നാണല്ലോ. ഇതിനെ ഗണംതരിച്ചു പരിശോധിച്ചാല്‍ ഒരു ‘ര’ഗണവും ഗുരുവും കിട്ടും. നാലക്ഷരംമുള്ള പ്രതിഷ്ഠ ഛന്ദസ്സില്‍ വരുന്ന ഈ വൃത്തത്തിന് ‘രംഗ,രാഗീ’ എന്നു ലക്ഷണം എഴുതാം. “നില്ക്കൂ കുട്ടാ| ഞാന്‍ പറേട്ടേ| വന്നു നീയീ| പാല്‍ കുടിക്കൂ” എന്ന സാധാരണ സംഭാഷണം വരിമുറിച്ചെഴുതിയാല്‍ ഇതേ വൃത്തത്തിലുള്ള പദ്യമാകുന്നതു കാണാം. സന്ദര്ഭതമനുസരിച്ച് വ്യത്യസ്‌ത വൃത്തങ്ങളില്‍ പാടുന്ന പക്ഷിയാണ് കാക്കത്തന്പുരാട്ടി. അതിന്റെസ ഒരൊപാട്ടിനും കൃത്യമായ മാത്രാബന്ധമാണുള്ളതെന്ന് ശ്രദ്ധയോടെ കേട്ടാല്‍ മനസ്സിലാകും. അദ്ധ്വാനത്തിന്റെഅ വ്യത്യസ്തമേഖലകളില്‍ വ്യാപൃതനാകുന്ന മനുഷ്യന്‍ പുറപ്പെടുവിക്കുന്നവാക്കുകളും വായ്ത്താരികളും താളാത്മകമാണ്. വിശ്രമവേളകളില്‍ ഇതേ താളങ്ങള്‍ സര്ഗ്ഗാതത്മകമായി പുനസൃഷ്ടിക്കപ്പെട്ടതാണ് നാടന്‍ പാട്ടുകള്‍. സംസ്കൃതമടക്കമുള്ള എല്ലാ വൃത്തങ്ങളും ഇത്തരം നാടന്‍ പാട്ടുകളിനിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്.
പാഠഭേദം കൂടാതെ തലമുറകളിലേയ്ക്ക് അറിവ് പകര്ന്നു്നല്കാന്‍ വാമൊഴിമാത്രം ഉപാധിയായിരുന്നതുകൊണ്ടാവാം പ്രാചീനമനുഷ്യരുടെ സംഭാഷണങ്ങള്പോ്ലും ഛന്ദോബന്ധമായിത്തീര്ന്നടത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തില്നിീന്നുണ്ടാകുന്ന താളബോധത്തില്നിിന്നാണ് ഈ ഛന്ദസ്സുകള്‍ ഉരുവമായിട്ടുള്ളത്. നായാട്ടിലും കന്നുകാലിവളര്‍ത്തലിലുംഅധിനിവേശയാത്രകളിലും നിരന്തരമായി മുഴുകിയിരുന്ന ആര്യന്മാരുടെ കൃതികളേറെയും രചിക്കപ്പെട്ടിട്ടുള്ളത് അനുഷ്ടുഭ വൃത്തത്തിലാണെന്നു കാണാന്‍ കഴിയും. ദൈനംദിനസംഭാഷണവുമായി വളരെയധികം അടുപ്പമുള്ള ഈ വൃത്തം അശ്വഗതിയുടെ താളവുമായി ഏറെ ഇണങ്ങുന്നതാണ്. ആരോഗ്യശാസ്ത്രവും ജ്യോതിശ്സ്ത്രവുമടക്കമുള്ള വിജ്ഞാനസാഹിത്യങ്ങള്‍ തലമുറകളിലേയ്ക്ക് പകര്ന്നുോനല്കാ്ന്‍ ഉപയോഗിച്ചത് അനുഷ്ടുപ്പ് വൃത്തത്തിലുള്ള ശ്ലോകങ്ങളായിരുന്നു. അനായാസേന ഹൃദിസ്തമാക്കാവുന്നവിധം ലാളിത്യവും അതോടൊപ്പംതന്നെ പാഠഭേദങ്ങള്‍ സൃഷ്ടിക്കുവാന്‍ എളുപ്പം സാധിക്കാത്തവിധം സുദൃഢമായ രൂപഘടനയും ഈ വൃത്തത്തിനുണ്ട്. ഉത്തരകേരളത്തിലെ തീയ്യസമുദായക്കാരുടെ പൂരക്കളിയില്‍ കൈത്താളത്തിനും കാല്താനളത്തിനും വായ്ത്താരിക്കുമൊപ്പം അനുഷ്ടുഭവൃത്തത്തിലുള്ള കവിതകള്‍ സമന്വയിക്കുന്നത് അവാച്യമായ അനുഭവമാണ്.
പാഠഭേദങ്ങളെ പ്രതിരോധിക്കാന്‍ കെല്പുള്ള വാര്പ്പുനമാതൃകകളാണ് സംസ്കൃതവൃത്തത്തില്‍ രചിക്കപ്പെട്ട ശ്ലോകങ്ങളേറെയും. ലഘുഗുരുക്കള്ക്കുള സ്ഥാനഭേദം സംഭവിച്ചാല്‍ ഗണംതന്നെ മാറിപ്പോകുംവിധം ഗണിതബദ്ധമാണ് സംസൃകൃതവൃത്തങ്ങള്‍. വിനിമയംചെയ്യപ്പെടുമ്പോള്‍ സംഭവിക്കാവുന്ന തെറ്റുകള്‍ വൃത്തഭംഗം നോക്കി കണ്ടെത്താനും പരിഹരിക്കാനും ഇതിലൂടെ സാധിക്കുന്നു. കണ്ണികള്തതമ്മില്‍ കോര്ത്തി ണക്കിയ ഉരുക്കുചങ്ങലകള്പോ ലെ ദൃഢതയുള്ളവയാണവ. വേദങ്ങളും ഇതിഹാസങ്ങളുമൊക്കെ ഇന്നുകാണുന്ന രീതിയില്‍ ലിഖിതരൂപം കൈവരിച്ചത് ഗുപ്തകാലഘട്ടങ്ങളിലാണെന്നാണ് പല ഗവേഷകരും അഭിപ്രായപ്പെടുന്നത്. തലമുറകള്‍ വാമൊഴിയിലൂടെ കൈമാറ്റംചെയ്തിട്ടും സംസ്കൃത കാവ്യങ്ങള്‍ പാഠഭേദംകൂടാതെ നിലനിന്നത് അവയുടെ ദൃഢമായ വൃത്തബദ്ധതകൊണ്ടാണ്.
1. ഛന്ദസ്സും വൃത്തവും
കവിതയില്‍ ഈണങ്ങള്‍ വാന്നുര്വീഇഴുന്നത് കവിമനസ്സിന്റെ് താളബോധത്തില്നി ന്നാണല്ലൊ. ഹൃദയതാളത്തിന്റെു തികച്ചും അബോധമായ ഒരു സര്ഗ്ഗഇപ്രക്രിയയിലൂടെയാണ് കവിത ഛന്ദോബദ്ധമായിത്തീരുന്നത്. നാടന്‍ പാട്ടുകളിലൂടെയും വാമൊഴികളിലൂടെയും പിറന്നുവീണ താളങ്ങള്‍ കവിതകളിലൂടെ വൃത്തങ്ങളായി രൂപപ്പെട്ടതിനുശേഷമാണ് അവയ്ക്ക് ലക്ഷണശാസ്ത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്. പ്രകൃതിയുടെ നിരന്തരമായ താളംതന്നെയാണ് ജിവികളില്‍ ഹൃദയതാളമായി സ്പന്ദിക്കുന്നത്, പ്രതിഭാശാലികളായ കവികള്‍ ഹൃദയതാളത്തിന്റെക ചുവടുപിടിച്ച് വൃത്തബന്ധമായ കവിതകള്‍ സാക്ഷാത്ക്കരിച്ച് കഴിഞ്ഞതിനുശേഷമാണ് ലക്ഷണശാസ്ത്രവിശാരദന്മാര്‍ അവയുടെ വൃത്തലക്ഷണങ്ങള്‍ നിര്ണ്ണ്യിക്കുകയും നാമകരണം ചെയ്യുകയും ചെയ്തിട്ടുള്ളത്. കവിത വൃത്തശാസ്ത്രങ്ങള്ക്കുതപിന്നാലെയല്ല വൃത്തശാസ്ത്രം കവിതയ്ക്കുപിറകെയാണ് സഞ്ചരിക്കുന്നതെന്ന് ഇതില്നിവന്നും വ്യക്തമാണല്ലോ. ജൈവഭാഷകളില്‍ വ്യാകരണനിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും വ്യവഹാരഭാഷയ്ക്കു പിറകെയാണല്ലോ. പ്രധാനമായും കേരളപാണിനിയുടെ വൃത്തമഞ്ജരിയെ അടിസ്ഥാനമാക്കിയുള്ള വൃത്തവിചാരമാണ് ഇവിടെ നടത്തിയിട്ടുള്ളത്
വൃത്തമഞ്ജരിയില്‍ ഛന്ദസ്സ് വൃത്തം എന്നീ രണ്ടു സാങ്കേതിക സംജ്ഞകള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവരണ്ടും പര്യായപദങ്ങളെപ്പോലെ ഉപയോഗിച്ചുകാണാറുണ്ട്. എന്നാല്‍ കേരളപാണിനി വ്യക്തമായിത്തന്നെ ഇവയെ നിര്വ്വലചിച്ചിരിക്കുന്നു. പദ്യത്തിന്റെ ഒരു പാദത്തില്‍ ഉള്ക്കൊള്ളുന്ന അക്ഷരങ്ങളുടെ എണ്ണമാണ് ഛന്ദസ്സ് എന്ന സംജ്ഞകൊണ്ടു സൂചിപ്പിക്കുന്നത്. ഒന്നുമുതല്‍ ഇരുപത്തിയാറ് അക്ഷരങ്ങള്‍ ഉള്ക്കൊള്ളുന്ന പാദങ്ങളെയാണ് ഛന്ദസ്സായി പരിഗണിക്കുന്നത്. അതിനുമുകളില്‍ വരുന്നവ ദണ്ഡകങ്ങളാണ്. ‘ഉക്ത’യില്‍ തുടങ്ങി ‘ഉത്കൃതിക്’ വരെ അക്ഷരസംഖ്യാക്രമത്തില്‍ ഇരുപത്തിയാറ് ഛന്ദസ്സുകള്ക്കും പേരുകള്‍ നല്കിയിട്ടുണ്ട്. ഈ ഛന്ദസ്സുകളില്‍ ഉള്പ്പെടുന്ന ലഘു ഗുരുക്കളുടെ ക്രമീകരണത്തിലൂടെ രൂപ്പെടുന്ന താളനിബദ്ധമായ വര്ണമാലയാണ് വൃത്തങ്ങള്‍. മൂന്നകഷരം വരുന്ന ഒരു ഗണത്തില്‍ എട്ടുവിധത്തില്‍ ലഘുഗുരുക്കള്‍ ക്രമീകരിക്കാം. അതുപോലെ ഒരു ഛന്ദസ്സില്ത്തന്നെ അനേകം വൃത്തങ്ങള്‍ രൂപ പ്പെടുത്താന്‍ കഴിയും. എന്നാല്‍ ഈണവും തതാളവും ഒത്തുവരുന്ന ഏതാനും വൃത്തങ്ങള്‍ മാത്രമേ കവികള്‍ സാധാരണയായി ഉപയോഗിക്കാറുള്ളു. അതിനാല്‍ അത്തരം വൃത്തങ്ങള്ക്കുമാത്രമേ പേരും ലക്ഷണവും നിര്ദ്ദേശിച്ചിട്ടുള്ളൂ.
2. ഗണം
വര്ണ്ണപ്രധാനമായ സംസ്കൃതവൃത്തങ്ങളില്‍ മൂന്നുവീതമുള്ള അക്ഷരക്കൂട്ടത്തെ ഗണമായി വിവക്ഷിച്ചിരിക്കുന്നു. ഒരു ഗണത്തിലെ ലഘുക്കളുടെയും ഗുരുക്കളുടെയും സ്ഥാനക്രമമനുസരിച്ച് എട്ടുതരം ഗണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ‘യ ര ത ഭ ജ സ ന മ’ എന്നീ അക്ഷരങ്ങള്‍ കൊണ്ടാണ് ഈ ഗണങ്ങള്ക്കു പേരുനല്കിയിരിക്കുന്നത്.
“ആദിമധ്യാന്തവര്ണ്ണയങ്ങള്‍
ലഘുക്കള് ‘യ ര ത’ ങ്ങളില്‍
ഗുരുക്കള് ‘ഭ ജ സ’ ങ്ങള്ക്ക്ക
‘മ ന’ ങ്ങള് ഗലമാത്രമാം”
എന്ന വൃത്തമഞ്ജരീശ്ലോകം ഹൃദിസ്ഥമാക്കിയാല്‍ ഗണം നിര്ണ്ണയിക്കുന്നത് എളുപ്പമായിരിക്കും. ഗണത്തിലെ ലഘുഗുരുക്കളുടെ സ്ഥാനക്രമത്തിലാണ് ഗണത്തിന്റെ നാമാക്ഷരങ്ങള്‍ അടുക്കിയിരിക്കുന്നത്. ഒരു ലഘുമാത്രമുള്ള ഗണങ്ങളില്‍ ആദ്യലഘു ‘യ’ ഗണവും മധ്യലഘു ‘ര’ ഗണവും അന്ത്യലഘു ‘ത’ ഗണവുമാണ്. അതുപോലെ ഒരു ഗുരുമാത്രമുള്ള ഗണങ്ങളില്‍ ആദ്യഗുരു ‘ഭ’ ഗണവും മധ്യഗുരു ‘ജ’ ഗണവും അന്ത്യഗുരു ‘സ’ ഗണവുമാകുന്നു. എല്ലാ അക്ഷരങ്ങളും ഗുരു മാത്രമുള്ളത് ‘മ’ ഗണവും എല്ലാം ലഘുവായിവരുന്നത് ‘ന’ ഗണവുമായിരിക്കും. ലഘുവിനെ അടയാളപ്പെടുത്തുവാന് ചന്ത്രക്കല (് ) യും ഗുരുവിനെ അടയാളപ്പെടത്തന് വര (-) യുമാണ് ചിഹ്നമായി സ്വീകരിച്ചിട്ടുള്ളത്. ഗുരുവിനെ ‘ഗ’ എന്ന അക്ഷരംകൊണ്ടും ലഘുവിനെ ‘ല’ എന്ന അക്ഷരംകൊണ്ടുമാണ് വൃത്തനിര്ണ്ണതയത്തിന് സൂചിപ്പിക്കുന്നത്. ലക്ഷണശ്ലോകങ്ങള്‍ രചിക്കുമ്പോള്‍ ഗുരുവാക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ അനുസ്വാരം ചേര്ത്ത് ‘തം’, ‘മം’,‘ഗം’, ‘ലം’ എന്നിങ്ങനെയും പ്രയോഗിക്കാറുണ്ട്.
3. ലക്ഷണവും ലക്ഷ്യവും
കേരളപാണിനി വൃത്തമഞ്ജരിയില്‍ സംസ്കൃതവൃത്തങ്ങളുടെ ലക്ഷണം നിശ്ചയിച്ചിരിക്കുന്നത് അതാതു വൃത്തങ്ങളില്ത്തന്നെയാണ്. ഗണനിബദ്ധമായ സംസ്കൃതവൃത്തങ്ങളോരോന്നും അതേ വൃത്തത്തില്ത്തന്നെ ലക്ഷണം ചെയ്തിരിക്കുന്നതിനാല്‍ വൃത്തലക്ഷണമായും ഉദാഹരണമായും ഒരേ ശ്ലോകംതന്നെ മനപ്പാഠമാക്കിയാല്‍ മതിയാകും. ഉദാഹരണമായി ഇന്ദ്രവജ്ര വിഭാഗത്തില്പ്പെട്ട വൃത്തങ്ങളുടെ ലക്ഷണം പരിശോധിക്കാം. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി എന്നീ മൂന്നു വൃത്തങ്ങളാണ് ഈ ശ്ലോകത്തില്‍ ലക്ഷണം ചെയ്യപ്പെട്ടിട്ടുള്ളത്.
“കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം
ഉപേന്ദ്രവജ്രയ്ക്കു ജതം ജഗംഗം
അതേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര
കലര്ന്നുവന്നാലുപജാതിയാകും”.
ലഘുക്കള്‍ ‘യരത’ങ്ങളില്‍, ഗുരുക്കള്‍ ‘ഭജസ’ങ്ങള്ക്ക്, മനങ്ങള്‍ ‘ഗല’ മാത്രമാം എന്ന സൂത്രമനുസരിച്ച് പതിനൊന്നക്ഷരമുള്ള ത്രിഷ്ടുപ്പ് ഛന്ദസ്സില്പ്പെേട്ട ഇന്ദ്രവജ്രാവൃത്തളുടെ ലക്ഷണശ്ലോകത്തെ മൂന്നക്ഷരംവീതമുള്ള ഗണമായി തിരിച്ചാല് മൂന്നു ഗണങ്ങളും രണ്ടക്ഷരങ്ങളും കിട്ടും.
ആദ്യപാദം ത-ത-ജ-ഗ-ഗ വരുന്ന ഇന്ദ്രവജ്രയും രണ്ടാം പാദം ജ-ത-ജ-ഗ-ഗ കിട്ടുന്ന ഉപേന്ദ്രവജ്രയും മൂന്നും നാലും പാദങ്ങള്‍ ഇവ രണ്ടും ചേര്ന്നുവരുന്ന ഉപജാതിയുമാണല്ലോ. എത്ര സൂക്ഷമമായാണ് അദ്ദേഹം സംസ്കൃതവൃത്തങ്ങളുടെ ലക്ഷണശ്ലോകങ്ങള്‍ അതേ വൃത്തങ്ങളില്ത്തന്നെ ചമച്ചിട്ടുള്ളതെന്ന് ഇതില്നിന്നും വ്യക്തമാണ്. ഒരുപാദം ഇന്ദ്രവജ്രയായി 4, ഒരുപാദം ഉപേന്ദ്രവജ്രയായി 4, രണ്ടുപാദം ഇന്ദ്രവജ്രയായി 3, രണ്ടുപാദം ഉപേന്ദ്രവജ്രയായി 3 ഇങ്ങനെ 14 വിധം ഉപജാതികള്‍ ഈ വിഭാഗത്തില്‍ വരാം
4. മാത്രകള്‍
“ഗുരു, ദീര്ഘംര പ്ലുതം ചൈവ
സംയോഗ പരമേവ ച
സാനുസ്വാര വിസര്ഗ്ഗംമ ച
തഥാന്ത്യം ച ലഘു ക്വചിത്”
(ദീര്ഘംച, പ്ലുതം, കൂട്ടക്ഷരത്തിനുമുമ്പുള്ള ലഘു, അനുസ്വാരമോ വിസര്ഗ്ഗനമോ ചേര്ന്ന ലഘു ഇവയെല്ലാം ഗുരുവാണ്. പദാവസാനത്തില്‍ വരുന്ന ഹ്രസ്വാക്ഷരവും ചില വൃത്തങ്ങളില്‍ ഗുരുവാകുന്നതാണ്.)
ലഘുവിന് ഗുരുത്വം സംഭവിക്കുന്ന സാഹചര്യങ്ങളെപ്പറ്റി ഭരതമുനി നാട്യശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന ശ്ലോകമാണിത്, ഭാഷാവൃത്തങ്ങളിലെന്നപോലെ ഈണത്തിന്റെ വഴിയെ അക്ഷരങ്ങളെ പാടിനീട്ടാനും കുറുക്കാനും സംസ്കൃതവൃത്തങ്ങളില്‍ നിയമമില്ല. കര്ശനമായ ഗണനിബന്ധനയ്ക്കനുസൃതമായി ക്രമപ്പെടുത്തിയതാണ് സംസ്കൃതവൃത്തങ്ങള്‍. മൂന്നക്ഷരങ്ങള്‍ വീതമുള്ള അക്ഷരക്കൂട്ടങ്ങളാണ് ഗണങ്ങള്‍. ഭാഷാശാസ്ത്രത്തില്‍ വര്ണ്ണങ്ങള്‍ ചേര്ന്നുണ്ടാകുന്നതാണ് അക്ഷരങ്ങള്‍. ഉദാഹരണത്തിന് ‘ക്’, ‘അ’ ഇവ രണ്ടു വര്ണ്ണങ്ങളാണ് ഇവചേര്ന്നുണ്ടാകുന്ന ‘ക’ അക്ഷരമാണ്. ‘അ’ മുതല് ‘അ:’ വരെയുള്ള സ്വരങ്ങളെ സ്വതന്ത്രമായി നില്ക്കുമ്പോള്‍ അക്ഷരങ്ങളായിത്തന്നെ കണക്കാക്കേണ്ടതുണ്ട് . ദീര്ഘാക്ഷരങ്ങളെ ഗുരുവായും ഹ്രസ്വാക്ഷരങ്ങളെ ലഘുവായും കണക്കാക്കുന്നു. ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടു മാത്രയുമാണ് അളവുനിയമം.
ഒരു അക്ഷരം ഉച്ചരിക്കുമ്പോഴുള്ള സ്വരദൈര്ഘ്യത്തെ അളക്കാനുള്ള തോതാണ് മാത്ര. ചൊല്ലലില്‍ മാത്രയില്ലാത്തതിനാല്‍ ചില്ലുകളെയും അര്ദ്ധാക്ഷരങ്ങളെയും അക്ഷരസംഖ്യയില്‍ പരിഗണിക്കപ്പെടുന്നില്ല. എന്നാല്‍ ഉറപ്പിച്ചുച്ചരിക്കുന്ന ചില്ലുകള്‍ അനുസ്വാരം വിസര്ഗ്ഗം കൂട്ടക്ഷരം എന്നിവ പരമായിവരുന്ന ലഘുവിനെ ഗണത്തില്‍ ഗുരുവായി കണക്കാക്കേണ്ടതാണ്. അകഷരങ്ങളില്‍ വരുന്ന നിശബ്ദദീര്ഘനങ്ങളാണ് പ്ലുതങ്ങളെങ്കിലും വൃത്തമഞ്ജരി ഇവയെ അവഗണിച്ചിരിക്കയാണ്, രണ്ടോ അതിലധികമോ വ്യഞ്ജനങ്ങള്‍ ചേര്ന്നതാണ് കൂട്ടക്ഷരങ്ങള്‍. പാദങ്ങളുടെ അവസാനം വരുന്ന ലഘുവിനെയും ഗുരുവായി പരിഗണിക്കാം. മാത്രാവൃത്തങ്ങളില്‍ ഗാനരീതിക്കാണ് പ്രാധാന്യമെന്നതിനാല്‍ ലഘുവിനെ പാടിനീട്ടി ഗുരുവാക്കുവാനും ഗുരുവിനെ കുറുക്കി ലഘുവാക്കുവാനും സ്വാതന്ത്ര്യമുണ്ട്.
“അടികള്ക്കും് കണക്കില്ല,
നില്ക്കയുംവേണ്ടൊരേടത്തും,
വ്യവസ്ഥയെല്ലാം ശിഥിലം,
പ്രധാനം ഗാനരീതിതാന്‍”
എന്നാണ് കേരളപാണിനി പറഞ്ഞുവെച്ചിട്ടുള്ളത്. ഭാഷാവൃത്തങ്ങളില്‍ ആലാപനരീതിയനുസരിച്ച് പ്ലുതങ്ങളായും ദീര്ഘംറ വരാവുന്നതിനാല്‍ രണ്ടില്‍ കൂടുതല്‍ മാത്രകളുള്ള അക്ഷരങ്ങളും കാണാന്‍ കഴിയും.
5. ലക്ഷ്യവും ലക്ഷണവും
സ്രഗ്ദ്ധരകൊണ്ട് സ്രഗ്ദ്ധരയെയും ശാര്ദ്ദൂലവിക്രീഡിതംകൊണ്ട് ശാര്ദ്ദൂലവിക്രീഡിതത്തെയും ലക്ഷണപ്പെടുത്തിയ രീതി കേരളപാണിനിയുടെ പ്രതിഭാവിലാസത്തിന്റെയും നര്മ്മബോധത്തിന്റെയും ഉദാഹരണമാണ്. എന്നാല്‍ ഭാഷാവൃത്തങ്ങളുടെ ലക്ഷണംചമയ്ക്കുമ്പോള്‍ അതാതുവൃത്തങ്ങള്‍ തന്നെ സ്വീകരിക്കുന്നതിനുപകരം അനുഷ്ടുപ്പ് (വക്ത്രം) വൃത്തമാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. എട്ടക്ഷരം വരുന്ന അനുഷ്ടുപ്പ് ഛന്ദസ്സില്പ്പെടുന്ന അനുഷ്ടുപ്പ് വൃത്തം അനുഷ്ടുഭം, ശ്ലോകം തുടങ്ങിയ പേരുകളിലും പറയപ്പെടുന്നുണ്ട്. അക്ഷരങ്ങളുടെ എണ്ണത്തില്‍ സമവൃത്തമാണെങ്കിലും ഗണനിബന്ധനയില്‍ ഏറെ ഉദാരമായ വൃത്തമാണിത്. എട്ടക്ഷരമുള്ള വക്ത്രം പത്ഥ്യാവക്ത്രം വിപുലകള്‍ ഇവയെല്ലാം യഥേഷ്ടം കലര്ത്തി ഉപയോഗിക്കുന്നതാണ് അനുഷ്ടുപ്പ് വൃത്തം. ഉദാഹരണമായി
‘യദായദാഹി ധര്മ്മസ്യ
ഗ്ലാനിര്ഭ്വതി ഭാരത
അഭ്യുത്ഥാനമധര്മ്സ്യ
തദാത്മാനം സൃജാമ്യഹം’
എന്ന ഭഗവദ്ഗീതാ ശ്ലോകത്തിന്റെ ഒന്നാം പാദത്തിലെ ആദ്യാക്ഷരം ലഘുവും രണ്ടാം പാദത്തിലെ ആദ്യാക്ഷരം ഗുരുവുമാകുന്നു. നിയതമായ ഗുരു ലഘു വ്യവസ്ഥ പാലിക്കാത്തതിനാല്‍ ഗണനിബന്ധനയെക്കാള്‍ താളഭംഗി നോക്കിയാണ് കവികള്‍ ഇതിനെ പ്രയോഗിക്കുന്നത്. വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും ശാസ്ത്രങ്ങളിലും ഏറ്റവും കൂടുതല്‍ ശ്ലോകങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത് ഈ വൃത്തത്തിലാണ്. മേച്ചില്പ്പുറങ്ങള്‍ തേടി മദ്ധ്യേഷ്യയില്നിന്നും പ്രയാണം തുടര്ന്ന ആര്യന്മാരുടെ വാമൊഴികളാണ് അനുഷ്ടുപ്പിന്റെ മൂലരൂപം.
6. അനുഷ്ടുപ്പ്‌
കന്നുകാലികള്ക്കൊപ്പം കുതിരയോടിച്ച് കുന്നുകളും താഴ് വരകളും കാലവും താണ്ടി പ്രയാണം തുടര്ന്ന ആര്യന്മാരുടെ അറിവുകളും ഭാവനകളും അശ്വഗതിയുടെ താളത്തില്‍ വാര്ന്നുവീണതാണ് അനുഷ്ടുപ്പ് വൃത്തം. ചടുലവും ശക്തവും ഉത്തേജകവുമായ ഈ വൃത്തം അധ്വാനത്തിന്റെ താളം തന്നെയാണ്. കേരളത്തിന്റെ പൂരക്കളിപ്പാട്ടുകളിലും വള്ളംകളിപ്പാട്ടുകളിലും മാത്രമല്ല സംഘശക്തിയുടെ വിസ്ഫോടനമായ മുദ്രാവാക്ക്യംവിളികളിലും അനുഷ്ടുപ്പിന്റെ ചടുലതാളം മുഴങ്ങിക്കേള്കാം. ഉദാഹരണമായി വാമൊഴിരൂപത്തില്‍ ‘ഇങ്കിലാബുസിന്ദാബാദ് |തൊഴ്ലാള്യൈക്യംസിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിന്റെ അക്ഷരഘടന അനുഷ്ടുപ്പ് വൃത്തത്തിലാണ്.
“ഏതുമാവാമാദ്യവര്ണ്ണം:
നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വര്ജ്ജ്യം;
പിന്നെ നാലിന്റെ ശേഷമായ്,
സമത്തില്‍ ജഗണം വേണം;
ജസമോജത്തില്‍ വര്ജ്ജ്യമാം
ഇതാണനുഷ്ടുഭത്തിന്റെ
ലക്ഷണം കവിസമ്മതം.
സമത്തിലാദ്യപരമായ്
രേഫവും പതിവില്ല കേള്‍
നോക്കേണ്ടതിഹ സര്വ്വ്ത്ര
കേഴ്വിക്കുള്ളോരു ഭംഗിതാന്‍.”
ഇങ്ങനെ ഒരു ലക്ഷണമാണ് അനുഷ്ടുപ്പിന് അനുഷ്ടുപ്പില്തദന്നെ ചമച്ചിട്ടുള്ളത്. ഏതാകാം എന്നതിനെക്കാള്‍ ഏതാകരുത് എന്നാണ് മൂന്നു ശ്ലോകങ്ങളിലുള്ള ഈ ലക്ഷണത്തില്‍ മുഖ്യമായും നിഷ്കര്ഷിെച്ചിരിക്കുന്നത്.
7.അനുഷ്ടുപ്പ്‌ മാത്രയില്‍
വഴക്കമില്ലാത്ത വാമൊഴിവഴക്കത്തെ വ്യാകരണത്തിന്റെ കള്ളികളിലൊതുക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രയാസങ്ങളും അനുഷ്ടുപ്പിന്റെ ലക്ഷണശ്ലോകത്തില്‍ നമുക്കു ദര്ശിക്കാം. എന്നിട്ടും തൃപ്തിവരാതെ ‘നോക്കേണ്ടതിഹ സര്വ്വറത്ര കേള്വിക്കുള്ളൊരു ഭംഗിതാന്‍’ എന്നുകൂടി പറഞ്ഞാണ് ഈ ലക്ഷണശ്ലോകം കേരളപാണിനി അവസാനിപ്പിക്കുന്നത്. യഥേഷ്ടം പാടിനീട്ടിയും കുറുക്കിയും ഗരുലഘുക്കളെ ക്രമീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള ദ്രാവിഡവൃത്തങ്ങളുടെ തോതനുസരിച്ച് അനുഷ്ടുപ്പിന്റെ ലക്ഷണം കൂടുതല്‍ കൃത്യമായും ലളിതമായും നിര്ണ്ണയിക്കാന്‍ കഴിയുമെന്നു തോന്നുന്നു. ആയതിനാല്‍ അനുഷ്ടുഭവൃത്തത്തെ മാത്രാബന്ധിതമായി ഇങ്ങനെ ലക്ഷണംചെയ്തുനോക്കാം-
“നാലും നാലുമനുഷ്ടുപ്പില്‍
രണ്ടും മുമ്മൂന്നുമാം ഗണം”
പതിനൊന്നുമുതല്‍ മാത്ര
പതിനഞ്ചോളമായിടാം”
എട്ടക്ഷരങ്ങളെ രണ്ടോ മൂന്നോ നാലോ അക്ഷരങ്ങളുള്ള ഗണങ്ങളാക്കി ചൊല്ലുവഴിപോലെ യഥേഷ്ടം വിന്യസിക്കാം. മാത്രകള്‍ പതിനൊന്നുമുതല്‍ പതിനഞ്ചു വരെ ആകാം. ഈ മാത്രകളില്‍ വരുന്ന ലഘുഗുരുക്കളെ യും പാദങ്ങളെയും എങ്ങനേയും കലര്ത്തി ഉപയോഗിക്കാം. ഇത്രയുമായാല്‍ അനുഷ്ടുപ്പിന്റെങ ലക്ഷണമായെന്നു തോന്നുന്നു. (എട്ടക്ഷരങ്ങളെ രണ്ടോ മൂന്നോ നാലോ അക്ഷരങ്ങളുള്ള ഗണങ്ങളാക്കിയാല്‍ 44,422,224,332,233,323,2222 എന്നീവിധത്തില് തിരിക്കാം. ഉദാ: യദാ യദാ ഹിധ ര്മ്മസ്യ- (മൂന്നു ലഘു ,അഞ്ച് ഗുരു =13 മാത്രകള്)
8. അനുഷ്ടുപ്പും നതോന്നതയും
സംസ്കൃതവൃത്തമായ അനുഷ്ടുപ്പിന് ഭാഷാവൃത്തങ്ങളുടെ അളവുകോലുപയോഗിച്ച് ഇങ്ങനെയും ഒരു ലക്ഷണം സൃഷ്ടിക്കുമ്പോള്‍ ഭാഷാവൃത്തങ്ങളുമായുള്ള അതിന്റെ സാമ്യതകൂടി പരിശോധിക്കുന്നത് കൌതുകകരമായിരിക്കും. അനുഷ്ടുപ്പിന് ഏറ്റവും കൂടുതല്‍ സാമ്യമുള്ളത് ‘നതോന്നത’ വൃത്തത്തോടാണ്. പാടിനീട്ടി എഴുത്തെല്ലാം ഗരുവാക്കുന്ന വഞ്ചിപ്പാട്ടുരീതി ഉപേക്ഷിച്ചാല്‍ നതോന്നതയുടെ ആദ്യപാദം അനുഷ്ടുപ്പിന്റെ രണ്ടു പാദങ്ങള്‍ ചേര്ന്നതാണെന്നു മനസ്സിലാകും.
‘ഉത്തരമധുരാപുരിക്കുത്തരൂപാന്തത്തിലുള്ള|
വിസ്തൃതരാജവീഥിത കിഴക്കരികില്‍’
എന്ന് ആശാന്‍ കരുണയില്‍ പ്രയോഗിച്ചിരിക്കുന്നത് ഇത്തരം മുറുക്കമുള്ള നതോന്നതയാണ്. അനുഷ്ടുപ്പിന്റെ നാലാം പാദത്തിലെ മൂന്നക്ഷരം ഒഴിവാക്കി രണ്ടുവരിയില്‍ നീട്ടിയെഴുതിയാല്‍ സുന്ദരമായ നതോന്നതയുടെ യായി. ഉദാഹരണമായി ‘സഞ്ജയ’ എന്ന അവസാനത്തെ മൂന്നക്ഷരം ഒഴിവാക്കി ഈ ഭഗവദ്ഗീതാശ്ലോകം വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ നീട്ടിപ്പാടിനോക്കുക:
“ധര്മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ
മാമകാ പാണ്ഡവാശ്ചൈവ കിമകുര്വ്വിത”
പൂരക്കളിപ്പാട്ടുകളില്‍ കൈത്താളത്തിനും കാല്ത്താളത്തിനുമൊപ്പം അനുഷ്ടുപ്പിന്റെ വാമൊഴികള്‍ വാര്ന്നുവീഴുന്നത് ആവേശകരമായ അനുഭവമാണ്. അനുഷ്ടുപ്പിന്റെപ രണ്ടു പാദങ്ങള്‍ ചേര്ത്ത് രണ്ടക്ഷരങ്ങള്‍ ഒഴിവാക്കി നീട്ടിപ്പാടിയാല്‍ കുറത്തിയുടെ ഈണവും കിട്ടും.
9. നതോന്നത
‘ലക്ഷിക്കവേണ്ടും വൃത്തത്തിന്‍|
പാദംകൊണ്ടിഹ ലക്ഷണം|
ചെയ്താല്‍ ലക്ഷണംതന്നെ|
യതു ലക്ഷ്യവുമായ് വരും’
എന്ന നിഷ്ഠ സംസ്കൃതവൃത്തങ്ങളുടെ ലക്ഷണം ചെയ്യുമ്പോള്‍ പാലിച്ചിട്ടുണ്ടങ്കിലും ഭാഷാവൃത്തങ്ങളുടെ ലക്ഷണം അനുഷ്ടുപ്പിലാണ് ചമയ്ക്കപ്പെട്ടിട്ടുള്ളതെന്നു സൂചിപ്പിച്ചുവല്ലോ.
‘ഗണം ദ്വക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തില്, മറ്റതില്
ഗണമാറര, നില്ക്കേണം
രണ്ടുമെട്ടാവതക്ഷരേ
ഗുരുതന്നെയെഴുത്തെല്ലാം
ഇശ്ശീലിന്പേര് നതോന്നത’-
അനുഷ്ടുപ്പിലുള്ള ഈ ലക്ഷണം മാത്രം വായിച്ച് നതോന്നതയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. ലക് ഷ്യം ഉണ്ടായതിനുശേഷമാണല്ലോ ലക്ഷണം ഉണ്ടാകുന്നത്. അതിനാല്‍ ഉദാഹരണമായി ഒരു പദ്യം ഉണ്ടായേ മതിയാവൂ. നതോന്നതയും അനുഷ്ടുപ്പും തമ്മില്‍ അടുത്ത ബന്ധമുള്ളതിനാല്‍ സംഗതി വളരെ എളുപ്പമാണ്. പ്രസ്തുത ലക്ഷണത്തെത്തന്നെ ചെറിയ മാറ്റംവരുത്തി ‘നതോന്നതയില്‍’ ഇങ്ങനെ എഴുതാം:
“ദ്വക്ഷരംഗണമെട്ടെണ്ണമൊന്നാം പാദത്തില്‍, മറ്റേതില്‍
ആറരഗണമായ്, നിര്ത്താം രണ്ടുമെട്ടിലായ്
ഗുരുവാകാമെഴുത്തെല്ലാം ഇശ്ശീലിന്പേര്‍ നതോന്നത
ലഘുമയമായും വൃത്തം നിലവില്‍ക്കാണാം”
ഈ ലക്ഷണപദ്യത്തില്‍ ലഘുപ്രധാനമായ നതോന്നതയുടെ ലക്ഷണവും ഉദാഹരണവും ഉള്പ്പെടുത്തിയിട്ടുണ്ട്.
‘ഉത്തരമധുരാപുരിക്കുത്തരുപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതന്‍ കിഴക്കരികില്‍’-
എന്ന കുമാരന്റെ നതോന്നത ലഘുപ്രധാനമായ നതോന്നതയ്ക്കും
‘ഭക്തിയായ കാറ്റുകൈക്കണകക്കിലേറ്റു പെരുകിയ
ഭാഗ്യപാരാവാരഭംഗ പരമ്പരയാ
ശക്തിയോടുകൂടെവന്നു മാറിമാറിയെടുത്തിട്ടു
ശാര്ങ്ഗി യുടെ പുരദ്വാരം പൂകിക്കപ്പെട്ടു’
എന്ന രാമപുരത്ത്‌ വാര്യരുടെ വരികള്‍ ഗുരുപ്രധാനമായ നതോന്നതയ്ക്കും നല്ല ഉദാഹരണമാണ്.
=========================( തുടരും)========================
vettamonline.com :: സാഹിത്യ വിചാരം :: വൃത്തലക്ഷണം – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍:

'via Blog this'

2013, ജൂൺ 12, ബുധനാഴ്‌ച

ശ്രീ.രാഘവന്‍ അത്തോളിയെ സഹായിക്കുക

(ഫേസ് ബുക്കിൽ നിന്ന് )

സ്നേഹിതരേ, 

മലയാളത്തിന്റെ പ്രിയ കവിയും ശില്‍പിയും തന്റേടമുള്ള 

സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ശ്രീ.രാഘവന്‍ അത്തോളിയെ

അറിയാത്തവരുണ്ടാകില്ല. എന്നാല്‍ വര്‍ഷങ്ങളായി അദ്ദേഹവും 

കുടുംബവും വഴിയരികില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ 

കൂരയിലാണ് മഴയും വെയിലുംകൊണ്ട് കഴിയുന്നത് എന്നത് 

നമ്മില്‍ പലര്‍ക്കും പുതിയ അറിവാണ്. മഴപെയ്തു     

തുടങ്ങിയതോടെ ആ കുടുംബത്തിന്റെ സ്ഥിതി കൂടുതല്‍ 

കഷ്ടത്തിലായിരിക്കുന്നു. 

ശ്രീ. കെ പി രാമനുണ്ണി, യു.കെ കുമാരന്‍ തുടങ്ങിയവര്‍ 

ഭാരവാഹികളായി ഒരു ഭവനനിര്‍മ്മാണസമിതിയ്ക്ക് രൂപം 

കൊടുത്തിട്ടുണ്ട്.കോഴിക്കോട് ഫെഡറല്‍ ബാങ്കില്‍ അക്കൌണ്ടും 

തുറന്നിട്ടുണ്ട്.എങ്കിലും അതിന്റെ പ്രവര്‍ത്തനം വേണ്ടപോലെ 

മുന്നോട്ടു പോയിട്ടില്ല.

നമുക്ക്-ഫേസ്ബുക്ക് മിത്രങ്ങള്‍ക്ക്-ഒന്നു ശ്രമിച്ചു നോക്കിയാ‍ലോ? 

കാവ്യകേളികൂട്ടായ്മ കോഴിക്കോട്ട് നടക്കുകയാണല്ലോ. കൂട്ടം 

തുടങ്ങിയ സഹായ മനസ്ക്കത സൂക്ഷിക്കുന്ന 

സുഹൃത്സംഘത്തിന്റെയും പിന്തുണ കിട്ടില്ലേ?..ബാങ്ക് അക്കൌണ്ട് 

നം.13890100085223(ഫെഡറല്‍ ബാങ്ക്.കോഴിക്കോട് എസ് എം 

സ്ട്രീറ്റ് ബ്രാഞ്ച്) .താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ എന്റെ ഇ 

മെയില്‍ വിലാസം veerankuttypoet@yahoo.com 

ഫോണ്‍  നം.09495031956......................വീരാന്‍കുട്ടി

2013, ജൂൺ 6, വ്യാഴാഴ്‌ച

ഇടങ്ങേറുകാരൻ: ഗൂഗിള്‍ IME എങ്ങനെ ഓഫ്‌ലൈനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?

                                                  റിനു അബ്ദുൽ റഷീദ്         



     ബ്ലോഗ്ഗര്‍മാര്‍ എങ്ങിനെയാണ് മലയാളത്തില്‍ എഴുതുന്നതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു,അവരോടൊക്കെ ഞാന്‍ പറയുമായിരുന്നു ഇത് ഗൂഗിളിന്‍റെ ഒരു സംഭവമാണ് ,ഗൂഗിള്‍ IME എന്നാണ് ഇതിന്‍റെ പേര്‍, ഇതുപയോഗിച്ച് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് താനേ മലയാളത്തിലായിക്കൊള്ളും എന്ന്.

ഇന്റർനെറ്റ്‌ സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ഇത് ഇൻസ്ടാൾ ചെയ്യാനാകൂ,എന്ന ഒരു മിഥ്യാ ധാരണ നമുക്കുണ്ടായിരുന്നു. എന്നാൽ ഇനിയത് വേണ്ട. 

വിന്‍ഡോസ്‌ 7 ല്‍ നിന്നും ഗൂഗിള്‍ IME യുടെ ഇന്‍സ്റ്റാളേഷന്‍ ഫയല്‍ എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്നതിനുള്ള ഒരു വഴി ഞാന്‍ പറഞ്ഞു തരാം.
1. ആദ്യം ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ഒരു വിൻഡോസ്‌ 7 കമ്പ്യൂട്ടറില്‍ നിന്നും
http://www.google.com/inputtools/windows/ എന്ന ലിങ്കില്‍ കയറുക,
2. അവിടെ 22 ഭാഷകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും അതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ ഭാഷകള്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ബട്ടന്‍ ക്ലിക്ക് ചെയ്യുക.
3. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഫയല്‍ ഡൌണ്‍ലോഡ് ആയി ലഭിക്കും.
InputToolsSetup.exe എന്ന പേരില്‍ ,
4. ഈ ഫയല്‍ റണ്‍ ചെയ്യുക.
5. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാവശ്യമായ ഡാറ്റ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞ ശേഷം ഒരു ലൈസന്‍സ് എഗ്രിമെന്റ് വിന്‍ഡോ തുറന്നു വരും .
6. അതില്‍ next ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്,പകരം വിന്‍ഡോസ്‌ ലോഗോ കീയും R ബട്ടണും ഒരുമിച്ച് ക്ലിക്ക് ചെയ്യുക.
7. അപ്പോള്‍ റണ്‍ ഡയലോഗ് ബോക്സ്‌ തുറന്നു വരും.
8. അതില്‍ %programfiles%\google\update\download എന്ന് ടൈപ്പ് ചെയ്തു o.kബട്ടണ്‍ ക്ലിക്ക് ചെയ്യുക.
9.അപ്പോള്‍ തുറന്നു വരുന്ന ഫോൾഡറിൽ 
{2434F8EB-86B8-4DE5-91F5-069953B56D63} എന്ന പേരിനോട് സാമ്യമുള്ള കുറച്ചു ഫോള്‍ഡറുകള്‍ കാണാന്‍ സാധിക്കും.ഫോള്‍ഡറുകളുടെ എണ്ണം നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷകളുടെ എണ്ണത്തിനനുസരിച്ചിരിക്കും.
അതില്‍ ഒന്നിലായിരിക്കും നിങ്ങള്‍ തിരഞ്ഞെടുത്ത മലയാളം ഇന്‍സ്റ്റാളര്‍.
10. എനിക്ക് ലഭിച്ച ഫയലിന്റെ പേര് 7 mb സൈസ് ഉള്ള GoogleInputMalayalam.exe എന്ന ഫയൽ ആയിരുന്നു.നിങ്ങൾ തിരഞ്ഞെടുത്ത ഭാഷക്ക് അനുസരിച്ച് ഇൻസ്ടാളർ ഫയലിന്റെ പേരും മാറാം. 

ഇനിയീ ഫയൽ അങ്ങ് കോപ്പി ചെയ്തു മാറ്റിക്കോളൂ ,ഏത് വിൻഡോസ്‌ 7 സിസ്റ്റത്തിലും ഇനി ഗൂഗിൾ ime ഇൻസ്ടാൾ ചെയ്യാം ഇന്റർനെറ്റ്‌ സൗകര്യം കൂടാതെ തന്നെ.
ഇടങ്ങേറുകാരൻ: ഗൂഗിള്‍ IME എങ്ങനെ ഓഫ്‌ലൈനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?:

'via Blog this'

2013, ജൂൺ 2, ഞായറാഴ്‌ച

ഇവള്‍

ജൂണ്‍ 2-ന് ഏറ്റുമാനൂര്‍ കാവ്യവേദിയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ സമ്മാനിച്ച അമ്പതുവയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള മിത്രപുരസ്‌കാരം ലഭിച്ചത് ആശ ജി കിടങ്ങൂര്‍ എഴുതിയ ഇവള്‍ എന്ന കവിതയ്ക്കാണ്. അത് താഴെ കൊടുക്കുന്നു.
ഇവള്‍ 
ആശ ജി കിടങ്ങൂര്‍
പൊട്ടിത്തകര്‍ന്ന സ്ഫടികപാത്രത്തിന്റെ
മട്ടും മനസ്സുമാണിന്നിവള്‍ക്ക്
ഞെട്ടറ്റടര്‍ന്നു ധരണീതലത്തിലായ്
വാടിക്കരിഞ്ഞു കൊഴിഞ്ഞൊരു പൂവിവള്‍...
കാട്ടാളനീതിതന്നമ്പേറ്റു കേഴുന്ന
കാട്ടിന്നകം പൂണ്ട പേടമാനാണിവള്‍...
നീര്‍വറ്റിയമ്പേ വരണ്ട തന്‍ കണ്‍കളില്‍
ഏതോ വിഷാദത്തെക്കാത്തുസൂക്ഷിക്കുവോള്‍...
മുറ്റിത്തഴയ്ക്കും വിശപ്പകറ്റീടുവാന്‍
മുറ്റങ്ങള്‍തോറും കയറിയിറങ്ങുവോള്‍...
ആരാന്റെ കുപ്പത്തൊടികള്‍ കനിഞ്ഞിടും
പാഴ്‌വസ്തുവേന്തിക്കിതച്ചു നടക്കുവോള്‍...
ചെയ്യാത്ത കുറ്റം ശിരസാ വഹിക്കുവാന്‍
ചൊല്ലും ജനങ്ങളെ നോക്കി വിതുമ്പുവോള്‍...
ഒപ്പം ചരിക്കുന്ന തന്‍ നിഴല്‍പോലുമി-
ന്നുഗ്രവിപത്തെന്നു തോന്നി ഭയക്കുവോള്‍...
വന്‍തിരപോലെ കുതിച്ചു പാഞ്ഞെത്തുന്ന
നൊമ്പരം നെഞ്ചിലൊളിപ്പിച്ചു പാടുവോള്‍...
ആരിവള്‍?
ആരിവളെന്നു ഞാന്‍ തേടവേയുള്ളില്‍നി-
ന്നാരോ മൊഴിയുന്നു നീതന്നെയാണിവള്‍!
https://www.facebook.com/groups/144983732246185/permalink/468710146540207/

2013, മേയ് 29, ബുധനാഴ്‌ച

നിസ്സംഗത

എന്തൊരു നിസ്സംഗത നിനക്കി? ന്നെന്തേ നിന്റെ
ചിന്തയും സംവേദന സ്പര്‍ശിനികളും മൃത-
മാകുവാന്‍? വേദാന്തത്തിന്‍ ശുഷ്‌ക്കമാം പഥങ്ങളി-
ലേകതാനമാം താളം! സംഗീതമില്ലാ നിന്നില്‍!!

അറിയൂ: മരവിപ്പും അരതീഭാവങ്ങളും
മരണം, ജീവന്‍ മൃതിയണിയും കറുപ്പിലോ 
ഇരുളിന്‍ പരപ്പിലോ ഉണര്‍വായ് മാറില്ലതു
കരളിന്‍തുടിപ്പാകാന്‍ ആര്‍ദ്രതയനിവാര്യം!

2013, മേയ് 27, തിങ്കളാഴ്‌ച

ആനക്കാര്യം



ചാക്കോ സി. പൊരിയത്ത് 
 
ആനയൊന്നുമല്ലിതെന്നറിയാമെന്നാകിലു-
മാകെയൊരുഷ്ണം, കോച്ചിപ്പിടുത്ത, മിപ്പാതയില്‍
ആനയിട്ടൊരിച്ചൂടാറാത്ത വസ്തുവെപ്പോലും
പേടിക്കാനുപബോധമനസ്സു മന്ത്രിക്കുന്നു!
ഇത്രയ്ക്കു ഭയമില്ല ദൈവത്തെപ്പോലും, ദയാ-
ചിത്തനാണവിടുന്നെന്നറിവുള്ളവര്‍ നമ്മള്‍.
തെറ്റുകളേഴ,ല്ലെഴുപതുവട്ടവും ക്ഷമി-
ച്ചെപ്പൊഴും സ്‌നേഹിക്കുന്ന കാരുണ്യപാരാവാരം...
ദൈവത്തിന്‍ കാര്യം വേറെ, ആനതന്‍ കാര്യം വേറെ,
ആവുകില്‍ വഴിമാറിപ്പോകുന്നതല്ലോ ബുദ്ധി!
തന്‍തലപ്പൊക്കമെന്തെന്നറിയും മദയാന-
യ്‌ക്കെന്തിനു കാരുണ്യാദി മൃദുലവികാരങ്ങള്‍!
വന്‍തടി, യനായാസം മാറ്റുവോന്‍ താനെന്നുള്ള
ചിന്തയിലഭിരമിച്ചങ്ങനെ ഞെളിയുവോന്‍
തനിക്കുതുല്യംതാനേയുള്ളെന്ന മഹാഗര്‍വില്‍
ഭ്രമിക്കുമധികാരമത്തുമുണ്ടവന്നുള്ളില്‍.
പെട്ടെന്നെങ്ങാനും ചെന്നു ചാടൊലാ മുന്നില്‍, മദം
പൊട്ടിനില്ക്കുകയാണെന്നെപ്പൊഴും ബോധം വേണം!

ഒട്ടുകാലമിങ്ങനെ നിന്നോട്ടെ, മദപ്പാടു
വിട്ടൊഴിയവെ, വര്‍ഷമങ്ങനെ കൊഴിയവെ
കൊച്ചൊരു മരക്കൊമ്പും പൊക്കുവാന്‍ കഴിയാതെ 
ഈച്ചയാട്ടുവാന്‍ തുമ്പിയനക്കാനാവാതെയും
മസ്തകം കുനിച്ചൊരു നില്പുനില്ക്കുമന്നിവന്‍
ഉത്തരം തിരയുന്ന ചോദ്യചിഹ്നമെന്നപോല്‍.

അതു പിന്നത്തെക്കാര്യ; മിപ്പോഴീ വഴിയോര-
ത്തൊതുങ്ങിപ്പതുങ്ങി നാം തടി കാക്കുക നന്ന്....! 

2013, മേയ് 14, ചൊവ്വാഴ്ച

ചെല്ലമ്മ അതിരമ്പുഴയുടെ രണ്ടു കവിതകള്‍


ആര്? 


ഈ മനസ്സിന്റെ നൈര്‍മല്യം കെടുത്തുവാന്‍
ഇന്നിവിടെത്തിയതാര്?
തോല്‍ക്കാത്ത വീഥികള്‍ തോറും ഞെരിഞ്ഞിലിന്‍
മുള്ളു വിതറിയതാര്?

സ്‌നേഹനീര്‍ക്കുമ്പിള്‍ ജലത്തിലും പാഷാണ-
ഭസ്മം കലക്കിയതാര്?
ദാഹിച്ചുനില്ക്കും പഥികന്‍ പൊരിച്ചിലില്‍
വീണു പിടയുന്നു, കണ്ടോ?

നന്മതന്‍ ഗോപുരവാതില്ക്കല്‍ത്തന്നെയാം
തിന്മയാം വേതാളം നില്‍ല്പ്പൂ
ദംഷ്ട്രകള്‍ കാട്ടി ഭയപ്പെടുത്തും വിധം
 
മാര്‍ഗമടഞ്ഞു നില്ക്കുന്നു


മാനസപുഷ്പം
മഞ്ഞിന്‍കണികപോല്‍ മിന്നിത്തിളങ്ങുന്ന
മാനസപുഷ്പത്തിലല്ലോ
കണ്ണുനീരുപ്പു നുണഞ്ഞവള്‍, കണ്ണകി
 
പൂമ്പാറ്റയായണയുന്നു

നിര്‍മ്മലചിന്താമധു നുകര്‍ന്നീടവെ
കണ്ണകി സൗമ്യയായ് മാറും
കാതരഭാവം മനസ്സിന്റെ ചെപ്പിലെ
 
നീര്‍മണി മുത്താക്കി മാറ്റും

എന്നും പ്രതീക്ഷതന്‍ മുറ്റത്തു നില്ക്കുന്ന
 
മാനസപുഷ്പമാണല്ലോ
നിത്യം കവിതയായ് പൂക്കുന്നതിങ്ങുവ-
ന്നാസ്വദിച്ചീടുവിന്‍ നിങ്ങള്‍!

2013, മേയ് 13, തിങ്കളാഴ്‌ച

സമന്വയം


വി.ജെ.വടാച്ചേരി

അകത്തല്ലീശ്വരന്‍
, പുറത്തല്ലീശ്വരന്‍
അലിഞ്ഞിരിക്കുന്നു നിശ്ശൂന്യതതന്നില്‍
എനിക്കുള്ളീശ്വരന്‍ ത്രിമൂര്‍ത്തിനാമമായ് 
നിനക്കുള്ളീശ്വരന്‍ ത്രിയേക ദൈവമായ്
 
അവനുമുണ്ടീശ, നവന്റെയള്ളാഹു!
ഒരിടത്തുമില്ലാതെവിടെയുമുണ്ടായ്
ഒളിഞ്ഞിരിപ്പവന്‍ പരാപരന്‍ ദൈവം!!

കടലലകളില്‍ ലവണമെന്നപോല്‍
ലയിച്ചിരിപ്പവന്‍ ദയാപരനീശന്‍
അവനെ നാം വൃഥാ തെരുവോരങ്ങളില്‍
ത്രിശൂലച്ചോട്ടിലോ കുരിശിന്‍ മൂട്ടിലോ
ശശികലയുടെ പടം വരഞ്ഞതാം
കുടത്തിനുള്ളിലോ ധനങ്ങളര്‍പ്പിച്ചു
കരഗതമാക്കാന്‍ ശ്രമിപ്പിലാകുമോ?


നിനയ്ക്കില്‍ മാരിവില്‍ നിറങ്ങളേഴുമേ
ഹിരണ്മയന്‍തന്റെ കൊടികളല്ലയോ?
മഴവില്ലു കടഞ്ഞതിന്‍ നവനീതം
കരസ്ഥമാക്കുമ്പോള്‍ ഹിരണ്മയരൂപം
മനുഷ്യനേത്രങ്ങള്‍ കവര്‍ന്നുകൊണ്ടെങ്ങോ
അകന്ന ദൃശ്യ്മായ് മറഞ്ഞുപോകുന്നു!
മരണത്തിന്‍ സൈറണ്‍ മുഴക്കം തീരുമ്പോള്‍
ശരിക്കു നേര്‍ക്കുനേര്‍ക്കവനെക്കണ്ടിടാം!!

അകത്തുനിന്നവന്‍ പുറത്തിറങ്ങുമ്പോള്‍
പുറത്തുനിന്നോനുമകത്തിരുന്നോനും
ഒരുവനാണെന്നതറിഞ്ഞിടാനാവും!
അവസാനമാരാന്‍ മിഴിയിണകളെ
തഴുകിച്ചേര്‍ക്കുമ്പോഴവനും ഞാനുമായ്
ലയിച്ചുചേര്‍ന്നിട്ടൊരനന്വയമാകും!!

2013, ജനുവരി 16, ബുധനാഴ്‌ച

2013, ജനുവരി 10, വ്യാഴാഴ്‌ച

-:Marunadan Malayali:- - മലയാളി നഴ്‌സുമാരെ തേടി കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി കേരളത്തില്‍; സര്‍വ്വ മേഖലകളിലും മലയാളികള്‍ക്ക് സ്വാഗതമെന്ന് മന്ത്രി

-:Marunadan Malayali:- - മലയാളി നഴ്‌സുമാരെ തേടി കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി കേരളത്തില്‍; സര്‍വ്വ മേഖലകളിലും മലയാളികള്‍ക്ക് സ്വാഗതമെന്ന് മന്ത്രി: "Latest "

'via Blog this'

p4panorama | 360 degree interactive virtual tour | Leen Thobias | panorama photographer | Kerala | India

p4panorama | 360 degree interactive virtual tour | Leen Thobias | panorama photographer | Kerala | India:

'via Blog this'