ഇന്നലെ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ പൊന്‍കുന്നത്തിനടുത്തുള്ള
പനമറ്റം ദേശീയ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമായിരുന്നു. പ്രശസ്ത
ഗ്രന്ഥകാരന്‍ ശ്രീ. സി. രാധാകൃഷ്ണനാണ് അതു നിര്‍വഹിച്ചത്. സാംസ്‌കാരികമായി
കേരളത്തിനുള്ള പോസിറ്റീവും നെഗറ്റീവുമായ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട്, ഇന്ന്
നാം നേരിടുന്ന സാംസ്‌കാരിക പ്രതിസന്ധിയെന്തെന്നും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും
വ്യക്തമാക്കിയ ആ പ്രസംഗം എല്ലാ കേരളീയരും അതേപടി കേള്‍ക്കേണ്ടതായിരുന്നു.
പനമറ്റമെന്നു കേട്ടിട്ടു പോലും ഇല്ലാത്ത അദ്ദേഹം
വളരെ ദൂരെ നിന്ന് ഇവിടെ എത്തി നടത്തിയ പ്രസംഗത്തിന്റെ സാരമെങ്കിലും
രേഖപ്പെടുത്തി വയ്ക്കാതിരുന്നാല്‍ അത് വലിയ അനീതിയായിരിക്കുമെന്നു
തോന്നുന്നതിനാലാണ് ഈ കുറിപ്പ്:
കേരളമോഡല്‍ എന്നു പ്രകീര്‍ത്തിക്കപ്പെടുന്ന ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം,
സമുദായസൗഹാര്‍ദ്ദം, സ്ത്രീശാക്തീകരണം മുതലായ
മേഖലകളില്‍ നാം നേടിയിട്ടുള്ള നേട്ടങ്ങളുടെയെല്ലാം പിന്നില്‍ കേരളത്തിലെ
ഗ്രന്ഥശാലാ പ്രസ്ഥാനവും ഗ്രന്ഥശാലകളും പുസ്തകങ്ങളും വഹിച്ച പങ്ക്
എന്തെന്നായിരുന്നു അദ്ദേഹം ആദ്യം വിശദീകരിച്ചത്. ലോകത്തൊരിടത്തും, ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തും, ഉണ്ടായിട്ടില്ലാത്ത ഈ നേട്ടം
ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയുടെ വരവോടെ എത്രമാത്രം പിന്നാക്കം പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് അതിനുശേഷം അദ്ദേഹം വിശദീകരിച്ചു. നമുക്കിടയില്‍ ജാതി-മത വികാരങ്ങളെ ഊട്ടിവളര്‍ത്തുന്ന
സ്ഥാപിതതാത്പര്യങ്ങള്‍ തിരിച്ചറിയാന്‍ നമുക്കുണ്ടായിരുന്ന വായനാസംസ്‌കാരവും
മത-സമുദായ ഭേദങ്ങള്‍ക്കതീതമായ ഹൃദയബന്ധങ്ങളും നാം തന്നെ തിരിച്ചു
പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഊന്നിപ്പറഞ്ഞത്. എന്‍ട്രന്‍സ്
പരീക്ഷകള്‍ പാസ്സാകാന്‍ ഗുളികരൂപത്തിലുള്ള അറിവു ശേഖരിക്കുന്നവിധത്തില്‍ ഇന്നു നാം
നമ്മുടെ കുട്ടികള്‍ക്കു നല്കുന്ന വിദ്യാഭ്യാസം എത്രമാത്രം ശോചനീയമാണെന്നും വിവേകം
വളര്‍ത്തുന്ന വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഗ്രന്ഥപാരായണം
എത്രമാത്രംഅനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാലത്ത് വളരെ
ശക്തമായിരുന്ന ഗ്രന്ഥപാരായണ സംസ്‌കാരം വീണ്ടെടുക്കാന്‍ കേരളത്തില്‍ ഉള്ള
ഗ്രന്ഥശാലകള്‍ സജീവമാക്കേണ്ടിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം പനമറ്റം വായനശാല
പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ കേരളത്തില്‍ ഇപ്പോള്‍
അധികമില്ലെന്നും ചൂണ്ടിക്കാട്ടി.
NB
മിക്കവാറും ഇങ്ങനെയുള്ള പരിപാടികള്‍ക്കു പോകുമ്പോള്‍ മൊബൈല്‍ഫോണിലെ
വോയ്‌സ് റിക്കാര്‍ഡറില്‍ പ്രസംഗങ്ങള്‍ പകര്‍ത്തിക്കൊണ്ടുപോരുന്ന
രീതിയുണ്ടായിരുന്നു. എന്റെ ഫോണില്‍ ഇപ്പോള്‍ ആ സംവിധാനമില്ലാത്തതിനാല്‍ അതിനു
കഴിഞ്ഞില്ല. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ സംഘാടകര്‍ മനസ്സുവച്ചാല്‍,
ഒരു മൊബൈല്‍ഫോണില്‍ പ്രസംഗങ്ങള്‍ റിക്കാര്‍ഡുചെയ്താല്‍, അത്
ഇ- മെയില്‍ അറ്റാച്ച്‌മെന്റ് ആയി ഇന്റര്‍നെറ്റിലെ ഫോര്‍വേര്‍ഡിങ് സംവിധാനത്തിലൂടെ
ലോകമെങ്ങും എത്തിക്കാനാവും. എഡിറ്റുചെയ്ത് പോഡ് കാസ്റ്റുചെയ്യുകയും ട്രാന്‍സ്‌ക്രൈബ്
ചെയ്ത് ഇ- ബുക്കാക്കി പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നത് കൂടുതല്‍
നന്നായിരിക്കും. അതിനായി CCC (Centre for Creative Communication) e-books എന്നൊരു പ്രസ്ഥാനം സമാരംഭിക്കാന്‍ കരുതുന്നുണ്ട്.
പരിപാടികളുടെ ഫോട്ടോകള്‍
പ്രചരിപ്പിക്കുന്നതിലും പ്രധാനം
ഇത്തരത്തിലുള്ള ആശയപ്രചാരണമാണ്.
സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.
പരിപാടികളുടെ ഫോട്ടോകള്‍
പ്രചരിപ്പിക്കുന്നതിലും പ്രധാനം
ഇത്തരത്തിലുള്ള ആശയപ്രചാരണമാണ്.
സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ