2016, ജനുവരി 26, ചൊവ്വാഴ്ച

കേരളമാതൃക നിലനിര്‍ത്താന്‍ വായനാസംസ്‌കാരം വീണ്ടെടുക്കുക - സി. രാധാകൃഷ്ണന്‍

ഇന്നലെ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ പൊന്‍കുന്നത്തിനടുത്തുള്ള പനമറ്റം ദേശീയ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമായിരുന്നു. പ്രശസ്ത ഗ്രന്ഥകാരന്‍ ശ്രീ. സി. രാധാകൃഷ്ണനാണ് അതു നിര്‍വഹിച്ചത്. സാംസ്‌കാരികമായി കേരളത്തിനുള്ള പോസിറ്റീവും നെഗറ്റീവുമായ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട്, ഇന്ന് നാം നേരിടുന്ന സാംസ്‌കാരിക പ്രതിസന്ധിയെന്തെന്നും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും വ്യക്തമാക്കിയ ആ പ്രസംഗം എല്ലാ കേരളീയരും അതേപടി കേള്‍ക്കേണ്ടതായിരുന്നു. പനമറ്റമെന്നു കേട്ടിട്ടു പോലും ഇല്ലാത്ത അദ്ദേഹം  വളരെ ദൂരെ നിന്ന് ഇവിടെ എത്തി നടത്തിയ പ്രസംഗത്തിന്റെ സാരമെങ്കിലും രേഖപ്പെടുത്തി വയ്ക്കാതിരുന്നാല്‍ അത് വലിയ അനീതിയായിരിക്കുമെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്:
കേരളമോഡല്‍ എന്നു പ്രകീര്‍ത്തിക്കപ്പെടുന്ന ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സമുദായസൗഹാര്‍ദ്ദം, സ്ത്രീശാക്തീകരണം മുതലായ മേഖലകളില്‍ നാം നേടിയിട്ടുള്ള നേട്ടങ്ങളുടെയെല്ലാം പിന്നില്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും ഗ്രന്ഥശാലകളും പുസ്തകങ്ങളും വഹിച്ച പങ്ക് എന്തെന്നായിരുന്നു അദ്ദേഹം ആദ്യം വിശദീകരിച്ചത്. ലോകത്തൊരിടത്തും, ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തും, ഉണ്ടായിട്ടില്ലാത്ത ഈ നേട്ടം ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയുടെ വരവോടെ എത്രമാത്രം പിന്നാക്കം പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് അതിനുശേഷം അദ്ദേഹം വിശദീകരിച്ചു. നമുക്കിടയില്‍ ജാതി-മത വികാരങ്ങളെ ഊട്ടിവളര്‍ത്തുന്ന സ്ഥാപിതതാത്പര്യങ്ങള്‍ തിരിച്ചറിയാന്‍ നമുക്കുണ്ടായിരുന്ന വായനാസംസ്‌കാരവും മത-സമുദായ ഭേദങ്ങള്‍ക്കതീതമായ ഹൃദയബന്ധങ്ങളും നാം തന്നെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഊന്നിപ്പറഞ്ഞത്. എന്‍ട്രന്‍സ് പരീക്ഷകള്‍ പാസ്സാകാന്‍ ഗുളികരൂപത്തിലുള്ള അറിവു ശേഖരിക്കുന്നവിധത്തില്‍ ഇന്നു നാം നമ്മുടെ കുട്ടികള്‍ക്കു നല്കുന്ന വിദ്യാഭ്യാസം എത്രമാത്രം ശോചനീയമാണെന്നും വിവേകം വളര്‍ത്തുന്ന വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഗ്രന്ഥപാരായണം എത്രമാത്രംഅനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാലത്ത് വളരെ ശക്തമായിരുന്ന ഗ്രന്ഥപാരായണ സംസ്‌കാരം വീണ്ടെടുക്കാന്‍ കേരളത്തില്‍ ഉള്ള ഗ്രന്ഥശാലകള്‍ സജീവമാക്കേണ്ടിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം പനമറ്റം വായനശാല പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ കേരളത്തില്‍ ഇപ്പോള്‍ അധികമില്ലെന്നും ചൂണ്ടിക്കാട്ടി. 

NB


മിക്കവാറും ഇങ്ങനെയുള്ള പരിപാടികള്‍ക്കു പോകുമ്പോള്‍ മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡറില്‍ പ്രസംഗങ്ങള്‍ പകര്‍ത്തിക്കൊണ്ടുപോരുന്ന രീതിയുണ്ടായിരുന്നു. എന്റെ ഫോണില്‍ ഇപ്പോള്‍ ആ സംവിധാനമില്ലാത്തതിനാല്‍ അതിനു കഴിഞ്ഞില്ല. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ സംഘാടകര്‍ മനസ്സുവച്ചാല്‍, ഒരു മൊബൈല്‍ഫോണില്‍ പ്രസംഗങ്ങള്‍ റിക്കാര്‍ഡുചെയ്താല്‍, അത് ഇ- മെയില്‍ അറ്റാച്ച്‌മെന്റ് ആയി ഇന്റര്‍നെറ്റിലെ ഫോര്‍വേര്‍ഡിങ് സംവിധാനത്തിലൂടെ ലോകമെങ്ങും എത്തിക്കാനാവും. എഡിറ്റുചെയ്ത് പോഡ് കാസ്റ്റുചെയ്യുകയും ട്രാന്‍സ്‌ക്രൈബ് ചെയ്ത് ഇ- ബുക്കാക്കി പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നത് കൂടുതല്‍ നന്നായിരിക്കും.  അതിനായി CCC (Centre for Creative Communication) e-books എന്നൊരു പ്രസ്ഥാനം സമാരംഭിക്കാന്‍ കരുതുന്നുണ്ട്. 
പരിപാടികളുടെ ഫോട്ടോകള്‍

പ്രചരിപ്പിക്കുന്നതിലും പ്രധാനം 

ഇത്തരത്തിലുള്ള ആശയപ്രചാരണമാണ്. 
സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.

2016, ജനുവരി 24, ഞായറാഴ്‌ച

സ്മൃതിസുഗന്ധം

ചാക്കോ സി. പൊരിയത്ത്

'മീഡിയാ ഹൗസ് 'കോഴിക്കോട് പ്രസിദ്ധീകരിച്ച 
'പച്ചില പഴുതില' എന്ന കവിതാസമാഹാരത്തിലെ 
ആദ്യ കവിതയാണിത്.

കാപ്പിപ്പൂവിന്‍ പരിമളമേന്തിയ
കാറ്റേ, കുഞ്ഞിക്കാറ്റേ, നിന്നുടെ
കാണാച്ചിറകടി കേട്ടെന്‍ കരളി ല്‍ 
പുതുപുളകം വിരിയുന്നു, നിന്നെ-
പ്പുണരാനെന്റെ മനം പിടയുന്നു...

എങ്ങോനിന്നിവിടത്തിലണഞ്ഞി,നി
എങ്ങോട്ടെന്നു പകച്ചുഴലും ഞാന്‍
എങ്ങോ വച്ചുമറന്നേനൊരു മു-
ജ്ജന്മത്തിന്റെ വിനീതസ്മൃതിയാ-
മെന്നെ;ത്തേടിയെടുത്തതു നീയേ...

ആ മധുരോദാരാര്‍ദ്രസ്പര്‍ശന-
മാത്മാവില്‍ക്കുളിര്‍മാരി പൊഴിക്കെ
നീരവമുണരുന്ന,നുഭൂതികള്‍ത ന്‍
ആയിരമങ്കുര,മവിടെയൊരുര്‍വര
നടനവിലാസമരങ്ങേറുന്നൂ...

(എങ്കിലു,മിനിയുമുണങ്ങാതുള്ളൊരു
മുറിവില്‍, മാമകമൂകസ്മൃതികളി-
ലെങ്ങോപൊട്ടിയകന്നു വിതുമ്പും
തന്ത്രികളില്‍, പരിമൃദുലകരാംഗുലി
ചെന്നുതൊടുന്നതു നിന്റേതല്ലോ...!)

പാരുവിരിച്ചൊരു ശയ്യയിലെന്നെ
വാനം താണുപുതപ്പിക്കുമ്പോള്‍
ആരും കാണാതെന്നുടെ ചിമിഴി-
ന്നായിരമറകള്‍ നിറച്ചീടട്ടേ
ആ മൃദുപദവിന്യാസധ്വനിയാല്‍...

2016, ജനുവരി 20, ബുധനാഴ്‌ച

കണി

ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ കവിതകള്‍ എന്ന പുസ്തകത്തിലെ ആദ്യകവിത 

സമയമിതുതാനെന്നറിയിച്ചു ഭംഗിയില്‍
ശയനം കഴിഞ്ഞെഴുന്നേറ്റു വെളുപ്പിനേ
വെളിവോടെ രചിക്കുക നല്‍വരമോതി നീ!
കലിതകുതുകം ഞാനെടുത്തിതു തൂലിക!!

മലകള്‍തന്‍ ഭംഗി കാണിച്ചുകൊണ്ടെന്നെ നീ
അലമലമിതേറെയായ് നേരമെന്നോതവെ
മരതകമണിഞ്ഞെഴും ശോഭയില്‍ മാമല-
ച്ചെരിവിലൂടെത്തിക്കളഗാനമോതിടും

പുഴയും മുകളിലെത്തൂമാരിവില്ലുമെന്‍
മനമതിന്‍ തൈമാവിലെത്തിടും പക്ഷിയും
അകളങ്കമാര്‍ന്ന കുതൂഹലത്തോടെ ഞാന്‍
വിഷുവിന്നുതന്നെയെന്നോര്‍ത്തു സംതൃപ്തിയില്‍!

പുഴയുടെ സമീപമുള്ളോരെന്റെ പള്ളിയില്‍
പലതവണ പ്രാര്‍ഥിപ്പതിന്നു പോകുമ്പൊഴും
ഭഗവദ്വചനങ്ങള്‍ പങ്കുവയ്ക്കുമ്പൊഴും
സഫലമീ സംതൃപ്തി ലഭ്യമല്ലെങ്കിലും

ഒരുനിമിഷമിക്കാഴ്ച കണ്ടുണര്‍ന്നീടവെ
പെരിയ സംതൃപ്തിയില്‍ തൂലികയ്‌ക്കൊക്കെയും
ഒരു കണിയുമില്ലാതടഞ്ഞൊരെന്‍ മാനസ-
ക്കുരുവികള്‍ പറക്കുന്നിതദ്രിതന്‍ മീതെയായ്!

മഹിതമൊരു കാവ്യം രചിച്ച മഹാകവി-
പ്രതിഭയുടെ പ്രതിമയെന്‍ നാട്ടിലുയരവെ
ശ്രുതിചരഗണം ശുദ്ധമാകാശവീഥിയില്‍
പ്രതിനിമിഷമീക്ഷിച്ചു പാടുന്നു പൈങ്കിളി

കനകരഥമേറട്ടെ കാവ്യപ്രതിഭകള്‍
കവിതകളൊഴുക്കട്ടെ, കാവ്യം നിറയ്ക്കട്ടെ,
കളരവമൊഴുക്കട്ടെ കാനനച്ചോലകള്‍
കരവിരുതു കാട്ടട്ടെ കൃഷകരവരൊക്കെയും.

അസുലഭമതാം ഗന്ധമാളും ലവംഗവും
കഠിനതരമീട്ടിയും തേക്കും വനങ്ങളും
മൃദുപവനനൂയലാടും മണിപ്പാടവും
പുഴകള്‍ പ്രവഹിക്കുന്ന പാഴ്മണല്‍ത്തിട്ടയും

അലകടലു തഴുകുമെന്‍ കേരളം കണ്‍മിഴി-
ച്ചിവിടെയൊരു കാഴ്ച കാണാന്‍ കണിയായിതേ!
ശുഭശകുനമാണിന്നെനിക്കു ഞാന്‍ കൈവച്ച
ലിപികളുയിര്‍കൊള്ളുന്നു നൂതനഭംഗിയില്‍.

2016, ജനുവരി 18, തിങ്കളാഴ്‌ച

അഗസ്റ്റിന്‍ ഇടമറ്റം - വ്യക്തിയും കവിയും

ചാക്കോ സി. പൊരിയത്ത് 

ജന്മനാ കവിയും അധ്യാപകനുമായ ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ ചെറുതെങ്കിലും പ്രൗഢമായ ഒരു സദസ്സില്‍വച്ച് 2016 ജനുവരി 17-ന് കട്ടക്കയം കവിസദസ്സിന്റെ സ്ഥാപക പ്രസിഡന്റായ ശ്രീ. അബ്രാഹം മൂഴൂരിന് നല്കിക്കൊണ്ട് ഡോ. കുര്യാസ് കുമ്പളക്കുഴി പ്രകാശിപ്പിക്കുകയുണ്ടായി. അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ സഹോദരന്‍ കൂടിയായ പ്രൊഫ. സി. ജെ സെബാസ്റ്റ്യനായിരുന്നു യോഗാധ്യക്ഷന്‍. നാല്പതിലേറെ വര്‍ഷമായി പാലായില്‍ പ്രവര്‍ത്തിച്ചുവരുന്ന കട്ടക്കയം കവിസദസ്സാണ് അതിന്റെ സെക്രട്ടറിയുടെ തെരഞ്ഞെടുത്ത കവിതകള്‍ സമാഹരിച്ചത്. ഇന്ന് ആ പുസ്തകത്തില്‍ ഉള്ള ചാക്കോ സി. പൊരിയത്ത് എഴുതിയ അഗസ്റ്റിന്‍ ഇടമറ്റം - വ്യക്തിയും കവിയും എന്ന ലേഖനം പ്രസിദ്ധീകരിക്കുന്നു.
നാളെ ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം എഴുതിയ ആമുഖവും നാളെകഴിഞ്ഞു മുതല്‍ എല്ലാ വ്യാഴാഴ്ചയും ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ കവിതകളും എല്ലാ ശനിയാഴ്ചയും ശ്രീ. ചാക്കോ സി. പൊരിയത്ത് എഴുതിയ കവിതകളും എല്ലാ തിങ്കളാഴ്ചയും ശ്രീ ജോണി പ്ലാത്തോട്ടം എഴുതിയ കവിതകളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പാലാ സഹൃദയസമിതിയിലെയും കട്ടക്കയം കവിസദസ്സിലെയും അംഗങ്ങളുടെ കവിതകള്‍ ഈ ബ്ലോഗില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രസിദ്ധീകരിക്കുന്നതാണ്. 
ഇങ്ങനെ ചെയ്യുന്നത് അതിലൂടെ സ്ഥല-കാല-സാമ്പത്തിക പരിമിതികളെ അതിലംഘിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെയാണ്.
അത്തരക്കാരെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല; അവരങ്ങനെയാണ്. പെട്ടെന്ന് വികാരം കൊള്ളും. ക്ഷിപ്രകോപികളും ഒപ്പം, ക്ഷിപ്രപ്രസാദികളുമാണ് ഇക്കൂട്ടര്‍.  കോപം വന്നാല്‍ വായില്‍ത്തോന്നുന്നതൊക്കെ പറഞ്ഞെന്നിരിക്കും.  പക്ഷേ, ഉള്ളില്‍ ഒന്നും വച്ചുകൊണ്ടു പെരുമാറുന്ന സ്വഭാവമില്ല.  പൊതുവേ ശുദ്ധഗതിക്കാര്‍, നിഷ്‌ക്കളങ്കര്‍.  വികാരത്തിനു പെട്ടെന്നടിമപ്പെടുന്നവരാണെന്നതിനാല്‍ നിരുപദ്രവകാരികളെന്ന് അവരെക്കുറിച്ചു പറയാമോ എന്നറിയില്ല! 
ഇവിടെ ഇത്രയും കുറിച്ചത് ശിഷ്യതുല്യരെന്നു പറയാവുന്ന ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്ന, ഗുരുസ്ഥാനീയനായ ഒരു സവിശേഷവ്യക്തിയെ ഉദ്ദേശിച്ചുകൂടിയാണ്.  പേര് അഗസ്റ്റിന്‍ ഇടമറ്റം.  പ്രായം നവതിയോടടുക്കാറായത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസ്ഥ ഞങ്ങള്‍ക്കറിയില്ല.  ഉദ്യോഗസ്ഥനായിരുന്നിട്ടുമില്ല.  ഒന്നാംതരം ഗണിതശാസ്ത്രാദ്ധ്യാപകനാണ്.  ഇത്ര നന്നായി, ഉച്ചാരണശുദ്ധി പാലിച്ച് ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്നവര്‍ വിരളം.  സംസ്‌കൃതത്തിലും പാണ്ഡിത്യമുണ്ട്.  ശുദ്ധമായ മലയാളത്തില്‍ എഴുതാനും പറയാനും സമര്‍ത്ഥന്‍.  നല്ല കവി.  എന്തെങ്കിലുമൊരു പോരായ്മ ചൂണ്ടിക്കാട്ടാമോ ഈ ബഹുമുഖ പ്രതിഭയുടെ കാര്യത്തില്‍, എന്നു ചോദിക്കുന്ന പക്ഷം, ആള്‍ അത്ര പുരോഗമനവാദിയൊന്നുമല്ലെന്നു പറയേണ്ടിവരും!  നല്ല കവിത്വമുള്ളയാളാണെങ്കിലും എഴുത്തുവഴിയില്‍ പഴയ സങ്കേതങ്ങളില്‍ത്തന്നെയാണിപ്പോഴും.  വരിയൊപ്പിച്ചെഴുതാന്‍ ഒരു മുട്ടുമില്ലാത്തയാള്‍, വാക്കുകള്‍ക്കു പഞ്ഞമില്ലാതെ എഴുതാന്‍ കഴിയുന്നയാള്‍.  പക്ഷേ, കേരളവര്‍മ്മക്കാലത്തെ ചില ശാഠ്യങ്ങള്‍ നിലനിന്നുകാണണമെന്നുണ്ട് ഇദ്ദേഹത്തിന്.  ദ്വിതീയാക്ഷരപ്രാസം വിട്ടൊരു കളിയുമില്ല.  അന്ത്യപ്രാസം, അനുപ്രാസം തുടങ്ങിയവയോടൊക്കെ അടങ്ങാത്ത കമ്പം! 
വ്യക്തിജീവിതത്തെക്കുറിച്ചു പറഞ്ഞാലോ? നൈഷ്ഠിക ബ്രഹ്മചാരി, നിത്യഖദര്‍ധാരി. പാലായില്‍ സഭാസ്ഥാപനങ്ങളോട് അടുത്ത ബന്ധം.  താമസവും അത്തരമൊരിടത്തുതന്നെ.  വിശ്വാസത്തോടും വൈദികരോടും വലിയ അടുപ്പം, ആദരം. പ്രകൃതിചികിത്‌സയുടെ പ്രചാരകനുമാണ് ശ്രീ അഗസ്റ്റിന്‍ ഇടമറ്റം. 
കവിതക്കമ്പക്കാരുടെ ഒരു സമിതി പാലായിലെ 'ദീപനാളം' വാരികയോടനുബന്ധിച്ച് ് പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുപതിറ്റാണ്ടാകുന്നു.  പേര് കട്ടക്കയം കവിസദസ്സ്.  ആരംഭശൂരത്വം ഒട്ടും കുറവായിരുന്നില്ല.  കാലക്രമേണ പ്രവര്‍ത്തനം മന്ദീഭവിച്ചു.  മുതിര്‍ന്ന ഏതാനും കവിതയെഴുത്തുകാര്‍ വല്ലപ്പോഴുമൊക്കെ കൂടി കവിത ചൊല്ലും, കേള്‍ക്കും, അഭിപ്രായം പറയും.  യുവ 'കവി'കള്‍ക്ക് ഇതിനൊന്നും നേരമില്ല! ഋതുസമ്മേളനങ്ങളും വാര്‍ഷിക യോഗങ്ങളുമൊക്കെ കേമമായി നടത്തിയ ചരിത്രമൊക്കെയുണ്ട്.  അന്നുമിന്നും സമിതിക്കൊരു കാര്യദര്‍ശിയുള്ളത് ഇദ്ദേഹമാണ് - ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം.  കവിസദസ്സ് വിളിച്ചുകൂട്ടുന്നതും ഇദ്ദേഹം തന്നെ.  പുതുകവിതയോട് തീരെ ബഹുമാനമില്ലെങ്കിലും പുതു കവികളോട് നീരസമൊന്നും കാട്ടാറില്ല ഇദ്ദേഹം.  പെട്ടെന്നു ചൂടാവും.  പുതുകവിതയെ എടുത്തു കുടയും. പിന്നെ, ശാന്തം, സ്വസ്ഥം! ശാസ്ത്രവും ടെക്‌നോളജിയുമൊക്കെ വളര്‍ന്ന് ഭാഷയെയും സാഹിത്യത്തെയും വരെ വല്ലാതെ ബാധിച്ചുതുടങ്ങിയിരിക്കുന്നെന്നു രോഷം കൊള്ളും.  പുതുതായ എന്തിനെയും നെറ്റി ചുളിച്ച് സംശയദൃഷ്ടിയോടെയേ വീക്ഷിക്കുകയുള്ളു.
ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം നൂറുകണക്കിനു കവിതകളെഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടവ ഏറെയില്ല. 'ദീപനാള'ത്തിലൂടെ വെളിച്ചം കണ്ടവയാണ് കൂടുതലും.  മംഗളശ്ലോകങ്ങളുടെ കുടുംബത്തില്‍പ്പെട്ടവതന്നെ കുറേയുണ്ട്; പിറന്നാള്‍ മംഗളങ്ങളും ജൂബിലിമംഗളങ്ങളുമൊക്കെ നേര്‍ന്നുകൊണ്ടുള്ളവ.  ഭാഷാവൃത്തങ്ങളില്‍ രചിക്കപ്പെട്ടവയുമുണ്ട് ഇക്കൂട്ടത്തില്‍.  ഇന്ന് ഇത്തരം ആശംസാരചനകളോട് ആളുകള്‍ക്കു താത്പര്യക്കുറവാണെന്നതൊന്നും കവിയെ ബാധിക്കുന്ന കാര്യങ്ങളല്ല! ഇദ്ദേഹമെഴുതിയവയെല്ലാം കതിര്‍ക്കനമുള്ളവയാണെന്നു പറഞ്ഞുകൂടാ.  പക്ഷേ, വളരെ ഹൃദ്യമായ, കവിത്വം തുളുമ്പി നില്‍ക്കുന്ന കുറേ കവിതകള്‍ ഇദ്ദേഹമെഴുതിയിട്ടുണ്ട്. 'വേഗപ്പൂട്ട്' എന്നഒരെണ്ണമോര്‍മ്മിക്കുന്നു.  നമ്മുടെ ചിക്കന്‍ഗുനിയക്കാലത്തെഴുതിയതാണ്. ('ദീപനാള' ത്തില്‍ വന്ന രചന) ആ കെട്ട രോഗം ബാധിച്ച് നടപ്പുമുട്ടിയവര്‍ ഏറെയുണ്ടായിരുന്നല്ലോ അന്ന്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ടു പിടിപ്പിക്കണമെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത് ആയിടെയാണ്.  ഭാവനാശാലിയായ കവി, ചിക്കന്‍ഗുനിയ ബാധിച്ച് നടപ്പിനു വേഗം കുറഞ്ഞുപോയ മനുഷ്യരെക്കുറിച്ചെഴുതിയ   മനോഹര കവിതയാണ് 'വേഗപ്പൂട്ട്'.  (വരികളൊന്നും ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ലെന്നത് കവിതയുടെ കുഴപ്പമല്ല, ഇത് കുറിക്കുന്നയാളുടേതാണ്.)
കടത്തുകാരന്‍, കല്‍ത്തച്ചന്‍, ഹരിശ്രീ, രാത്രിവണ്ടി, പാവം പ്രാവ് തുടങ്ങി ഒട്ടനേകം ഹൃദയഹാരിയായ കവിതകള്‍ ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം എഴുതിയിട്ടുണ്ട്.  ഒരു കാല്പനിക ലോകത്തെക്കുറിച്ചല്ല, പച്ചയായ  ജീവിതത്തെക്കുറിച്ചാണ് ഇദ്ദേഹം എഴുതാറുള്ളത്.  തനിക്ക് മനസ്സില്‍ക്കയറിക്കൂടുന്നതെന്തും രചനയ്ക്കു വിഷയമാക്കുന്നു ഈ കവി.  ഒരുദാഹരണം കുറിക്കട്ടെ:  വളരെക്കാലം യാത്രക്കാരെ കടത്തുതോണിയില്‍ അക്കരെയിക്കരെ തുഴഞ്ഞെത്തിച്ച ഒരു കടത്തുകാരനെക്കുറിച്ചെഴുതിയ കവിതയാണ് 'കടത്തുകാരന്‍'.  പുഴയ്ക്കു വിലങ്ങനേ ഒരു പാലം പണിയുക എന്നൊരാശയം പ്രാവര്‍ത്തികമാക്കുന്നകാലമായപ്പോഴേക്ക് കടത്തുകാരന്‍ വാര്‍ദ്ധക്യം ബാധിച്ചു കിടപ്പിലാകുന്നു.  വാക്കില്‍ കര്‍ക്കശക്കാരനെങ്കിലും പ്രവൃത്തിയില്‍ ശര്‍ക്കരപ്രായനായിരുന്നു അയാള്‍.  മുങ്ങിമരിക്കാതെ പലരെയും രക്ഷിച്ച ചരിത്രവും അയാള്‍ക്കുണ്ട്.  ലുബ്ധരായ യാത്രക്കാര്‍ കടത്തുകൂലി കൊടുക്കാതെ കടന്നുകളയുന്നതിലും ആ ' ഒറ്റത്തടി'ക്കാരനു പരിഭവമുണ്ടായിരുന്നില്ല.  ഒരു രാത്രിയില്‍ എവിടെയോ പോയിട്ട് വൈകിയെത്തിയ സ്ഥലത്തെ പ്രമാണിക്ക്, അക്കരെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയിരുന്ന കടത്തുകാരനെ ഏതാനും വട്ടം കൂവിവിളിച്ചുണര്‍ത്തേണ്ടി വന്നെന്നതുകൊണ്ടുണ്ടായ രോഷം തീര്‍ക്കാന്‍ കിട്ടിയതും കടത്തുകാരനെത്തന്നെ! പ്രതിഫലം കൊടുത്തതിങ്ങനെ:
''ചാട്ടവാറില്ലാഞ്ഞാകാം, കൊടുത്തു കവിളത്ത്
ശ്രേഷ്ഠസേവന വീരമുദ്രകള്‍ തെരുതെരെ.
നാട്ടുകാരെനിക്കുണ്ടെന്നോതിയില്ലവന്‍, തന്റെ
പാട്ടിനുപോയാന്‍ ദീര്‍ഘകായനാമുതലാളി......''        
ഇക്കവിതയിലെ കടത്തുകാരനോട് വികാരപരമായൊരു താദാത്മ്യമുണ്ട്, അയാളുടെ ദു:ഖകഥ വിവരിക്കുന്ന കവിക്ക്.  ഇതുപോലെ മനസ്സറിഞ്ഞെഴുതിയ പല കവിതകള്‍ ശ്രീ. അഗസ്റ്റിന്‍ ഇടമറ്റത്തിന്റേതായുണ്ട്.  തികഞ്ഞ മതവിശ്വാസിയും ദൈവ ക്തനും സഭാസ്‌നേഹിയുമായ ഈ കവിയുടെ കുറേ രചനകള്‍ ഇപ്പറഞ്ഞവയോടു ബന്ധപ്പെട്ടു രചിക്കപ്പെട്ടവയാണ്.  അവയില്‍ പലതും കാവ്യഗുണസ്പര്‍ശമുള്ളവതന്നെ.
കട്ടക്കയം കവിസദസ്സിന്റെ സ്ഥിരം കാര്യദര്‍ശിയായ അഗസ്റ്റിന്‍സാര്‍ ഇടയ്‌ക്കൊക്കെ കവിസദസ്സ് വിളിച്ചു ചേര്‍ക്കാറുണ്ട് ഇപ്പോഴും.  മറ്റു കവികളോടൊപ്പം തന്റെ രചന ഇദ്ദേഹവും അവതരിപ്പിക്കാറുണ്ട്.  വല്ല നോട്ടീസിന്റെയും മറുപുറത്ത് കുത്തിക്കുറിച്ചിട്ടുള്ള കവിത തപ്പിപ്പിടിച്ച് എടുത്തുകൊണ്ടു വന്നിരിക്കും കവി.  കൈയക്ഷരം കാഴ്ചയ്ക്കു കുഴപ്പമില്ലാത്തതാണെങ്കിലും കൂട്ടിയെഴുത്താണെന്നതിനാല്‍ കവിക്കുപോലും വായിച്ചൊപ്പിക്കാന്‍  കഴിയാതെ വരാറുണ്ട് മിക്കപ്പോഴും! ''എന്നതാ ഈ എഴുതി വച്ചിരിക്കുന്നത്!?'' എന്നിങ്ങനെ സ്വന്തം എഴുത്തിനെ കുറ്റപ്പെടുത്തി പിറുപിറുത്തുകൊണ്ട് മൂളിയും തപ്പിത്തടഞ്ഞും കവിതയവതരിപ്പിക്കും കവി.  മറ്റുള്ളവരെഴുതിയ കവിതകള്‍ ഇഷ്ടപ്പെടുന്നപക്ഷം അഭിനന്ദിക്കുന്ന കാര്യത്തില്‍ ഒട്ടും പിശുക്കുകാട്ടാറില്ല ഇദ്ദേഹം.  ഇഷ്ടമെങ്കില്‍ പെരുത്തിഷ്ടം, അനിഷ്ടമെങ്കില്‍ അളവു കുറയ്ക്കാത്ത അനിഷ്ടം- അതാണ് ഇദ്ദേഹത്തിന്റെ രീതി.  ഒരുദാഹരണം: കടമ്മനിട്ടയുടെ ചൊല്‍ക്കവിതകള്‍ക്ക് നല്ല പ്രചാരമുണ്ടായിരുന്ന കാലത്ത് ആ കവിയെയും കവിതയെയും അംഗീകരിക്കാന്‍ കഴിയാത്ത അഗസ്റ്റിന്‍ സാര്‍ കടമ്മനിട്ടയെ വിശേഷിപ്പിച്ചിരുന്നത് 'കടമകെട്ടോന്‍' എന്ന പ്രയോഗംകൊണ്ടായിരുന്നു! 
അഗസ്റ്റിന്‍ ഇടമറ്റം എന്ന പച്ചമനുഷ്യനെക്കുറിച്ച് ഒരു കാര്യം കൂടി പറയട്ടെ: ഏറെനാള്‍ കാണാതിരുന്നതിനുശേഷം അഗസ്റ്റിന്‍സാറിന്റെയടുക്കല്‍ ഒരു സുഹൃത്ത് എത്തുമ്പോഴാണ് ഇദ്ദേഹത്തിന്റെ സ്‌നേഹം ഏറെ വെളിവാകാറുള്ളത്.  നിറഞ്ഞ ചിരിയോടെ, മുഴങ്ങുന്ന ആക്രോശങ്ങളോടെ ആ സുഹൃത്തിനെ സ്വീകരിക്കുന്ന ഇദ്ദേഹത്തിന്റെ മുഖത്തെ ഭാവം ഒന്നു കണ്ടറിയേണ്ടതുതന്നെയാണ്! കവിസദസ്സു കൂടുമ്പോഴും അല്ലാത്തപ്പോഴും, താന്‍ വാങ്ങി സൂക്ഷിച്ചിട്ടുള്ള പലഹാരങ്ങള്‍ അദ്ദേഹം എടുത്തുകൊണ്ടുവരും.  ചിലപ്പോള്‍ അത് ഒരു  പായ്ക്കറ്റ് മിക്‌സചറായിരിക്കും, ചിലപ്പോള്‍ ബിസ്‌ക്കറ്റ്, മറ്റു ചിലപ്പോള്‍ ഈന്തപ്പഴം.  കവിതയ്ക്കും ലോഹ്യത്തിനുമൊപ്പം മറ്റുള്ളവരുമായി, അടുപ്പക്കാരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കുന്ന സ്‌നേഹനിധിയുമാണിദ്ദേഹം.  
മറ്റു പല കാര്യങ്ങളിലുമെന്നപോലെ ആഹാരകാര്യത്തിലും ചിലകണിശങ്ങളൊക്കെയുണ്ട് അഗസ്റ്റിന്‍ സാറിന്.  എല്ലാ ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കയില്ല.  വൃത്തിയും വെടിപ്പുമുള്ളിടത്തു നിന്നേ ഭക്ഷണം കഴിക്കുകയുള്ളു.  പരിസരത്തിരുന്നു ഭുജിക്കുന്നവരുടെ ആര്‍ത്തിയും പരവേശവും കണ്ണില്‍പ്പെട്ടാല്‍ സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് എഴുന്നേറ്റ് പോയെന്നിരിക്കും.  സ്വയം 'തീ വിഴുങ്ങിപ്പക്ഷി'യെന്നു വിശേഷിപ്പിക്കുമാറ് ചൂടുള്ള ആഹാരത്തോടാണ് പഥ്യം.
ഞങ്ങളുടെ ഈ അഗസ്റ്റിന്‍സാര്‍ ഗദ്യവും പദ്യവുമായി ഒത്തിരിയെഴുതിയ ആളാണെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിക്കപ്പെടുന്നത് ഇപ്പോഴാണ്; ഒത്തിരി വൈകിയ വേളയില്‍!   ഈ രചനകള്‍ വായിക്കുന്നവര്‍ക്ക് അഗസ്റ്റിന്‍ ഇടമറ്റം എന്ന വ്യക്തിയെയും വിയെയും സാമാന്യമായെങ്കിലും ബോദ്ധ്യപ്പെടാന്‍ ഈ പുസ്തകം ഉപകരിക്കട്ടെ എന്നേ ഈ കുറിപ്പെഴുത്തുകാരന്‍ ആഗ്രഹിക്കാവൂ. പ്രാര്‍ത്ഥിക്കാവൂ. .