2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

ശ്രീ. പി. വി. തോമസ് തലനാടിന്റെ കാലികപ്രസക്തി

മുപ്പതു വര്‍ഷം മുമ്പാണ് ശ്രീ പി. വി. തോമസ് തന്റെ വഴിത്താരകള്‍ എന്ന നോവല്‍ എഴുതി എം. പി. പോള്‍ അവാര്‍ഡിന് അയയ്ക്കുന്നതും അവാര്‍ഡു നേടുന്നതും. ആ നോവല്‍ പ്രസിദ്ധീകരിച്ചത് രണ്ടു ഭാഗങ്ങളായി ആയിരുന്നു. മലബാറിലെ കുടിയേറ്റഗ്രാമമായ വിലങ്ങാട് പ്രദേശത്ത് താമസിച്ച് അവിടത്തെ ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും ജീവിതം പഠിച്ചശേഷം എഴുതിയ ആ നോവല്‍ ഒരു ദളിത്ബാലന്റെ കഥയായിരുന്നു. അതിനുശേഷം മുപ്പതു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എഴുത്തിനെ ഒരു വരുമാനമാര്‍ഗമായി കണ്ട്, വായനക്കാരന്റെ പ്രിയം പരിഗണിച്ച് പലതും എഴുതേണ്ടിവന്നു. ജനപ്രിയ നോവലിസ്റ്റായപ്പോള്‍ പി. വി. തോമസ് തോമസ് തലനാട് ആയി മാറി. എങ്കിലുംശ്രീ.തോമസ് തന്നെ  പൈങ്കിളി എന്നു കണക്കാക്കുന്നവയില്‍പോലും സമകാലികജീവിതസമസ്യകള്‍ ആവിഷ്‌കരിക്കാന്‍ തോമസ് ശ്രമിച്ചിട്ടുണ്ട്. (നോവല്‍ ഏതുതരത്തില്‍പ്പെട്ട വായനക്കാരുടെ ഹിതത്തെക്കാളുപരി പ്രിയത്തെ മാനിച്ച് എഴുതുന്ന നോവലുകളെ പൈങ്കിളിയെന്നു വിളിക്കാം. പ്രിയം, ഹിതം എന്നീ വാക്കുകളുടെ അര്‍ഥം കൃത്യമായി അറിയാവുന്നവര്‍ ഇന്നു കേരളത്തില്‍ വളരെ കുറവാണ്. അവ തമ്മിലുള്ള വ്യത്യാസം ചെന്നിനായകം രോഗികള്‍ക്ക് പ്രിയങ്കരമല്ലെങ്കിലും ഹിതകരമാണ്, പഞ്ചസാര പ്രിയങ്കരമെങ്കിലും ഹിതകരമല്ല എന്നീ വാക്യങ്ങളില്‍നിന്നു വളരെ ലളിതമായി മനസ്സിലാക്കാം.)
ഇന്നുമുതല്‍ ഇന്റര്‍നെറ്റിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന തീര്‍ഥം എന്ന നോവല്‍ വഴിത്താരകളുടെ ചൈതന്യം ഉള്‍ക്കൊണ്ട് ജനപ്രിയം എന്നതിലേറെ ജനഹിതം പരിഗണിച്ച് എഴുതിയിട്ടുള്ള ഒരു നോവലാണ്. ജാതി മത രാഷ്ട്രീയ വർഗീയ വിഭാഗീയതകൾക്കെതിരെ ചെറുത്തുനിൽക്കേണ്ടതിന്റെയും മാനവികതയ്ക്കായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യമാക്കിത്തരുന്ന ഈ നോവൽ ഹൃദയസ്പർശിയും ആകാംക്ഷാഭരിതവുമായജീവിതമുഹൂർത്തങ്ങൾകൊണ്ട് സമ്പന്നവുമാണ്. ചെറിയ ചെറിയ ഖണ്ഡങ്ങളായി 100 ദിവസംകൊണ്ട് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന തീര്‍ഥം വായിക്കാന്‍ ദിവസവും സന്ദര്‍ശിക്കുക: thomasthalanad.blogspot.in

N.B.
വഴിത്താരകള്‍ എന്ന നോവലിന്റെ കാലികപ്രസക്തി എന്ന വിഷയത്തെപ്പറ്റി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിന്റെ മുകളിലുള്ള ഓഡിറ്റോറിയത്തില്‍വച്ച് ഇന്നു വൈകുന്നേരം അഞ്ചുമണിക്ക് ഒരു ചര്‍ച്ചയുണ്ടായിരിക്കും. ശ്രീ. തോമസ് തലനാടും സന്നിഹിതനാകുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ