2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

മര്‍മ്മരങ്ങള്‍ (നോവല്‍) - ജോസ് മംഗലശ്ശേരി

പുസ്തകാസ്വാദനം - ജോസാന്റണി 9447858743

പണ്ടുണ്ടായിരുന്നതുപോലെ സ്വന്തം മാതാപിതാക്കളുടെ മാതാപിതാക്കളുമായി പുതിയ തലമുറയ്ക്ക് ഊഷ്മളമായ ഒരു ബന്ധമില്ലാത്തത് സമകാലിക സമൂഹത്തിലെ മൂല്യബോധത്തില്‍ ഉണ്ടായിട്ടുള്ള അപചയത്തിന്റെ മുഖ്യകാരണമായി ഈയിടെ ഒരു പ്രഭാഷണത്തില്‍ ഒരു സ്‌നേഹിതന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇങ്ങനെ സംഭവിച്ചത് ഇപ്പോള്‍ അറുപതുവയസ്സിനു മുകളില്‍ പ്രായം വരുന്ന മുത്തശ്ശന്മാരും മുത്തശ്ശിമാരും പുതിയ തലമുറയ്ക്ക് വേണ്ടത്ര ആദരണീയരോ അവരുടെ കാഴ്ചപ്പാട് സ്വീകാര്യമോ അല്ലെന്ന് പുതിയ തലമുറയെ അവരുടെ മാതാപിതാക്കളുടെ തലമുറ പഠിപ്പിച്ചതുകൊണ്ടാണ്. അറുപതു വയസ്സിനുമേല്‍ പ്രായമുള്ള കാരണന്മാരിലെ ഇപ്പോള്‍ 75 വയസ്സില്‍ താഴെമാത്രം പ്രായമുള്ളവര്‍ ഇപ്പോഴത്തെ ഇളംതലമുറയെക്കാള്‍ ശാസ്ത്രബോധവും പുരോഗമനചിന്തയും ഉള്ളവരായിരുന്നു എന്ന വസ്തുത ഇതോടൊപ്പം നാം മനസ്സിലാക്കണം. ആ തലമുറയില്‍പ്പെട്ട ഔസേപ്പച്ചനെ നായകസ്ഥാനത്തും ഔസേപ്പച്ചന്റെ പേരക്കുട്ടിയായ ജൂവലിനെ നായികാസ്ഥാനത്തും പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു നോവലാണ് മര്‍മരങ്ങള്‍. മുത്തശ്ശന്മാരും പേരക്കട്ടികളുംതമ്മില്‍ ഇനിയെങ്കിലും അനിവാര്യമായി ഉണ്ടാകേണ്ട മാതൃകാപരമായ ബന്ധത്തിന്റെയും അതിന്റെ ഫലമായി ഉളവാകാനിടയുള്ള പരിസ്ഥിതിപ്രേമസമ്പന്നമായ ഭൂമിയിലെ സ്വര്‍ഗത്തിന്റെയും മനോഹരസങ്കല്പം അരനൂറ്റാണ്ടുമുമ്പുള്ള കേരളീയ ഗ്രാമജീവിതസ്മരണകളോട് സമഞ്ജസമായി സമന്വയിപ്പിച്ചു രചിച്ചതാണ് മനോഹരമായ ഈ കൃതി.
ജാതിമതങ്ങള്‍ക്കതീതമായ ഒരു പ്രേമബന്ധത്തിന്റെയും കാമുകിയുടെ വീട്ടുകാരുടെ രൂക്ഷമായ എതിര്‍പ്പിന്റെയും ഫലമായി വീടും സ്ഥലവും വിറ്റ് മലബാറിലേക്കു കുടിയേറേണ്ടിവന്ന ഔസേപ്പച്ചന്‍ വാര്‍ധക്യമായപ്പോള്‍ തന്റെ കൊച്ചുമകളുമൊത്ത് ജന്മനാട്ടില്‍ തിരിച്ചെത്തുന്നതിന്റെ ഹൃദയഹാരിയായ കഥയാണ് ഈ നോവലിലുള്ളത്. അവിവാഹിതയായി തുടര്‍ന്ന പൂര്‍വകാമുകിയായ ആശട്ടീച്ചറും ഔസേപ്പച്ചനും തമ്മിലുള്ള പുനഃസമാഗമവും ജൂവലും ആശട്ടീച്ചറിന്റെ മരുമകനായ അഡ്വ. ബിനുലാലും തമ്മിലുണ്ടാകുന്ന പക്വമായ പ്രേമവും വളരെ ഹൃദയസ്പര്‍ശിയും ധ്വനിസാന്ദ്രവും ആയാണ് ഇതില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അവസാനഭാഗത്തെ ഏതാനും ചെറുഖണ്ഡികകള്‍ മാത്രം പകര്‍ത്താം.
''....ഒന്നും കേട്ടില്ലായെന്ന ഭാവത്തില്‍ ആശട്ടീച്ചര്‍ പുറത്തേക്കു നോക്കി ഇരുന്നു.
അന്നു വൈകുന്നേരംതന്നെ ഔസേപ്പച്ചന്‍ പാലായില്‍ ബുക്ക്സ്റ്റാളില്‍ പോയി കാനോന്‍നിയമത്തിന്റെ ഒരു കോപ്പി വാങ്ങി.
പിറ്റേന്ന് മുറ്റമടിച്ചുകൊണ്ടിരുന്നപ്പോള്‍ അപ്പച്ചിയമ്മയെ എന്തു വിളിക്കുമെന്ന് ആലോചിക്കുകയായിരുന്നു ജൂവല്‍. മുറ്റമടിച്ച് അവള്‍ കൊന്നക്കീഴില്‍ വന്നപ്പോള്‍ കൊന്നപ്പുഷ്പദലങ്ങള്‍ അവളുടെ തലയില്‍ വീണു. അവള്‍ നിവര്‍ന്ന് മുകളിലേക്കു നോക്കി.
അപ്പോഴും പുഷ്പദലങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ചെറിയ മര്‍മ്മരങ്ങളോടെ!''    
നോക്കൂ: വായനക്കാരനു ഗ്രഹിക്കാനും ഭാവനചെയ്യാനും എത്ര വിശാലമായ ഭൂമികയാണ് നോവലിസ്റ്റ് തുറന്നിട്ടിരിക്കുന്നത്!

(ജോസ് മംഗലശ്ശേരി - ഫോണ്‍ 9387494933)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ