2018, മേയ് 2, ബുധനാഴ്‌ച

ശ്രീ.ജോസഫ് പുലിക്കുന്നേലും ദൈവനിയോഗവും


ജോസാന്റണി (കിസ്‌കോ സഫലം മാസിക 2018 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചത്)

ഇപ്പോള്‍ 'കേരളശബ്ദം' വാരികയിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥയുടെ ആദ്യ അധ്യായം ഇങ്ങനെയാണു തുടങ്ങുന്നത്:
''ഞാന്‍ ജനിച്ചതും ബാല്യകൗമാരപ്രായങ്ങള്‍ ചെലവിട്ടതും മീനച്ചില്‍ ആറിന്റെ ഒരു ഉപനദിയായ പൊന്നൊഴുകും തോടിനു സമീപത്താണ്. വര്‍ഷകാലങ്ങളൊഴിച്ചാല്‍, മീനച്ചിലാര്‍ വിശാലമായ മണല്‍പരപ്പിലൂടെ ശാന്തമായി ഒഴുകുന്നു. എല്ലാ ആറുകളും ഇതുപോലെ ശാന്തമായി ഒഴുകുന്നു എന്നാണ്  ബാല്യത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത്.
ഒരിക്കല്‍ ഞങ്ങള്‍ മണിമലയാറിന്റെ ഓരത്തുകൂടി കാഞ്ഞിരപ്പള്ളിക്കു പോകുകയായിരുന്നു. ഞങ്ങളുടെ വണ്ടി കേടായി. കാഞ്ഞിരപ്പള്ളിയില്‍ പോയിവേണം ഒരു മെക്കാനിക്കിനെ കണ്ടുപിടിക്കാന്‍. ബാലനായ ഞാന്‍ മണിമലയാറിന്റെ തീരത്തുകൂടി നടന്നു. മീനച്ചിലാറിന്റെ ശാന്തമായ പ്രവാഹം അവിടെ കണ്ടില്ല. പാറക്കൂട്ടങ്ങളില്‍ തട്ടി, മുഴങ്ങുന്ന ശബ്ദത്തോടെയാണ് വെള്ളം ഒഴുകുന്നത്. ഞാനത് കുറേനേരം നോക്കിനിന്നു. തിരിച്ചുവന്ന് കാറില്‍കയറിയപ്പോള്‍ അമ്മയോട് ചോദിച്ചു. 'എന്താ മണിമലയാറിങ്ങനെ?''
വിധിവിശ്വാസിയായിരുന്ന എന്റെ അമ്മ പറഞ്ഞു, 'ഇതൊക്കെ ഓരോ ആറിന്റെയും വിധിയാ' മുതിര്‍ന്നപ്പോള്‍ അമ്മയുടെ ഗ്രാമ്യമായ ആ വിശദീകരണത്തിന്റെ പൊരുള്‍ എനിക്കു മനസ്സിലായി. മീനച്ചിലാറിലെ വെള്ളത്തിന്റെ എന്തെങ്കിലും പ്രത്യേകതകൊണ്ടല്ല അത് ശാന്തമായി ഒഴുകുന്നത്. മീനച്ചിലാറില്‍ പാറക്കൂട്ടങ്ങളില്ല. എന്നാല്‍ മണിമലയാറില്‍ നിറയെ പാറക്കൂട്ടങ്ങളാണ്. അതുകൊണ്ടാണ് മണിമലയാര്‍ ഇങ്ങനെ അശാന്തമായി ഒഴുകുന്നത്.
എന്റെ ജീവിതം എനിക്കു നല്‍കിയ പാഠവും അതാണ്. വ്യക്തികളുടെ കഴിവുകൊണ്ടോ, കഴിവുകേടുകൊണ്ടോ അല്ല ഓരോരുത്തരും ജീവിതത്തില്‍ ഉയരുന്നതും താഴുന്നതും. വിധിയുടെ അദൃശ്യമായ ഏതോ കരങ്ങളാണ് നമ്മെ നയിക്കുന്നത്. ചിലരുടെ ജീവിതം മീനച്ചിലാറുപോലെ ശാന്തമായി ഒഴുകുന്നു. മറ്റുചിലരുടേത് മണിമലയാറുപോലെ പ്രതിബന്ധങ്ങളില്‍തട്ടിത്തടഞ്ഞ് അശാന്തമായി ഒഴുകുന്നു. എന്റെ ജീവിതയാനം എന്റേതല്ലാത്ത കാരണങ്ങളാല്‍ പലപ്പോഴും തടസ്സപ്പെട്ടിട്ടുണ്ട്. ആഗ്രഹിക്കാതെതന്നെ വഴിതിരിഞ്ഞൊഴുകിയിട്ടുണ്ട്.''
വിധി എന്നു പറയുമ്പോള്‍ അതൊരു നിഷേധാത്മകവീക്ഷണമാണെന്നു ഞാന്‍ കരുതുന്നു. അതേ വാക്കിനെ ദൈവനിയോഗം എന്നു തിരുത്തിയാല്‍ സംഗതി പോസിറ്റീവാകും. ഞാന്‍ ഈ കാഴ്ചപ്പാട് നേടിയത് നാരായണഗുരുകുലത്തില്‍നിന്നാണ്. അവിടെവച്ചാണ് ഗുരു നിത്യചൈതന്യയതി തന്റെ ഗുരുവും നാരായണഗുരുവിന്റെ നേര്‍ശിഷ്യനുമായ നടരാജഗുരുവിന്റെ ഒരു മൊഴി എനിക്കു പറഞ്ഞുതന്നത്. ''നമുക്കു തെറ്റെന്നു തോന്നുമ്പോഴും ശരിയായിരിക്കുന്നതാണ് ദൈവം'' എന്ന ആ മൊഴിയാണ് മേല്‍പ്പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.
ശ്രീ. പുലിക്കുന്നേലിനെ ദേവഗിരി കോളജില്‍നിന്നു പിരിച്ചുവിട്ടത് നിയതി അദ്ദേഹത്തെ തന്റെ നിയോഗത്തിലേക്കു വഴിതിരിച്ചുവിട്ടതിന്റെ ഭാഗമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. (മലയാളം ബൈബിള്‍ വിവര്‍ത്തനകാലത്ത് അദ്ദേഹം സ്വയം പൂര്‍ത്തിയാക്കാന്‍ കരുതിയിരുന്ന ബൈബിള്‍പദകോശ നിര്‍മാണം ഞാനാണ് പൂര്‍ത്തിയാക്കിയത്. എന്നെ ഞങ്ങള്‍ രണ്ടുപേരും കരുതിയിരുന്നതിലും മുമ്പേതന്നെ ഞാന്‍ പൂര്‍ത്തിയാക്കിയ ആ ജോലിയില്‍നിന്ന് ശ്രീ. പുലിക്കുന്നേല്‍ എന്നെ പിരിച്ചു വിട്ടതിനെയും നിയതിയുടെ നിയോഗത്തിന്റെ ഭാഗമായിത്തന്നെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കാനും ഒക്കെ പഠിച്ചത് അതിനെത്തുടര്‍ന്നാണ്.)
ശ്രീ. പുലിക്കുന്നേല്‍ ദേവഗിരി കോളജില്‍നിന്ന് പിരിഞ്ഞുപോന്നതിനാല്‍ മാത്രമാണ് ആധുനിക മലയാളത്തിലുള്ള സമ്പൂര്‍ണബൈബിള്‍ മലയാളികള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് (അനേകര്‍ക്ക് സൗജന്യമായും) ലഭിച്ചത്. കേരള ക്രൈസ്തവസഭയുടെ മാതൃകാപരമായ പാരമ്പര്യവും ചരിത്രവും 'ഓശാന' മാസികയിലൂടെയും പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടായിരുന്നു, നവീകരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമം. അതോടൊപ്പം മാതൃകാപരമായ സംരംഭങ്ങളായി കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനചികിത്സ, ബാലപ്രമേഹം ബാധിച്ച സ്ത്രീകള്‍ക്ക് പാര്‍പ്പിടവും ഔഷധവും ആഹാരവും നല്കുന്ന ഒരു ഭവനം മുതലായവയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമാരംഭിച്ച 'വേര്‍ഡ് ആന്‍ഡ് ഡീഡ്' നടപ്പിലാക്കി. നഴ്‌സിങ്ങ് പോലെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാകാന്‍ സഹായകമായ ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍ സങ്കീര്‍ണമായ നടപടികളും പലിശയും കൂടാതെ നല്കിയിരുന്നെങ്കിലും ചിലരുടെ ബോധപൂര്‍വമുള്ള തെറ്റായ പ്രചരണങ്ങള്‍ മൂലം അതു വാങ്ങിയവരില്‍ ഭൂരിപക്ഷവും കടം തിരിച്ചടയ്ക്കതിരുന്നതിനാല്‍ തുടരാന്‍ കഴിഞ്ഞില്ല.
കേരളത്തിലെ കത്തോലിക്കാസഭയുടെ ജനാധിപത്യവിരുദ്ധവും പുരോഹിതാധിപത്യപരവുമായ സമീപനത്തിന്റെ അടിവേരുകള്‍ പോര്‍ട്ടുഗീസ് അധിനിവേശത്തെത്തുടര്‍ന്ന് ഉണ്ടായതാണെന്നും ബൈബിളും സ്വന്തം ചരിത്രവും പഠിച്ച് പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ തയ്യാറായാലേ സഭാനവീകരണം സാധ്യമാവൂ എന്നുമുള്ള ഉത്തമബോധ്യത്തോടെ ആയിരുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
അദ്ദേഹത്തിന്റെ ഒസ്യത്തിലെ ചില പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം:
''....കഴിഞ്ഞ 34 കൊല്ലക്കാലമായി എന്റെ കഴിവനുസരിച്ച് ഞാന്‍ ജീവിക്കുന്ന സമൂഹത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ക്രൈസ്തവസമൂഹത്തില്‍ ഞാന്‍ കണ്ട ജീര്‍ണതയ്‌ക്കെതിരെയും ഞാന്‍ പോരാടി. എന്റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്റെ മരണശേഷവും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളോടുംകൂടിയാണ് ഈ മരണപത്രം ഞാന്‍ തയാറാക്കിയിരിക്കുന്നത്.
എന്റെ മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാന്‍ സ്ഥാപിച്ച പുലിക്കുന്നേല്‍ ഫൗണ്ടേഷന് നല്‍കുന്നു.
ഫൗണ്ടേഷന്റെ ചെലവുകളും കഴിഞ്ഞ് ബാക്കി തുക എന്റെ തീരുമാനമനുസരിച്ച് (a) പുലിക്കുന്നേല്‍ കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിനോ രോഗശുശ്രൂഷയ്‌ക്കോ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്കും (b) മീനച്ചില്‍, തിടനാട്, ഭരണങ്ങാനം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കുമായും ചെലവാക്കുന്നതിനും (c) സാഹിത്യം, പ്രസിദ്ധീകരണം, വിദ്യാഭ്യാസം, കല എന്നിവയുടെ വികസനത്തിനും (d) ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായിരിക്കണം ചെലവഴിക്കേണ്ടത്.
അറ്റ വരുമാനത്തില്‍ 20 % തുക ഞാന്‍ സ്ഥാപിച്ച CRLS എന്ന സംഘടനയുടെ കീഴിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്' എന്ന സ്ഥാപനത്തിനും ഞാന്‍ സ്ഥാപിച്ച 'ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ' എന്ന സംഘടനയ്ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വസ്തുവില്‍നിന്നുള്ള വരുമാനം, സേവനപ്രവര്‍ത്തനത്തിനായി മിച്ചംവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഫൗണ്ടേഷന് സ്വീകരിക്കാവുന്നതാണ്.
ട്രസ്റ്റ് സ്വത്തുക്കള്‍, ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ട്രസ്റ്റിന് വില്‍ക്കാവുന്നതാണ്. വിറ്റു കിട്ടുന്ന തുക ദേശസാല്‍കൃത ബാങ്കിലോ റിസര്‍വ് ബാങ്കിലോ നിക്ഷേപിക്കാവുന്നതും പലിശകൊണ്ട് ഈ മരണപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്.
ഈ മരണപത്രത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ തര്‍ക്കമില്ലാതെ നടപ്പാക്കേണ്ടതാണ്.

എനിക്ക് വിവാഹിതരായ 3 പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഈശ്വരാനുഗ്രഹത്താല്‍ അവരുടെ സാമ്പത്തികനില ഭദ്രമാണ്. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ മകന്‍ രാജു ബാംഗ്ലൂരില്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ബിസിനസില്‍ നല്ല വരുമാനമുണ്ട്. അവന്‍ കുടുംബസമേതം വീടുവെച്ച് അവിടെത്തന്നെ താമസിക്കുന്നു. തന്മൂലം അവന് എന്റെ ഭൂസ്വത്തും അതില്‍നിന്നുള്ള ആദായവും ജീവസന്ധാരണത്തിന് ആവശ്യവുമില്ല.

ഞാന്‍ ജനിച്ചതും എന്റെ ബാല്യം പിന്നിട്ടതും ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയുടെ കാലത്തായിരുന്നു. അന്ന് കൃഷിയായിരുന്നു പ്രധാനമായ ജീവസന്ധാരണമാര്‍ഗ്ഗം. എന്നാല്‍ ഇന്ന് ജീവസന്ധാരണമാര്‍ഗ്ഗങ്ങളില്‍ വൈവിധ്യം വന്നുചേര്‍ന്നിരിക്കുന്നു. ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയില്‍ പിതാവിന്റെ സ്വത്ത് മക്കള്‍ക്കുള്ളതാണ് എന്ന പാരമ്പര്യമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. പിതാവ് മക്കള്‍ക്കുവേണ്ടിയായിരുന്നു ഭൂമി സമ്പാദിച്ചിരുന്നത്. മക്കള്‍ക്ക് മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ അക്കാലത്ത് വളരെ വിരളമായിരുന്നു. സമ്പത്തുള്ളവരുടെ മക്കള്‍ അദ്ധ്വാനിക്കാതെ പൂര്‍വികരുടെ അദ്ധ്വാനഫലം ആശ്രയിച്ചു ജീവിക്കുകയും പിന്‍തലമുറക്കുവേണ്ടി സമ്പത്ത് സമ്പാദിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു കുടുംബത്തില്‍ ശക്തമായി നിലനിന്നിരുന്ന പ്രേരണ. സമ്പന്നനായ പിതാവിന്റെ മക്കള്‍ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഗുണഭോക്താക്കളാകും എന്ന ഇന്നത്തെ ധാരണ പലപ്പോഴും നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിക്കാതെ പിതാക്കന്മാരുടെ നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിച്ച് ജീവിക്കാന്‍ മക്കളെ പ്രേരിപ്പിച്ചു.  മക്കള്‍ ഇതരജീവിതമാര്‍ഗ്ഗങ്ങളില്‍ പ്രവേശിച്ച് ക്രമമായ വരുമാനമുള്ളവരാണെങ്കില്‍പ്പോലും ആ വരുമാനത്തിനുപുറമെ പിതാക്കന്മാരുടെ കൃഷിഭൂമികള്‍ സ്വന്തമായി വെക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇങ്ങനെ ഒരേ അവസരത്തില്‍ രണ്ടു സ്രോതസ്സുകളിലുള്ള വരുമാനം സ്വന്തമാക്കിവെക്കുന്ന ഒരു സമൂഹവ്യവസ്ഥ വ്യക്തിയില്‍ സമ്പത്ത് കുന്നുകൂടുന്നതിന് സഹായകമായിത്തീരും. മാത്രമല്ല, കൃഷിഭൂമി കൃഷിക്കാരില്‍നിന്നു മാറ്റി ഉദ്യോഗസ്ഥന്മാരിലേക്കോ ബിസിനസ്സുകാരിലേക്കോ എത്തിപ്പെടുകയും തന്മൂലം യഥാര്‍ത്ഥ കൃഷിക്കാരന് കൃഷിഭൂമി ലഭ്യമാകാതെ വരികയും ചെയ്യുന്നു. ഇത് പാടില്ലെന്നാണ് എന്റെ വിനീതമായ സാമൂഹികാഭിപ്രായം. സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന മക്കള്‍ക്ക് പൂര്‍വ്വാര്‍ജ്ജിതകൃഷിഭൂമി നല്‍കുന്നത് സാമ്പത്തികസമതുലിതാവസ്ഥക്കും കൃഷിക്കും വിനയായിത്തീരും. ഇത്തരം അവസരങ്ങളില്‍ സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവര്‍ പൂര്‍വാര്‍ജിതസ്വത്ത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിട്ടുകൊടുക്കണം എന്നാണ് എന്റെ എളിയ ആഗ്രഹം. എന്റെ മക്കളെല്ലാവരും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അവരൊന്നുംതന്നെ കാര്‍ഷികവൃദ്ധിയില്‍നിന്നും ജീവിതസന്ധാരണം കണ്ടെത്തേണ്ടതില്ല. ആ സാഹചര്യത്തില്‍ എന്റെ ഭൂസ്വത്തുകൂടി അവരുടെ സമ്പത്തിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്റെ സാമൂഹികവീക്ഷണത്തില്‍ ശരിയാണെന്ന് തോന്നുന്നില്ല. എന്റെ പേരില്‍ ഇന്ന് 6 ഏക്കര്‍ 57 സെന്റ് സ്ഥലവും എന്റെ തറവാട് പുരയും കൂടാതെ പുലിക്കുന്നേല്‍ ഓഡിറ്റോറിയവും സ്വന്തമായിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ പ്രമുഖ ക്രൈസ്തവ കുടുംബങ്ങളുടെ മരണപത്രത്തില്‍ പൊതുജനങ്ങള്‍ക്കായി കുറെ വസ്തുവകകള്‍ നീക്കിവെക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. അത് പലപ്പോഴും പള്ളികള്‍ക്കാണ് നല്‍കിപ്പോന്നത്. ഒരു ഫൗണ്ടേഷന്‍ എന്ന നിലയില്‍ പള്ളികള്‍ ദാതാവിന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷ പണ്ടുകാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പള്ളികള്‍ക്കോ പള്ളിവക സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഇഷ്ടദാനങ്ങളൊന്നും അതിന്റെ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാറില്ല. തന്മൂലം ഓരോ കുടുംബങ്ങളും പൊതുജന സഹായത്തിനായി കുടുംബഫൗണ്ടേഷനുകള്‍ സ്ഥാപിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
എന്റെ മരണശേഷം നിയമപരമായി ഈ വസ്തുക്കള്‍ കൈവശം വെക്കുകയും എന്റെ താല്പര്യമനുസരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിന് പുലിക്കുന്നേല്‍ ഫൗണ്ടേഷനെ ഞാന്‍ ചുമതലപ്പെടുത്തുന്നു.  എന്റെ മരണശേഷം ഉടനടി പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ എന്റെ സ്ഥാവരജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടതാണ്..
....ഓശാനമൗണ്ടിന്റെ ഭാവി എന്ത് എന്നു ചോദിക്കുന്നവരുണ്ട്. അത് ഭാവിയാണ് തീരുമാനിക്കേണ്ടത്. സ്ഥാപകന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പിന്‍തലമുറ എന്നും ഉറച്ചുനില്‍ക്കണമെന്ന് പറയാനാകില്ല. ഒരുപക്ഷേ അത് വഴിമാറി ചലിച്ചേക്കാം. എനിക്കതില്‍ ദുഃഖമില്ല. കാരണം, ക്രിസ്തു സ്ഥാപിച്ച സഭയും ഗാന്ധിജി വാങ്ങിത്തന്ന സ്വാതന്ത്ര്യവും ശ്രീനാരായണന്റെ സാമൂഹ്യ-മതസങ്കല്പനങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ആ ചരിത്രവസ്തുത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാന്‍ ഓശാനമൗണ്ട് സ്ഥാപനങ്ങള്‍ക്ക് രൂപംകൊടുത്തത്. പക്ഷേ, എന്റെ സന്താനപരമ്പരകള്‍ ഈ വഴിമാറലിന് കാരണമാകരുതെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു. എല്ലാ ഓശാനമൗണ്ട് സ്ഥാപനങ്ങളും പൊതുജനസേവനത്തിന് ഉപകരിക്കുംവിധം മുന്നോട്ടുപോകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
....എന്റെ മരണശേഷം ഓശാന നിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം,  ഓശാന ആരംഭിച്ചത്  ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഓശാന അപ്രസക്തമാണ്. ഓശാന ഒരിക്കലും ഒരു വാര്‍ത്താപത്രികയായിരുന്നില്ല. ആശയപത്രികയായിരുന്നു. പല മഹാന്മാരും ആശയമാസികകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'ഹരിജന്‍', ശ്രീനാരായണഗുരുസ്വാമി സ്ഥാപിച്ച 'വിവേകോദയം'. അവയെല്ലാം അവയുടെ കര്‍മ്മം നിര്‍വഹിച്ച് അപ്രത്യക്ഷമായി. പുത്തന്‍ സാഹചര്യത്തില്‍ പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നതിന് ഇത്തരം ആശയമാസികകള്‍ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് മാസികകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു വാഴക്കൂമ്പ് കുലയെ പ്രസവിച്ചിട്ടശേഷം പോളകള്‍ സ്വയം പൊഴിയുന്നതുപോലെ ഓശാനയും ചരിത്രത്തിന്റെ വീഥിയില്‍ എനിക്കുശേഷം പൊഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. വി. പൗലോസ് എഴുതിയതുപോലെ ''ഗോതമ്പുമണി അഴിയാതെ പുത്തന്‍ നാമ്പുകള്‍ ഉണ്ടാവുകയില്ല.'' അതുപോലെ കാലത്തിന്റെ പാടത്ത് പുതിയ നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ ഓശാന നിഷ്‌ക്രമിക്കുന്നതാണ് ഉത്തമം.''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ