2018, ഫെബ്രുവരി 17, ശനിയാഴ്‌ച

ലോട്ടറി ഇഫക്ടും സമകാലികജീവിതവും


ജോണി ജെ. പ്ലാത്തോട്ടം ലോട്ടറി ഇഫക്ട് എന്ന കഥ എഴുതിയിട്ട് അനേകം വര്‍ഷങ്ങളായി. അന്നത്തെക്കാളും ഇന്ന് പ്രസക്തമായൊരു കഥയാണിത്. കഥയെക്കാള്‍ കാര്യമാണിതിലുള്ളത്.
ഒരു തരത്തില്‍ നോക്കിയാല്‍ വെറുമൊരു വാര്‍ത്താവിശകലനം. എന്നാല്‍ സമകാലിക സാമ്പത്തികപ്രതിസന്ധികളോടു ചേര്‍ത്തു വച്ചു നോക്കുമ്പോള്‍ പ്രവാചകദൃഷ്ടിയോടെ ക്രാന്തദര്‍ശിയായി രചിച്ച, ഒരു മഹത്തായ കലാശില്പമാണിത്.
ഈ കഥയെ സ്പര്‍ശിക്കാന്‍ പുസ്തക പ്രകാശനവേളയില്‍ ആരും തയ്യാറാകാതിരുന്നത് നിലവിലുള്ള ഭരണകൂടങ്ങളുടെ ഫാസിസ്റ്റ് രീതികളറിയാവുന്നതിനാലാവണം. കമ്യൂണിസ്റ്റുവിശ്വാസികളും കത്തോലിക്കാ വിശ്വാസികളും ധാരാളമുള്ള പാലായിലെ ഒരു കമ്യൂണിസ്റ്റ് വിശ്വാസിക്കുടുംബത്തില്‍ സാക്ഷാല്‍ ഇ എം എസ് സര്‍ക്കാര്‍ ലോട്ടറി വിപ്ലവം നടപ്പിലാക്കിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് അതിലൊരാളായ ആഖ്യാതാവ് ഇവിടെ വിവരിക്കുന്നത്.
ആഖ്യാതാവിന്റെസഹോദരിക്കു സംഭവിച്ച മാറ്റങ്ങളിലൂടെ നമ്മുടെ സമൂഹത്തിനും മൂല്യബോധത്തിനം സംഭവിച്ച പരിണാമങ്ങളാണ് കഥാകാരന്‍ ആവിഷ്‌കരിക്കുന്നത്.
വിപ്ലവചിന്താഗതിക്കാരായ പുരോഗമന സാഹിത്യകാരന്മാര്‍ ആശയപ്രചരണത്തിന് സിനിമയെ ഉപയോഗിച്ചുതുടങ്ങിയതിനെത്തുടര്‍ന്നാണ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുതലാളിമാര്‍ ഉണ്ടായത് എന്നാണ് പലരും കരുതുന്നത്. ഇന്ത്യയില്‍ സ്വാതന്ത്ര്യസമ്പാദനത്തെത്തുടര്‍ന്നുണ്ടായ ജനാധിപത്യവ്യവസ്ഥിതിയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുകയും അതില്‍ പങ്കാളികളായും ചെയ്തുകൊണ്ടു മാത്രമേ വിപ്ലവത്തിലേക്ക് നടന്നടക്കാനാവൂ എന്ന അടവുതന്ത്രം പാര്‍ട്ടി സ്വീകരിച്ചതാണ് അതിന്റെ പശ്ചാത്തലം എന്നു കരുതുന്നവരും അനേകമുണ്ട്. എന്നാല്‍, അതിനും മുമ്പേ തൊഴിലാളിയൂണിയന്‍പ്രവര്‍ത്തനത്തിലൂടെ അനേകം തൊഴിലാളി നേതാക്കന്മാര്‍ അവര്‍ക്ക് തൊഴിലാളികളില്‍നിന്നു കിട്ടിയ മാസവരിപ്പങ്കും സമരങ്ങളെ അട്ടിമറിക്കുന്നതിന് മുതലാളിമാര്‍ നല്കിയിരുന്ന സംഭാവനപ്പങ്കും ഉപയോഗിച്ച് മുതലാളിമാരായിത്തീര്‍ന്നിരുന്നു. വ്യവസ്ഥിതി മാറാതെ വ്യക്തിക്കു മാറാനാവില്ല എന്ന വിശ്വാസം കേരളത്തില്‍ വളര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റുകാരും മുതലാളികളായത് ന്യായീകരിക്കപ്പെട്ടിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. മുതലാളിയായ ഏംഗല്‍സിന്റെ സാമ്പത്തികസഹായം സ്വീകരിച്ചുകൊണ്ടായിരുന്നു, സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ് മൂലധനമെഴുതിയത് എന്ന വസ്തുതയും ഇതോടു ചേര്‍ത്തുവച്ചു കാണേണ്ടിയിരിക്കുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം, സാക്ഷാല്‍ ഇ.എം എസ് നമ്പൂതിരിപ്പാട് ഒരു സര്‍ക്കാര്‍വരുമാനമാര്‍ഗമായി ലോട്ടറികള്‍ നടത്താന്‍ തീരുമാനിച്ചതിനെയും ലോട്ടറി ഇഫക്ടെന്ന കഥയെയും വിലയിരുത്താന്‍.
അധ്വാനത്തെയും ചൂഷണത്തെയും പറ്റിയുള്ള പഠനത്തിലൂടെയാണല്ലോ കാറല്‍മാര്‍ക്‌സ് മൂലധനം ഉണ്ടായതെങ്ങനെ എന്നു കണ്ടെത്തിയത്. ജീവിതത്തില്‍ ഭാഗ്യത്തിനോ വിധിക്കോ എന്തെങ്കിലും സ്ഥാനമുള്ളതായി  അദ്ദേഹത്തിന്റെ പഠനത്തില്‍ പറഞ്ഞിരുന്നില്ല. തൊഴിലാളികളെ ചൂഷണം ചെയ്യാതെയും മൂലധനമുണ്ടാക്കാമെന്ന കണ്ടെത്തലായിരുന്നു സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജീവിതദര്‍ശന രഹസ്യം. തന്റെ
സ്വത്തുമുഴുവന്‍ പാര്‍ട്ടിക്ക് എഴുതിക്കൊടുത്തെങ്കിലും സ്വന്തം ജീവിതം ഒരു മുതലാളിക്കും ലഭിക്കില്ലാത്ത സ്വധര്‍മനിഷ്ഠയിലും ബൗദ്ധിക സ്വാതന്ത്ര്യത്തിലും ജീവിതാന്ത്യംവരെ മുമ്പോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതു മനസ്സിലാക്കാന്‍ കഴിഞ്ഞതിനാലാവും ഭാഗ്യം വിതച്ച് ഭാഗ്യം കൊയ്ത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത നിലനിര്‍ത്താനാകും എന്ന ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായത്. 
മതം  മനുഷ്യനെ മയക്കുന്ന കറുപ്പാണെങ്കില്‍ ആ കറുപ്പുപോലെ ഡിമാന്‍ഡുള്ളതാണ് തൊഴിലാളിവര്‍ഗരാഷ്ട്രീയവും എന്നും സാക്ഷാല്‍ ഇ എം എസ് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ കാറല്‍മാര്‍ക്‌സ് സ്വാധീനിച്ചതെങ്ങനെയൊക്കെ എന്നു പഠിക്കാന്‍, ഒരു ഡോക്ടറല്‍ തീസീസെഴുതാന്‍പോലും, പ്രചോദനം പകരുന്നതാണ് ഈ കഥ.
ഈ കഥയിലെ  ആഖ്യാതാവിന്റെ വീക്ഷണകോണില്‍നിന്നുകൊണ്ട് സമകാലികജീവിതത്തെ നിരീക്ഷിക്കാന്‍ ഓരോ അനുവാചകനും സാധിക്കേണ്ടതുണ്ട് എന്നു ഞാന്‍ കരുതുന്നു. അതിനാല്‍, കഥയുടെ അവസാനഭാഗം ഉദ്ധരിച്ച് ഞാന്‍ എന്റെ വിശകലനം അവസാനിപ്പിക്കാം:
''....സമൂഹത്തില്‍ നിഗൂഢമായ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടി അതിവേഗം വളരുന്നുണ്ട്. അതോടൊപ്പം, കുരിശുപള്ളികളും ക്ഷേത്രങ്ങളും കാവുകളും പുനരുദ്ധരിക്കപ്പെടുന്നു. മതാനുഷ്ഠാനങ്ങളില്‍ ആളുകളുടെ സാന്നിധ്യം വര്‍ധിച്ചു. പൊങ്കാലകളും പൂരങ്ങളും പെരുകി. നേര്‍ച്ചകാഴ്ചകള്‍ കഴിപ്പിക്കുന്നതില്‍ വിദ്യാസമ്പന്നര്‍ക്കും യുവാക്കള്‍ക്കും ഉണ്ടായിരുന്ന ഒരു സങ്കോചം മാറിവരുന്നതും കാണാമായിരുന്നു. .....
..... ആളുകള്‍ക്ക് രഹസ്യങ്ങള്‍ വര്‍ധിച്ചു. രഹസ്യക്കൂട്ടായ്മകള്‍ പെരുകി.
ദേശാഭിമാനിയില്‍ അത്ഭുതശക്തിയുള്ള മോതിരത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടതിന്റെ പിറ്റേന്ന് അച്ഛന്‍ കിടപ്പിലായി. ഏതാനും ദിവസങ്ങളേ ഈ ലോകത്തില്‍ അദ്ദേഹം തുടര്‍ന്നുള്ളു.
പില്‍ക്കാലത്ത് ആഴ്ചതോറും ഭാഗ്യം വരാന്‍ തുടങ്ങി. ദിവസം തോറുമായി, മണിക്കൂറുതോറുമായി.   
സമ്മാനത്തുക വളരെപ്പതിയെയാണ് ലക്ഷമെത്തിയത്. തുടര്‍ന്ന് ഇരുപത്തഞ്ചും മുപ്പതും മടങ്ങായി, കോടികളായി. ഒരു കോടീശ്വരന്‍ പിറന്നാല്‍ 24 മണിക്കൂറിനകം അടുത്ത കോടീശ്വരന്‍ പിറക്കും. അഴിമതിക്കഥകള്‍ കുന്നുകൂടി. മാഫിയകള്‍ പ്രത്യക്ഷപ്പെട്ടു. ലോട്ടറിഭാഗ്യമില്ലാത്തവര്‍ മറ്റു ഭാഗ്യങ്ങള്‍ തേടിയിറങ്ങി. മറ്റൊരിടത്തും ഭാഗ്യമില്ലാത്തവര്‍മാത്രം പണിയെടുത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു.''


1 അഭിപ്രായം:

  1. ശ്രീ ജോണി പ്ലാത്തോട്ടത്തിന്റെ സ്വപ്‌നാടനത്തിന്റെ സ്വകാര്യസാധ്യതകള്‍ എന്ന പുസ്തകത്തിലെ ലോട്ടറി ഇഫക്ട് എന്ന കഥയെപ്പറ്റിയുള്ളതാണ് ഈ കുറിപ്പ്. പുസ്തകം ആവശ്യമുള്ളവര്‍ കഥാകൃത്തുമായി ബന്ധപ്പെടുക 9446203858.

    മറുപടിഇല്ലാതാക്കൂ