2017, ഫെബ്രുവരി 21, ചൊവ്വാഴ്ച

ചോദ്യം - ഒരു നല്ല സിനിമ

പ്രിയ സുഹൃത്ത് ജോണി ജെ. പ്ലാത്തോട്ടം വിളിച്ചതുകൊണ്ട് ഇന്ന് പാലാക്കാരനായ ശ്രീ ബിജു സുകുമാറും സുഹത്തുക്കളും ചേര്‍ന്നു നിര്‍മിച്ച ചോദ്യം എന്ന ഒരു നല്ല സിനിമയുടെ പ്രീവ്യൂ കാണാന്‍ അവസരം കിട്ടി.  സിനിമ കണ്ടുകഴിഞ്ഞ് പ്രവര്‍ത്തകരെ പരിചയപ്പെട്ടപ്പോള്‍ അവരില്‍ പലര്‍ക്കും ഞാന്‍ പരിചിതന്‍. എനിക്കാകട്ടെ എന്റെ മറവിശക്തി കാരണം പലരെയും ഓര്‍മിക്കാന്‍ കഴിഞ്ഞില്ല. നന്നായി. യാതൊരു മുന്‍വിധിയും കൂടാതെ ആ സിനിമ കാണാന്‍ അതാണല്ലോ എന്നെ സഹായിച്ചത്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ പകര്‍ത്തുന്നത്.
അരവിന്ദന്റെ ഉത്തരായണം എന്ന പ്രശസ്ത ചിത്രത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പ്രധാനം എന്നൊരു താക്കോല്‍വാക്യമുണ്ട്. ഉത്തരായണം എന്ന പേരിലാകട്ടെ, ഉത്തരം ആരായണം എന്ന ധ്വനിയും. ഈ ചിത്രത്തിന്റെ പേരിലും ആഖ്യാനത്തിലും അതേ ധ്വനിതന്നെയാണ് നമുക്കു കേള്‍ക്കാന്‍ കഴിയുന്നത്. സമകാലിക ജീവിതത്തില്‍ നാമെല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് നായികയും നായികയുടെ വളര്‍ത്തച്ഛനായ ചാമിയും അനുജത്തിക്കുട്ടിയും ആഖ്യാതാവിന്റെ ഭാവനാപുത്രിയായ ദ്രൗപതിയും എല്ലാം ചോദിക്കുന്നത്. ചോദ്യങ്ങളെല്ലാം ഹൃദയത്തിലേറ്റാനും അവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്താനും പ്രേക്ഷകരെയെല്ലാം പ്രേരിപ്പിക്കുംവിധത്തിലാണ് ചിത്രത്തിന്റെ ആവിഷ്‌കാരം. ചോദ്യങ്ങളെന്തെന്ന് ചിത്രം കണ്ടുതന്നെ ഗ്രഹിക്കുന്നതാണ് ഉചിതമെന്നതിനാല്‍ ഞാന്‍ ഇവിടെ എഴുതുന്നില്ല.
സമകാലിക ഭാരതസമൂഹത്തില്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാന്‍ പുരുഷന്മാര്‍ക്ക് ഉത്തേജനം നല്കുന്ന ഘടകങ്ങളെന്തെല്ലാം എന്ന ചോദ്യം ഈ ചിത്രത്തില്‍ ആരും ചോദിക്കുന്നില്ല. എന്നാല്‍, ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഇന്നത്തെ യുവതലമുറ പേറുന്ന സ്‌കിസോഫ്രേനിക്ക് എന്നു വിളിക്കാവുന്ന വൈരുദ്ധ്യാത്മകമായ ലൈംഗികവീക്ഷണത്തെ വളരെ സരസമായും അര്‍ഥഗര്‍ഭമായും ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടല്ലോ എന്ന് എന്നിലെ ആസ്വാദകന്‍ എന്നോടു പറഞ്ഞു. ആഖ്യാതാവും ചാനല്‍ റിപ്പോര്‍ട്ടറായ പ്രദീപും മാത്രമല്ല, മദ്യപനായ ഒരു സാധാരണക്കാരനും ഇതില്‍ മാധ്യമലൈംഗികസംസ്‌കാര വിമര്‍ശം നടത്തുന്നുണ്ട്. അവരിലെല്ലാം ആത്മവിമര്‍ശനസ്വഭാവമുള്ള ഒരു മൂല്യബോധം നമുക്കു കാണാന്‍ കഴിയും.
ഈ സാഹചര്യത്തില്‍ ഞാന്‍ ഇത്രയുംകൂടി ഓര്‍മിച്ചുപോയി. പാശ്ചാത്യമായ സ്വതന്ത്രലൈംഗികതയെ അവയുടെ എല്ലാ വൈചിത്ര്യങ്ങളോടും കൂടി സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാക്കുന്ന ആധുനിക സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കളാണല്ലോ ഇന്നത്തെ യുവതലമുറ. അവരുടെ മാന്യമായ പ്രേമബന്ധങ്ങളില്‍പ്പോലും ഇടപെടുന്നവരാണ് ഇവിടുത്തെ സദാചാരപോലീസ്. സ്വതന്ത്രലൈംഗികത നിലവിലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കര്‍ശനനിയന്ത്രണം നിലവിലുള്ള രാജ്യങ്ങളിലുള്ളതിലും ലൈംഗികാതിക്രമങ്ങള്‍ കുറവാണെന്ന് ലോകപരിചയമുള്ളവര്‍ക്കെല്ലാം അറിയാമല്ലോ.

ഇപ്പോള്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ സിനിമ ശരിയായ ഒരു എഡിറ്റിങ്ങിനു വിധേയമാക്കിയാല്‍ വിദേശമേളകളിലെല്ലാം അംഗീകാരം നേടാന്‍ കഴിയുന്ന ഒരു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുളള ഉത്തമചിത്രമായി മാറും. കഥാപാത്രങ്ങളിലാരും മോശമായ പ്രകടനം കാഴ്ചവച്ചിട്ടില്ല. മുഖ്യകഥാപാത്രമായ ചാമി എന്ന വൃദ്ധനെ അവതരിപ്പിച്ച മഹാനടനും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി വിശ്വനാഥും ആഗോളതലത്തില്‍ അംഗീകാരങ്ങള്‍ നേടുകതന്നെചെയ്യും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
N.B.
ഈ ചിത്രത്തിന്റെ പ്രിവ്യു തേടിയപ്പോൾ കിട്ടിയ ലിങ്ക്  
ആണ് താഴെ. മുകളിൽ പറയുന്ന ചിത്രത്തിന്റെ ആദിരൂപമാണിത്.
https://www.youtube.com/watch?v=mjNaCH_fxCM&t=64s

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ