2013, മേയ് 13, തിങ്കളാഴ്‌ച

സമന്വയം


വി.ജെ.വടാച്ചേരി

അകത്തല്ലീശ്വരന്‍
, പുറത്തല്ലീശ്വരന്‍
അലിഞ്ഞിരിക്കുന്നു നിശ്ശൂന്യതതന്നില്‍
എനിക്കുള്ളീശ്വരന്‍ ത്രിമൂര്‍ത്തിനാമമായ് 
നിനക്കുള്ളീശ്വരന്‍ ത്രിയേക ദൈവമായ്
 
അവനുമുണ്ടീശ, നവന്റെയള്ളാഹു!
ഒരിടത്തുമില്ലാതെവിടെയുമുണ്ടായ്
ഒളിഞ്ഞിരിപ്പവന്‍ പരാപരന്‍ ദൈവം!!

കടലലകളില്‍ ലവണമെന്നപോല്‍
ലയിച്ചിരിപ്പവന്‍ ദയാപരനീശന്‍
അവനെ നാം വൃഥാ തെരുവോരങ്ങളില്‍
ത്രിശൂലച്ചോട്ടിലോ കുരിശിന്‍ മൂട്ടിലോ
ശശികലയുടെ പടം വരഞ്ഞതാം
കുടത്തിനുള്ളിലോ ധനങ്ങളര്‍പ്പിച്ചു
കരഗതമാക്കാന്‍ ശ്രമിപ്പിലാകുമോ?


നിനയ്ക്കില്‍ മാരിവില്‍ നിറങ്ങളേഴുമേ
ഹിരണ്മയന്‍തന്റെ കൊടികളല്ലയോ?
മഴവില്ലു കടഞ്ഞതിന്‍ നവനീതം
കരസ്ഥമാക്കുമ്പോള്‍ ഹിരണ്മയരൂപം
മനുഷ്യനേത്രങ്ങള്‍ കവര്‍ന്നുകൊണ്ടെങ്ങോ
അകന്ന ദൃശ്യ്മായ് മറഞ്ഞുപോകുന്നു!
മരണത്തിന്‍ സൈറണ്‍ മുഴക്കം തീരുമ്പോള്‍
ശരിക്കു നേര്‍ക്കുനേര്‍ക്കവനെക്കണ്ടിടാം!!

അകത്തുനിന്നവന്‍ പുറത്തിറങ്ങുമ്പോള്‍
പുറത്തുനിന്നോനുമകത്തിരുന്നോനും
ഒരുവനാണെന്നതറിഞ്ഞിടാനാവും!
അവസാനമാരാന്‍ മിഴിയിണകളെ
തഴുകിച്ചേര്‍ക്കുമ്പോഴവനും ഞാനുമായ്
ലയിച്ചുചേര്‍ന്നിട്ടൊരനന്വയമാകും!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ