2013, മേയ് 27, തിങ്കളാഴ്‌ച

ആനക്കാര്യം



ചാക്കോ സി. പൊരിയത്ത് 
 
ആനയൊന്നുമല്ലിതെന്നറിയാമെന്നാകിലു-
മാകെയൊരുഷ്ണം, കോച്ചിപ്പിടുത്ത, മിപ്പാതയില്‍
ആനയിട്ടൊരിച്ചൂടാറാത്ത വസ്തുവെപ്പോലും
പേടിക്കാനുപബോധമനസ്സു മന്ത്രിക്കുന്നു!
ഇത്രയ്ക്കു ഭയമില്ല ദൈവത്തെപ്പോലും, ദയാ-
ചിത്തനാണവിടുന്നെന്നറിവുള്ളവര്‍ നമ്മള്‍.
തെറ്റുകളേഴ,ല്ലെഴുപതുവട്ടവും ക്ഷമി-
ച്ചെപ്പൊഴും സ്‌നേഹിക്കുന്ന കാരുണ്യപാരാവാരം...
ദൈവത്തിന്‍ കാര്യം വേറെ, ആനതന്‍ കാര്യം വേറെ,
ആവുകില്‍ വഴിമാറിപ്പോകുന്നതല്ലോ ബുദ്ധി!
തന്‍തലപ്പൊക്കമെന്തെന്നറിയും മദയാന-
യ്‌ക്കെന്തിനു കാരുണ്യാദി മൃദുലവികാരങ്ങള്‍!
വന്‍തടി, യനായാസം മാറ്റുവോന്‍ താനെന്നുള്ള
ചിന്തയിലഭിരമിച്ചങ്ങനെ ഞെളിയുവോന്‍
തനിക്കുതുല്യംതാനേയുള്ളെന്ന മഹാഗര്‍വില്‍
ഭ്രമിക്കുമധികാരമത്തുമുണ്ടവന്നുള്ളില്‍.
പെട്ടെന്നെങ്ങാനും ചെന്നു ചാടൊലാ മുന്നില്‍, മദം
പൊട്ടിനില്ക്കുകയാണെന്നെപ്പൊഴും ബോധം വേണം!

ഒട്ടുകാലമിങ്ങനെ നിന്നോട്ടെ, മദപ്പാടു
വിട്ടൊഴിയവെ, വര്‍ഷമങ്ങനെ കൊഴിയവെ
കൊച്ചൊരു മരക്കൊമ്പും പൊക്കുവാന്‍ കഴിയാതെ 
ഈച്ചയാട്ടുവാന്‍ തുമ്പിയനക്കാനാവാതെയും
മസ്തകം കുനിച്ചൊരു നില്പുനില്ക്കുമന്നിവന്‍
ഉത്തരം തിരയുന്ന ചോദ്യചിഹ്നമെന്നപോല്‍.

അതു പിന്നത്തെക്കാര്യ; മിപ്പോഴീ വഴിയോര-
ത്തൊതുങ്ങിപ്പതുങ്ങി നാം തടി കാക്കുക നന്ന്....! 

1 അഭിപ്രായം:

  1. ആനപ്പിണ്ടത്തെ ആത്മാവില്ലാത്ത അധികാരത്തിന്റെ ജഡരൂപമാക്കുന്ന ഈ കവിത നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ