2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

കാലത്തിന്റ അടയാളം (നോവല്‍) - ശ്രീ ജോസ് മംഗലശേരി

 ആസ്വാദനം ജോസാന്റണി

കുഞ്ഞുകുട്ടി രാമപുരം എന്ന ചെറുമന്‍ കാലത്തിന്റെ അടയാളം എന്ന പേരില്‍ രചിച്ച നോവലിന്റെ വായനയുടെ അടിസ്ഥാനത്തില്‍ സമകാലിക അധ്യാപകരായ ലോലിതയും ലാലും നടത്തുന്ന ചരിത്രപഠനമാണ് ജോസ് മംഗലശ്ശേരിയുടെ കാലത്തിന്റെ അടയാളം എന്ന നോവലിന്റെ കാതല്‍. ഏറ്റുമാനൂര്‍ കാവ്യവേദിയുടെ ചെയര്‍മാനും കവിയുമായ ശ്രീ പി. പി. നാരായണന്‍ വ്യക്തമാക്കുന്നതുപോലെ നശിപ്പിക്കാനല്ല കലാലയജീവിതം എന്ന് വളരെ കൃത്യമായി സൂചിപ്പിക്കുന്ന ഈ നോവല്‍ കലാശാലകളും സര്‍വകലാശാലകളും യുദ്ധഭൂമിയും ചുടുകാടുമായി മാറ്റുന്ന ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒരു സന്ദേശമാണ് നല്കുന്നത്. 

 

മേവട എന്ന ദേശത്തിന്റെ പശ്ചാത്തലത്തില്‍ മീനച്ചിലിന്റെ, പാലായുടെ, ചരിത്ര സാംസ്‌കാരിക പശ്ചാത്തലങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങി ഹൃദയസ്പര്‍ശിയായി കഥകള്‍ പറയുന്ന ശ്രീ ജോസ് മംഗലശേരിയുടെ ഈ പുസ്തകം കേരളക്രൈസ്തവചരിത്രത്തിനാണ് ഊന്നല്‍ നല്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും, മതസൗഹാര്‍ദ്ദത്തിനും കീഴാളരോടുള്ള കരുണയ്ക്കും സ്വഹൃദയങ്ങളില്‍ സ്ഥാനം നല്കിയിരുന്ന നാടുവാഴികളുടെ ഭരണമാതൃകകൂടി ആവിഷ്‌കരിച്ചിട്ടുള്ള ഒരു നോവലാണിത്. സമകാലിക കേരളീയര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ ചരിത്രബോധത്തോടെ നമുക്കെങ്ങനെ പരിഹരിക്കാം എന്നതിന് ഈ നോവല്‍ വായിക്കുന്നവര്‍ക്ക് നിരവധി ഉള്‍ക്കാഴ്ചകള്‍ ലഭിക്കും. അതീവഹൃദ്യമായ ഒരു സമകാലിക പ്രേമമാതൃകയും ഈ പുസ്തകത്തിലുണ്ട്. തന്റെ കൃതികളോരോന്നും താന്‍ ജീവിക്കുന്ന സമൂഹത്തിന് ചരിത്രബോധവും സാമൂഹികസാംസ്‌കാരിക അഭ്യുന്നതിയും ലഭ്യമാക്കുന്നതായിരിക്കണം എന്ന സദുദ്ദേശ്യത്തോടെയാണ് ശ്രീ ജോസ് എഴുതിയിട്ടുള്ളതെങ്കിലും സോദ്ദേശ്യസാഹിത്യകൃതികള്‍ക്ക് പൊതുവേ സംഭവിക്കാറുള്ള പ്രകടമായ ആദര്‍ശപ്രസംഗം ഈ കൃതിയില്‍ (എന്നല്ല ജോസിന്റെ ഒരു കൃതിയിലും) ലവലേശംപോലുമില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

പാലായില്‍നിന്ന് സംസ്‌കാരസമ്പന്നരായ ധാരാളം കഥാകാരന്മാര്‍ ജന്മമെടുക്കുകയും പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കാലത്ത് സക്കറിയമാത്രമാണ് പാലായുടെ കാഥികനായി അറിയപ്പെടുന്നത്. വെട്ടൂര്‍ രാമന്‍നായരും ജോസഫ് മറ്റവും ഒക്കെ മലയാളത്തിന്റെ കഥാലോകത്തു സൃഷ്ടിച്ചിട്ടുള്ള ചലനങ്ങള്‍ സമകാലികസാഹിത്യത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ജനപ്രിയരെന്നുവിളിച്ച് തഴയുമ്പോഴും ശ്രീ തോമസ് പാലായും ജോയ്‌സിയുമൊക്കെ ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്ര ഹൃദയസ്പര്‍ശിയായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് നാളെ ആരെങ്കിലുമൊക്കെ ഡോക്ടറേറ്റെടുക്കാന്‍ പഠിച്ച് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴേ കേരളസമൂഹം അംഗീകരിക്കുകയുള്ളു. ശ്രീ. ജോസ് മംഗലശേരിയുടെ കൃതികളും നാളെ അങ്ങനെ അംഗീകരിക്കപ്പടുമെന്നാണ് ഞാന്‍ കരുതുന്നത്. ഏതായാലും ഇന്നുതന്നെ അവയുടെ മൂല്യം ഉള്‍ക്കൊള്ളാ ന്‍ കഴിയുന്നവര്‍ക്കു നേടാനാവുന്ന പ്രയോജനം നാളെ ജീവിക്കുന്നവര്‍ക്ക് നേടാനാവണമെന്നില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഈ പുസ്തകം വാങ്ങിവായിക്കുന്നതായിരിക്കും കരണീയം. പുസ്തകം ആവശ്യമുള്ളവര്‍ ഗ്രന്ഥകാരനെത്തന്നെ ബന്ധപ്പട്ടാല്‍മതി. വിലാസവും ഫോണ്‍നമ്പരും താഴെ കൊടുക്കുന്നു.

ജോസ് മംഗലശേരി, കൊഴുവനാല്‍ - 686573 കോട്ടയം ജില്ല

ഫോണ്‍ : 9387494933