ഗോസ്റ്റ് റൈറ്റര്‍ എന്ന വാക്കിന് മലയാളത്തില്‍ ഒരു ഒറ്റവാക്ക്, നിഘണ്ടു പലതു പരതിയിട്ടും, കണ്ടില്ല. ഭൂതചൈതന്യന്‍ എന്നാണ് ഞാന്‍ അതിനു കൊടുക്കുന്ന പരിഭാഷ. അപരന്റെ ഭൂതകാലാനുഭവങ്ങളുടെ ചൈതന്യം സ്വാംശീകരിച്ച് എഴുതുന്നയാളാണ് യഥാര്‍ഥ ഗോസ്റ്റ് റൈറ്റര്‍. ഗോസ്റ്റ് റൈറ്ററാകുക എന്നത് മ്ലേച്ഛമായ ഒരു പണിയായി അനേകര്‍ കരുതുന്നുണ്ട്. ഹാസ്യനടന്മാരെ മോശം നടന്മാരായി കാണുന്നതുപോലെയാണിത്. ഹാസ്യം നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന നടനു കഴിയുന്നതുപോലെ ഭംഗിയായി മറ്റു രസങ്ങളും അഭിനയിക്കാന്‍ അവാര്‍ഡുനടന്മാര്‍ക്കൊന്നും കഴിയണമെന്നില്ല. (പ്രേക്ഷകരെ അവരുടെ മുന്‍വിധികളില്‍നിന്ന് അവര്‍പോലുമറിയാതെ മോചിപ്പിക്കേണ്ട ഉത്തരവാദിത്വംകൂടി ഹാസ്യനടന്മാര്‍ക്കുണ്ടെന്നും ഓര്‍മിക്കണം. അവാര്‍ഡു നടന്മാര്‍ ഹാസ്യം അഭിനയിക്കുമ്പോഴും ഈ പരിമിതിയുണ്ടെങ്കിലും ഹാസ്യനടന്മാര്‍ക്കുള്ളത്ര ഇല്ലതന്നെ.)
ഗോസ്റ്റ് റൈറ്റര്‍ ഒളിവിലിരിക്കുന്നയാളായതിനാല്‍ ആരുടെ പേരില്‍ പുസ്തകമെഴുതുന്നുവോ അയാളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നിടത്താണ് വിജയം.
പ്രശസ്തര്‍ക്കുവേണ്ടി എഴുതുമ്പോള്‍ വേണ്ടിവരുന്നത്ര ബുദ്ധിമുട്ട് അപ്രശസ്തര്‍ക്കുവേണ്ടി എഴുതുമ്പോള്‍ ഇല്ലെന്നു പറയണം. എന്നാല്‍ അവരുടെ സംഭാഷണം അവരുടെ കഥനശൈലി ഗ്രഹിച്ച് ഒരു കൃതി എഴുതിക്കൊടുത്താലേ നല്ലൊരു കൃതിയുണ്ടാവൂ. സാധാരണക്കാര്‍ക്കുവേണ്ടി
എഴുതുമ്പോള്‍ ഗോസ്റ്റ് റൈറ്റര്‍ ബുദ്ധിജീവിയാണെങ്കില്‍ അത് പൂര്‍ണമായും വിസ്മരിച്ചിട്ട് എഴുതേണ്ടിവരും.
ഗോസ്റ്റ് റൈറ്റര്‍മാരെല്ലാം മുഴുചെവിയും മുറിക്കൊമ്പും തന്റെ എഴുത്തില്‍ ഏറ്റവും സര്‍ഗാത്മകമായി ഉപയോഗിച്ച് വേദവ്യാസന്‍ പറഞ്ഞുകൊടുത്ത മഹാഭാരതം പകര്‍ത്തിയ ഗണപതിയെ ശരിക്കും മാതൃകയാക്കേണ്ടതുണ്ട്. തന്റെ തകര്‍ക്കപ്പെട്ട അഹന്തയാണ് മുറിക്കൊമ്പായി, തന്റെ തൂലികയായി, ഗോസ്റ്റ് റൈറ്ററും ഉപയോഗിക്കേണ്ടത്. ഒട്ടും പ്രശസ്തി കാംക്ഷിക്കാതെ മഹത്തായ ഈ കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് വേറെ ഏതു ജോലിക്കു നല്കുന്നതിലുമധികം പ്രതിഫലം നല്‌കേണ്ടത് സാമാന്യനീതിമാത്രമാണ്.
NB
ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒരു പാടു പോലും ശേഷിപ്പിക്കാതെ ഒടുങ്ങുന്ന ഒച്ചകള്‍ ഒത്തിരിയുണ്ട്.
അവയില്‍ പ്രസക്തമായവ ശേഖരിക്കാനും ഒരുപാടു പേരിലേക്കെത്തിക്കാനും ഒരു സംരംഭം - അതാണ് e-books CCC (e-books from Centre of Creativity and Culture).
ചെറിയ സദസ്സുകളില്‍ കാര്യഗൗരവത്തോടെയോ നര്‍മബോധത്തോടെയോ സംസാരിക്കുന്നത്, അത് ആരായാലും, മൊബൈല്‍ ഫോണിലെ വോയ്‌സ് റിക്കാര്‍ഡറുപയോഗിച്ച് റിക്കാര്‍ഡുചെയ്ത് ഇ-മെയില്‍ അറ്റാച്ച്‌മെന്റായി അയച്ചുതരിക. ഒരു ദിവസം മുഴുവനുമുള്ള പരിപാടിപോലും ഒരുമിച്ചു റെക്കാര്‍ഡു ചെയ്യാമെങ്കിലും അയയ്ക്കാനും എഡിറ്റു ചെയ്യാനും ചെറിയ ഫയലുകളായി അയയ്ക്കുന്നതാണ് നല്ലത്. ഇവ ഓഡിയോ എഡിറ്ററുപയോഗിച്ചോ DTP ചെയ്‌തോ ബ്ലോഗിങ്ങിലൂടെയോ പോഡ്കാസ്റ്റ്ങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുക എന്നതാണ് CCC e-books ന്റെ മാര്‍ഗം. ഈ പുതിയസേവനമേഖല പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ 9447858743 അഥവാ 9495033632 എന്നീ മൊബൈല്‍നമ്പരുകളില്‍ ഒന്നിലേക്കു വിളിച്ച് അന്വേഷിക്കുക.