2012, ഡിസംബർ 11, ചൊവ്വാഴ്ച

വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര


മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 2012 ഡിസംബർ 8, 9 തീയതികളിൽ കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ വനമദ്ധ്യത്തിലുള്ള പാലയത്തുവയൽ ഗവണ്മെന്റ് യുപി സ്ക്കൂളിൽ കേന്ദ്രീകരിച്ച് വിക്കിപ്രവർത്തകർ നേതൃത്വം നൽകിയ വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികളുടെ റിപ്പോർട്ട്.
ആമുഖം
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷങ്ങൾ കേരളത്തിലങ്ങോളം വിവിധരൂപത്തിലും ഭാവത്തിലും നടന്നു വരികയാണല്ലോ. വിക്കിപീഡിയയെ കുറിച്ച് നല്ലൊരു അവബോധം മലയാളമനസ്സിൽ ഉണ്ടാക്കിയെടുക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ അപ്രകാരം നടന്നു വരട്ടെ എന്നാശംസിക്കുന്നു. വിക്കിപീഡിയയിൽ പുതിയ എഡിറ്റർമാരുണ്ടാവുക എന്നതുപോലെ തന്നെയോ അതിലുപരിയോ പ്രാധ്യാന്യമർഹിക്കുന്നതാണ് പുതിയ വായനക്കാരുണ്ടാവുക എന്നതും. നമ്മുടെ ലക്ഷ്യം പുതിയ വായനാസമൂഹങ്ങളെ സൃഷ്ടിക്കുക എന്നതു കൂടിയാവണം. ഈക്കഴിഞ്ഞ 8, 9 തീയതികളിൽ പാലയത്തുവയൽ ഗവണ്മെന്റ് യുപി സ്കൂളിൽ കേന്ദ്രീകരിച്ച് വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ നടക്കുകയുണ്ടായി. പരിപാടിയുടെ ആസൂത്രണഘട്ടം വിക്കിപീഡിയയുമായി ബന്ധപ്പെട്ടല്ലെങ്കിലും പരിപാടിയുടെ പ്രാമുഖ്യം കണക്കിലെടുത്തും നേതൃത്വം കൊടുക്കുന്നവരിൽ ഉള്ള വിക്കിപീഡിയരുടെ ബാഹുല്യം കണക്കിലെടുത്തും ഇതിനെ മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ ഭാഗമാക്കുകയായിരുന്നു. അതിനായി തെരഞ്ഞെടുത്ത പാലയത്തുവയൽ യുപി സ്ക്കൂളിനേക്കാൾ നല്ലൊരു കേന്ദ്രം നമുക്ക് ചിന്തിക്കാൻ പോലും ആവാത്തതാണ്.
പാലയത്തുവയൽ യു. പി. സ്ക്കൂൾ
കണ്ണൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ കോളയാട് പഞ്ചായത്തിലെ പെരുവയിലാണ് ഈ വിദ്യാലയം. പ്രധാനാദ്ധ്യാപകൻ ജയരാജൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ പത്തോളം അദ്ധ്യാപകരുടെ ആത്മാർത്ഥ പ്രവർത്തനങ്ങളുടെ ഫലമായി അസൂയാവഹമായ പുരോഗതി കൈവരിച്ച ഒരു സ്ക്കൂളാണിത്. റിസേർവ് വനത്തിനു നടുവിലായാണിത് സ്ഥിതിചെയ്യുന്നത്. യാത്രാസൗകര്യങ്ങളോ മൊബൈൽ നെറ്റുവർക്കുകളോ ഒന്നുമില്ലാത്ത ഒരു മേഖലയിലാണ് സ്കൂളിരിക്കുന്നത്. വാഹനഗതാഗതത്തിന് ആകെയുള്ളത് ഒരു കെ. എസ്. ആർ. ടി. സി. ബസ്സാണ്. കുറിച്യ സമൂഹത്തിലെ 150-ഇൽ ഏറെ കുട്ടികളാണിവിടെ പഠിക്കുന്നത്. വളരെ പരിതാപകരമായ ജീവിതചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളാണെല്ലാവരും.
പോസ്റ്റോഫീസ്
സ്കൂളിനു മാത്രം തനതായ പ്രത്യേകതകൾ അവകാശപ്പെടാനുണ്ട്. സ്വന്തമായി ഒരു തപാൽ സംവിധാനം സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ അദ്ധ്യാപകർക്കും കുട്ടികൾ പരസ്പരവും ഈ തപാൽ സംവിധാനത്തിലൂടെ എഴുത്തുകൾ അയക്കുന്നു. തപാൽ സംവിധാനത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്തുക എന്നതു മാത്രമല്ല കുട്ടിളുടെ എഴുതാനുള്ള കഴിവ് വികസിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇവിടെ സഫലമാവുന്നു. കുട്ടികൾക്കിടയിൽ തന്നെ പോസ്റ്റ്മാനും, ജനറൽ പോസ്റ്റോഫീസറും ഒക്കെയുണ്ട്. ഒരു സാധാരണ തപാൽ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവോ അത്, അതേ പടി പ്രാവർത്തികമാക്കുകയാണിവിടെ. കുട്ടികൾ തന്നെയാണ് എഴുത്തിനാവശ്യമായ കവറുകൾ ഉണ്ടാക്കുന്നതും. ഓരോ എഴുത്തുകളും പോസ്റ്റോഫീസിൽ വെച്ച് സീൽ ചെയ്യപ്പെടുന്നുണ്ട്. കുട്ടികളുടെ കത്തുകൾക്ക് കൃത്യമായി തന്നെ മറുപടി അയക്കാനും അദ്ധ്യാപകർ സമയം കണ്ടെത്തുന്നു. വാർത്താ ചാനൽ
ടെലിവിഷൻ എന്നതിനേപറ്റി ചിന്തിക്കാൻ പോലുമാവാത്തെ ചുറ്റുപാടുകളിലെ ഈ കുട്ടികളിൽ സ്കൂളിൽ സ്വന്തമായി ഒരു ടിവി ചാനൽ നടത്തി വരുന്നു. ഏതോ അദ്ധ്യാപകൻ കൊടുത്ത ഒരു വീഡിയോ ഹാൻഡി ക്യാമറ ഉപയോഗിച്ച് ഇവർ അവരുടെ കുസൃതികളും കുറുമ്പുകളും പകർത്തിയെടുക്കുന്നു. സ്ക്കൂളിൽ നടക്കുന്ന പരിപാടികൾ, വാർത്താ പ്രാധാന്യമുള്ള കാര്യങ്ങൾ എന്നിവയൊക്കെ അവർ ക്യാമറയിലാക്കുന്നു. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ഒക്കെയായി ഈ കൊച്ചു ടിവി ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും മാതൃകയാവുന്നു. കേരളത്തിൽ മറ്റൊരു സ്കൂളിലും ഇങ്ങനെയൊരു സംരംഭം ഉണ്ടെന്നു തോന്നുന്നില്ല. പ്രധാനപ്പെട്ട ലോകവാർത്തകൾ അറിയിക്കുന്ന വേൾഡ് ടു ഡേ എന്നത് മറ്റൊരു സ്ഥിരം പരിപാടിയാണ്. ചാനലിൽ അവതാരകരും റിപ്പോർട്ടർമാരും ഉണ്ട്, അദ്ധ്യാപകർ വീഡിയോ എഡിറ്റിങിലും മറ്റും സഹായിക്കുമെങ്കിലും അർപ്പണബോധത്തോടെ ആത്മാർത്ഥതയോടെ ഇത്തരം പരിപാടികൾ കുട്ടികൾ തന്നെ ചെയ്യുന്നു.
സ്കൂളിന്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരുന്നതല്ല. സ്വന്തമായി ഒരു മ്യൂസിയം അവർ നടത്തിക്കൊണ്ടുപോകുന്നു. കുറിച്യരുടെ പരമ്പരാഗത ആയുധങ്ങളും, ഉപകരണങ്ങളും അവരുടെ കരവിരുതുകളും ഒക്കെ അവർ അവിടെ സൂക്ഷിച്ചുവരുന്നു. കുരങ്ങിൽ നിന്നും ഹോമോസാപിയൻസിലേക്കുള്ള പരിണാമം കാണിക്കുന്ന പേപ്പർ പൾപ്പ് പ്രതിമ അവരുടെ കലാവിരുതിന്റെ പ്രത്യക്ഷോദാഹരണമാണ്. കുട്ടികളിലെ പോക്ഷകാകാരക്കുറവ് നികത്താൻ അദ്ധ്യാപകർ കണ്ടെത്തിയ മാർഗമാണ് വീടുകളിൽ ഭക്ഷ്യസുരക്ഷയ്കായുള്ള ഫോർപ്ലാന്റ് പദ്ധതി. വള്ളിച്ചീര, മുരിങ്ങ, പപ്പായ തുടങ്ങി വിവിധ പച്ചക്കറി തോട്ടങ്ങൾ വീടുകളോട് ചേർന്ന് കുട്ടികൾ തയ്യാറാക്കി. ഗണിതശാസ്ത്ര പഠനത്തിനായി തയ്യാറാക്കിയ ഗണിതശാസ്ത്രലാബ് ശ്രദ്ധേയമാണ്. അർപ്പണബോധമുള്ള ആ അദ്ധ്യാപകവൃന്ദത്തിനു കൂപ്പുകൈ നേരുന്നു.
അടുത്ത ആഴ്ചയിൽ തന്നെ ഇന്റെർനെറ്റ് സ്കൂളിൽ പ്രവർത്തനമാരംഭിക്കുകയാണ്. അതിനുള്ള ഏല്ലാ സംവിധാനങ്ങളും പൂർത്തിയായിരിക്കുന്നു. വിക്കിപീഡിയ സ്കൂളിലേക്ക് ഈ അവസരത്തിൽ കടന്നു വന്നത് ഒരു നിയോഗമാണെന്ന് പ്രധാനദ്ധ്യാപകനായ ജയരാജൻ മാസ്റ്റർ പറയുന്നു. ഇന്റെർനെറ്റിൽ എന്തു പഠിപ്പിക്കണം എന്നതിനെ പറ്റി ഇപ്പോൾ അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട്. മലയാളം വിക്കിപീഡിയയ്ക്ക് നൂറ്റമ്പതോളം കുഞ്ഞുവായനക്കാരെ കിട്ടുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. ആ കുഞ്ഞുമനസ്സുകളിലേക്ക് അറിവിന്റെ അക്ഷരക്കൂട്ടുകൾ എത്തിക്കേണ്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാവാൻ നമുക്കീ ചിന്ത തന്നെ ധാരാളം മതി. വിക്കിപീഡിയയുടെ ഓരോ സ്റ്റിക്കർ വീതം അവർക്ക് നൽകിയിട്ടുണ്ട്. അദ്ധ്യാപകർക്കൊക്കെ വിക്കിപീഡിയയുടെ തുണി സഞ്ചിയും സ്റ്റിക്കറും കൊല്ലം വിക്കിസംഗമത്തിനായി അച്ചടിച്ച പുസ്തകവും നൽകി.
വിക്കിപീഡിയ വിജ്ഞാനയാത്ര
എട്ടാം തീയതിയായിരുന്നു വിക്കി വിജ്ഞാനയാത്ര സംഘടിപ്പിച്ചത്. വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഘത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, രാജേഷ് ഒടയഞ്ചാൽ എന്നിവരായിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. പിന്നീട് കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം സന്ദർശിച്ചു. വളരെയേറെ ചരിത്ര പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. തുടർന്ന് ആറളം ഫാമിലേക്ക് പോയി. വന്യജീവി സങ്കേതത്തിലേക്കു പോവാതെ ഫാമിനകത്തെ ഒരു ഹൈസ്കൂൾ സന്ദർശിച്ചു; വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്. അടുത്തു തന്നെയുള്ള ഒരു കളരിയിലേക്കായിരുന്നു പിന്നീടു പോയത്. വഴിവക്കിൽ സമീപത്തുള്ള കുറുമ്പുക്കലിടം ഭഗവതി ക്ഷേത്രത്തിൽ(പാല, കാക്കേങ്ങാട്) കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ.
പിന്നീട് ഭക്ഷണം കഴിച്ച് കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന തൊടീക്കളം ശിവക്ഷേത്രത്തിലേക്കു പോയി. പഴയ ചുമർ ചിത്രങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ടവിടെ. ക്ഷേത്രാചാരം മാനിക്കേണ്ടതിനാൽ ഞങ്ങൾക്ക് നാലുകെട്ടിനകത്ത് പ്രവേശിക്കാനായില്ല. ഒമ്പതാം നൂറ്റാണ്ടിലെയോ മറ്റോ അമ്പലമാകാനാണു സാധ്യത. പുരാവസ്തു വകുപ്പിന്റെ ബോർഡുണ്ടെന്നല്ലാതെ സംരക്ഷണങ്ങളൊന്നുമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണു ക്ഷേത്രം. സമ്പന്നമായ ഒരു കാലത്തിന്റെ തിരുശേഷിപ്പായി അനേകം പടവുകളുല്ല നല്ലൊരു അമ്പലക്കുളവും ഉണ്ട് മുറ്റത്തുതന്നെ. ക്ഷേത്രത്തിൽ നിന്നും നേരെ ഞങ്ങൾ സ്കൂളിൽ എത്തി.
പ്രധാന അദ്ധ്യാപകനായ ജയരാജൻ മാസ്റ്ററും, സ്കൂളിലെ തന്നെ മറ്റൊരു അദ്ധ്യാപകനായ നാരായണൻ മാസ്റ്ററും നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും ഞങ്ങളെ കത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി തന്നെ ഗിരീഷ് മോഹൻ മാസ്റ്റർ, സുധി, വൈശാഖ് കല്ലൂർ തുടങ്ങിയവർ എത്തിച്ചേർന്നു. ഭക്ഷണം കഴിച്ച് ഞങ്ങളെല്ലാവരും കൂടി ഒന്നിച്ചു. ജയരാജൻ മാസ്റ്റർ നാടിനേയും സ്കൂളിനേയും വിദ്യാർത്ഥികളെയും പരിചയപ്പെടുത്തി. വിശ്വപ്രഭ വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊടുത്തു. വിക്കിസഹോദരസംരഭങ്ങളെ കുറിച്ച് രാജേഷ് വിശദീകരിച്ചു. കൊല്ലം അഞ്ചലിൽ കേന്ദ്രീകരിച്ചു നടന്നുവരുന്ന പ്രവർത്തനങ്ങളെ കുറിച്ച് സുഗീഷ് വിശദമായി സംസാരിച്ചു. നല്ലൊരു അനുഭവമായിരുന്നു ആ ഒരു പരിപാടി. പരിപാടി തുടങ്ങിയപ്പോൾ തന്നെ കറന്റുപോയി. പിന്നെ കൂരിരിട്ടിലായിരുന്നു ചർച്ച. സുഗീഷ് മൊബൈൽ വെളിച്ചം ഉയർത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് കിടന്നത്.
വിക്കിവനയാത്ര
പിറ്റേന്ന് കാലത്ത് ലാലു മേലേടത്ത് തുടങ്ങിയ വിക്കിപീഡിയർ അടക്കം 30 ഓളം പേർ എത്തിച്ചേർന്നു. സസ്യ-ശലഭങ്ങളെ കുറിച്ച് അത്യധികമായ ജ്ഞാനമുള്ളവരാണ് മിക്കവരും. പത്തോളം അദ്ധ്യാപകരും ഉണ്ടായിരുന്നു കൂട്ടത്തിൽ. വ്യത്യസ്ത സ്കൂളുകളിൽ നിന്നും വന്ന് വിക്കിയുടെ കുടക്കീഴിൽ ഒരുമിച്ച അവർക്കും അതൊരു പുത്തൻ അനുഭവമായിരുന്നു. രാവിലെ എല്ലാവരും ഒന്നുകൂടി ഒത്തുചേർന്ന് വിക്കിപീഡിയയെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ചെറുതായി ഒന്നു വിശദീകരിക്കുകയുണ്ടായി. എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം ഭക്ഷണം കഴിച്ച് വനയാത്ര തുടങ്ങി. പെരുവയിൽ നിന്നും കൊളപ്പയിലേക്ക്‌ നടത്തിയ വനയാത്രയ്ക്ക്‌ പ്രമുഖ സസ്യശലഭ ഗവേഷകനായ ശ്രീ. വി. സി. ബാലകൃഷ്ണൻ നേതൃത്വം നൽകി. പ്രസിദ്ധ ജൈവകർഷകനും നാട്ടറിവുകളെക്കുറിച്ച്‌ അറിവുള്ള ശ്രീ.മാത്യു ഉളിക്കലിന്റെ സാന്നിദ്ധ്യം വിശേഷപ്പെട്ടതു തന്നെയായിരുന്നു. രണ്ടുസംഘങ്ങളായാണ് യാത്ര തുടർന്നത്. വനം കാണുക എന്ന ഉദ്ദേശത്തോടെ ഒരു സംഘം ഗഫൂർ മാസ്റ്ററിന്റെയും നാരായണൻ മാസ്റ്ററിന്റേയും നേതൃത്വത്തിലും മറ്റൊരു സംഘം വി.സി. ബാലകൃഷ്ണൻ സാറിന്റേയും ശ്രീ മാത്യു ഉളിക്കൽ സാറിന്റേയും നേതൃത്വത്തിലും ആണു പോയത്. കുറിച്യ കോളനിയിലൂടെയുള്ള ആ യാത്ര ഒരു അനുഭവമായിരുന്നു. വിക്കിപീഡിയയുടെ മുദ്രപതിപ്പിച്ച തുണിസഞ്ചി എല്ലാവരും കരുതിയിരുന്നു. വഴിവക്കിൽ നിന്നും പഴങ്ങളും കിഴങ്ങുകളും ശേഖരിച്ചുകൊണ്ട് കുറിച്യരുടെ സ്നേഹം ആവോളം അനുഭവിച്ചുകൊണ്ടായിരുന്നു യാത്ര. നാലര കിലോമീറ്ററോളം നടന്ന് മലയുടെ ഏറ്റവും മുകളിൽ എത്തി. അവിടെയാണു കുറിച്യ സാമ്രാജ്യത്തിന്റെ ഇന്നത്തെ മൂപ്പന്റെ വാസം. തെനിയാടൻ കേളപ്പൻ എന്ന ആ ആദിവാസി മൂപ്പനുമായി എല്ലാവരും സംവദിച്ചു. ഏടാൻ കുങ്കൻ എന്ന തന്റെ അച്ഛൻ മരിച്ചപ്പോൾ മൂത്തമകനായ കേളപ്പൻ കുറിച്യരുടെ തലവനായി അവരോധിക്കപ്പെടുകയായിരുന്നു. മൂപ്പന്റെ വീടിനു സമീപത്തായി വലിയൊരു വെള്ളച്ചാട്ടമുണ്ട്. സംഘാഗങ്ങളിൽ പലരും അവിടെ കുളിച്ചു. നടന്നുകയറിയ ക്ഷീണം അരനിമിഷം കൊണ്ടു പമ്പകടന്നതായി തോന്നി. തിരിച്ചിറക്കം വളരെ പെട്ടന്നായിരുന്നു. വന്നവർ വന്നവർ ഭക്ഷണം കഴിച്ച് തിരിച്ചുപോക്കിനു റെഡിയായി നിന്നു. എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
വാൽകഷ്ണം
ഭൂരിപക്ഷം ആളുകളും വിക്കിപീഡിയ എന്തെന്ന് കേട്ടിട്ടുപോലും ഇല്ലാത്തവരായിരുന്നു. വിക്കിപീഡിയയെ തൊട്ടറിഞ്ഞപ്പോൾ ഒരു അവിശ്വസിനീയതയായിരുന്നു പലരുടേയും മുഖത്ത്. എങ്ങനെ തങ്ങളുടെ ഡസ്ക് ടോപ്പിൽ വിക്കിപീഡിയ എത്തിക്കാം എന്നതിനേക്കുറിച്ചായിരുന്നു മിക്കവരും ചോദിച്ചത്. നല്ലൊരു വായനാസമൂഹത്തെയെങ്കിലും ഇതുവഴി കിട്ടാനായാൽ നമ്മുടെ ഈ പ്രവർത്തനം സാർത്ഥകമായി എന്നു കരുതാം. ഒന്നുമില്ലെങ്കിലും നൂറ്റമ്പതോളം കുഞ്ഞു വായനക്കാർ നമുക്കൊരു മുതൽക്കൂട്ടായിരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. കൊച്ചുവിക്കിപീഡിയയെ അവർക്കാവും വിധം അവരുപയോഗിക്കട്ടെ. മലയാളം വിക്കിപീഡിയയ്ക്കുള്ള ഞങ്ങളുടെ കൊച്ചു ജന്മദിന സമ്മനമാണ് ഈ നിഷ്കളങ്കബാല്യങ്ങൾ.
ഈ റിപ്പോർട്ട് തയ്യാറാക്കിയത് Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:53, 11 ഡിസംബർ 2012 (UTC)

Category:Malayalam wikipedia vanayathra - Wikimedia Commons:

'via Blog this'