2018 ഫെബ്രുവരി 12, തിങ്കളാഴ്‌ച

പുസ്തക വിചാരണ


https://www.facebook.com/photo.php?fbid=10209315752045569&set=a.3554298910914.117912.1675947943&type=3

മര്‍മ്മരങ്ങള്‍ (നോവല്‍) - ജോസ് മംഗലശ്ശേരി

പുസ്തകാസ്വാദനം - ജോസാന്റണി 9447858743

പണ്ടുണ്ടായിരുന്നതുപോലെ സ്വന്തം മാതാപിതാക്കളുടെ മാതാപിതാക്കളുമായി പുതിയ തലമുറയ്ക്ക് ഊഷ്മളമായ ഒരു ബന്ധമില്ലാത്തത് സമകാലിക സമൂഹത്തിലെ മൂല്യബോധത്തില്‍ ഉണ്ടായിട്ടുള്ള അപചയത്തിന്റെ മുഖ്യകാരണമായി ഈയിടെ ഒരു പ്രഭാഷണത്തില്‍ ഒരു സ്‌നേഹിതന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇങ്ങനെ സംഭവിച്ചത് ഇപ്പോള്‍ അറുപതുവയസ്സിനു മുകളില്‍ പ്രായം വരുന്ന മുത്തശ്ശന്മാരും മുത്തശ്ശിമാരും പുതിയ തലമുറയ്ക്ക് വേണ്ടത്ര ആദരണീയരോ അവരുടെ കാഴ്ചപ്പാട് സ്വീകാര്യമോ അല്ലെന്ന് പുതിയ തലമുറയെ അവരുടെ മാതാപിതാക്കളുടെ തലമുറ പഠിപ്പിച്ചതുകൊണ്ടാണ്. അറുപതു വയസ്സിനുമേല്‍ പ്രായമുള്ള കാരണന്മാരിലെ ഇപ്പോള്‍ 75 വയസ്സില്‍ താഴെമാത്രം പ്രായമുള്ളവര്‍ ഇപ്പോഴത്തെ ഇളംതലമുറയെക്കാള്‍ ശാസ്ത്രബോധവും പുരോഗമനചിന്തയും ഉള്ളവരായിരുന്നു എന്ന വസ്തുത ഇതോടൊപ്പം നാം മനസ്സിലാക്കണം. ആ തലമുറയില്‍പ്പെട്ട ഔസേപ്പച്ചനെ നായകസ്ഥാനത്തും ഔസേപ്പച്ചന്റെ പേരക്കുട്ടിയായ ജൂവലിനെ നായികാസ്ഥാനത്തും പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു നോവലാണ് മര്‍മരങ്ങള്‍. മുത്തശ്ശന്മാരും പേരക്കട്ടികളുംതമ്മില്‍ ഇനിയെങ്കിലും അനിവാര്യമായി ഉണ്ടാകേണ്ട മാതൃകാപരമായ ബന്ധത്തിന്റെയും അതിന്റെ ഫലമായി ഉളവാകാനിടയുള്ള പരിസ്ഥിതിപ്രേമസമ്പന്നമായ ഭൂമിയിലെ സ്വര്‍ഗത്തിന്റെയും മനോഹരസങ്കല്പം അരനൂറ്റാണ്ടുമുമ്പുള്ള കേരളീയ ഗ്രാമജീവിതസ്മരണകളോട് സമഞ്ജസമായി സമന്വയിപ്പിച്ചു രചിച്ചതാണ് മനോഹരമായ ഈ കൃതി.
ജാതിമതങ്ങള്‍ക്കതീതമായ ഒരു പ്രേമബന്ധത്തിന്റെയും കാമുകിയുടെ വീട്ടുകാരുടെ രൂക്ഷമായ എതിര്‍പ്പിന്റെയും ഫലമായി വീടും സ്ഥലവും വിറ്റ് മലബാറിലേക്കു കുടിയേറേണ്ടിവന്ന ഔസേപ്പച്ചന്‍ വാര്‍ധക്യമായപ്പോള്‍ തന്റെ കൊച്ചുമകളുമൊത്ത് ജന്മനാട്ടില്‍ തിരിച്ചെത്തുന്നതിന്റെ ഹൃദയഹാരിയായ കഥയാണ് ഈ നോവലിലുള്ളത്. അവിവാഹിതയായി തുടര്‍ന്ന പൂര്‍വകാമുകിയായ ആശട്ടീച്ചറും ഔസേപ്പച്ചനും തമ്മിലുള്ള പുനഃസമാഗമവും ജൂവലും ആശട്ടീച്ചറിന്റെ മരുമകനായ അഡ്വ. ബിനുലാലും തമ്മിലുണ്ടാകുന്ന പക്വമായ പ്രേമവും വളരെ ഹൃദയസ്പര്‍ശിയും ധ്വനിസാന്ദ്രവും ആയാണ് ഇതില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അവസാനഭാഗത്തെ ഏതാനും ചെറുഖണ്ഡികകള്‍ മാത്രം പകര്‍ത്താം.
''....ഒന്നും കേട്ടില്ലായെന്ന ഭാവത്തില്‍ ആശട്ടീച്ചര്‍ പുറത്തേക്കു നോക്കി ഇരുന്നു.
അന്നു വൈകുന്നേരംതന്നെ ഔസേപ്പച്ചന്‍ പാലായില്‍ ബുക്ക്സ്റ്റാളില്‍ പോയി കാനോന്‍നിയമത്തിന്റെ ഒരു കോപ്പി വാങ്ങി.
പിറ്റേന്ന് മുറ്റമടിച്ചുകൊണ്ടിരുന്നപ്പോള്‍ അപ്പച്ചിയമ്മയെ എന്തു വിളിക്കുമെന്ന് ആലോചിക്കുകയായിരുന്നു ജൂവല്‍. മുറ്റമടിച്ച് അവള്‍ കൊന്നക്കീഴില്‍ വന്നപ്പോള്‍ കൊന്നപ്പുഷ്പദലങ്ങള്‍ അവളുടെ തലയില്‍ വീണു. അവള്‍ നിവര്‍ന്ന് മുകളിലേക്കു നോക്കി.
അപ്പോഴും പുഷ്പദലങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ചെറിയ മര്‍മ്മരങ്ങളോടെ!''    
നോക്കൂ: വായനക്കാരനു ഗ്രഹിക്കാനും ഭാവനചെയ്യാനും എത്ര വിശാലമായ ഭൂമികയാണ് നോവലിസ്റ്റ് തുറന്നിട്ടിരിക്കുന്നത്!

(ജോസ് മംഗലശ്ശേരി - ഫോണ്‍ 9387494933)

2017 ഫെബ്രുവരി 21, ചൊവ്വാഴ്ച

Pala ShortFilm- LAST FRAME....A Different Movie Mekers Telifilmfilm by B...

ചോദ്യം - ഒരു നല്ല സിനിമ

പ്രിയ സുഹൃത്ത് ജോണി ജെ. പ്ലാത്തോട്ടം വിളിച്ചതുകൊണ്ട് ഇന്ന് പാലാക്കാരനായ ശ്രീ ബിജു സുകുമാറും സുഹത്തുക്കളും ചേര്‍ന്നു നിര്‍മിച്ച ചോദ്യം എന്ന ഒരു നല്ല സിനിമയുടെ പ്രീവ്യൂ കാണാന്‍ അവസരം കിട്ടി.  സിനിമ കണ്ടുകഴിഞ്ഞ് പ്രവര്‍ത്തകരെ പരിചയപ്പെട്ടപ്പോള്‍ അവരില്‍ പലര്‍ക്കും ഞാന്‍ പരിചിതന്‍. എനിക്കാകട്ടെ എന്റെ മറവിശക്തി കാരണം പലരെയും ഓര്‍മിക്കാന്‍ കഴിഞ്ഞില്ല. നന്നായി. യാതൊരു മുന്‍വിധിയും കൂടാതെ ആ സിനിമ കാണാന്‍ അതാണല്ലോ എന്നെ സഹായിച്ചത്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ പകര്‍ത്തുന്നത്.
അരവിന്ദന്റെ ഉത്തരായണം എന്ന പ്രശസ്ത ചിത്രത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പ്രധാനം എന്നൊരു താക്കോല്‍വാക്യമുണ്ട്. ഉത്തരായണം എന്ന പേരിലാകട്ടെ, ഉത്തരം ആരായണം എന്ന ധ്വനിയും. ഈ ചിത്രത്തിന്റെ പേരിലും ആഖ്യാനത്തിലും അതേ ധ്വനിതന്നെയാണ് നമുക്കു കേള്‍ക്കാന്‍ കഴിയുന്നത്. സമകാലിക ജീവിതത്തില്‍ നാമെല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് നായികയും നായികയുടെ വളര്‍ത്തച്ഛനായ ചാമിയും അനുജത്തിക്കുട്ടിയും ആഖ്യാതാവിന്റെ ഭാവനാപുത്രിയായ ദ്രൗപതിയും എല്ലാം ചോദിക്കുന്നത്. ചോദ്യങ്ങളെല്ലാം ഹൃദയത്തിലേറ്റാനും അവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്താനും പ്രേക്ഷകരെയെല്ലാം പ്രേരിപ്പിക്കുംവിധത്തിലാണ് ചിത്രത്തിന്റെ ആവിഷ്‌കാരം. ചോദ്യങ്ങളെന്തെന്ന് ചിത്രം കണ്ടുതന്നെ ഗ്രഹിക്കുന്നതാണ് ഉചിതമെന്നതിനാല്‍ ഞാന്‍ ഇവിടെ എഴുതുന്നില്ല.
സമകാലിക ഭാരതസമൂഹത്തില്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാന്‍ പുരുഷന്മാര്‍ക്ക് ഉത്തേജനം നല്കുന്ന ഘടകങ്ങളെന്തെല്ലാം എന്ന ചോദ്യം ഈ ചിത്രത്തില്‍ ആരും ചോദിക്കുന്നില്ല. എന്നാല്‍, ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഇന്നത്തെ യുവതലമുറ പേറുന്ന സ്‌കിസോഫ്രേനിക്ക് എന്നു വിളിക്കാവുന്ന വൈരുദ്ധ്യാത്മകമായ ലൈംഗികവീക്ഷണത്തെ വളരെ സരസമായും അര്‍ഥഗര്‍ഭമായും ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടല്ലോ എന്ന് എന്നിലെ ആസ്വാദകന്‍ എന്നോടു പറഞ്ഞു. ആഖ്യാതാവും ചാനല്‍ റിപ്പോര്‍ട്ടറായ പ്രദീപും മാത്രമല്ല, മദ്യപനായ ഒരു സാധാരണക്കാരനും ഇതില്‍ മാധ്യമലൈംഗികസംസ്‌കാര വിമര്‍ശം നടത്തുന്നുണ്ട്. അവരിലെല്ലാം ആത്മവിമര്‍ശനസ്വഭാവമുള്ള ഒരു മൂല്യബോധം നമുക്കു കാണാന്‍ കഴിയും.
ഈ സാഹചര്യത്തില്‍ ഞാന്‍ ഇത്രയുംകൂടി ഓര്‍മിച്ചുപോയി. പാശ്ചാത്യമായ സ്വതന്ത്രലൈംഗികതയെ അവയുടെ എല്ലാ വൈചിത്ര്യങ്ങളോടും കൂടി സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാക്കുന്ന ആധുനിക സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കളാണല്ലോ ഇന്നത്തെ യുവതലമുറ. അവരുടെ മാന്യമായ പ്രേമബന്ധങ്ങളില്‍പ്പോലും ഇടപെടുന്നവരാണ് ഇവിടുത്തെ സദാചാരപോലീസ്. സ്വതന്ത്രലൈംഗികത നിലവിലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കര്‍ശനനിയന്ത്രണം നിലവിലുള്ള രാജ്യങ്ങളിലുള്ളതിലും ലൈംഗികാതിക്രമങ്ങള്‍ കുറവാണെന്ന് ലോകപരിചയമുള്ളവര്‍ക്കെല്ലാം അറിയാമല്ലോ.

ഇപ്പോള്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ സിനിമ ശരിയായ ഒരു എഡിറ്റിങ്ങിനു വിധേയമാക്കിയാല്‍ വിദേശമേളകളിലെല്ലാം അംഗീകാരം നേടാന്‍ കഴിയുന്ന ഒരു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുളള ഉത്തമചിത്രമായി മാറും. കഥാപാത്രങ്ങളിലാരും മോശമായ പ്രകടനം കാഴ്ചവച്ചിട്ടില്ല. മുഖ്യകഥാപാത്രമായ ചാമി എന്ന വൃദ്ധനെ അവതരിപ്പിച്ച മഹാനടനും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി വിശ്വനാഥും ആഗോളതലത്തില്‍ അംഗീകാരങ്ങള്‍ നേടുകതന്നെചെയ്യും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
N.B.
ഈ ചിത്രത്തിന്റെ പ്രിവ്യു തേടിയപ്പോൾ കിട്ടിയ ലിങ്ക്  
ആണ് താഴെ. മുകളിൽ പറയുന്ന ചിത്രത്തിന്റെ ആദിരൂപമാണിത്.
https://www.youtube.com/watch?v=mjNaCH_fxCM&t=64s

2016 സെപ്റ്റംബർ 25, ഞായറാഴ്‌ച

ശ്രീ. പി. വി. തോമസ് തലനാടിന്റെ കാലികപ്രസക്തി

മുപ്പതു വര്‍ഷം മുമ്പാണ് ശ്രീ പി. വി. തോമസ് തന്റെ വഴിത്താരകള്‍ എന്ന നോവല്‍ എഴുതി എം. പി. പോള്‍ അവാര്‍ഡിന് അയയ്ക്കുന്നതും അവാര്‍ഡു നേടുന്നതും. ആ നോവല്‍ പ്രസിദ്ധീകരിച്ചത് രണ്ടു ഭാഗങ്ങളായി ആയിരുന്നു. മലബാറിലെ കുടിയേറ്റഗ്രാമമായ വിലങ്ങാട് പ്രദേശത്ത് താമസിച്ച് അവിടത്തെ ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും ജീവിതം പഠിച്ചശേഷം എഴുതിയ ആ നോവല്‍ ഒരു ദളിത്ബാലന്റെ കഥയായിരുന്നു. അതിനുശേഷം മുപ്പതു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എഴുത്തിനെ ഒരു വരുമാനമാര്‍ഗമായി കണ്ട്, വായനക്കാരന്റെ പ്രിയം പരിഗണിച്ച് പലതും എഴുതേണ്ടിവന്നു. ജനപ്രിയ നോവലിസ്റ്റായപ്പോള്‍ പി. വി. തോമസ് തോമസ് തലനാട് ആയി മാറി. എങ്കിലുംശ്രീ.തോമസ് തന്നെ  പൈങ്കിളി എന്നു കണക്കാക്കുന്നവയില്‍പോലും സമകാലികജീവിതസമസ്യകള്‍ ആവിഷ്‌കരിക്കാന്‍ തോമസ് ശ്രമിച്ചിട്ടുണ്ട്. (നോവല്‍ ഏതുതരത്തില്‍പ്പെട്ട വായനക്കാരുടെ ഹിതത്തെക്കാളുപരി പ്രിയത്തെ മാനിച്ച് എഴുതുന്ന നോവലുകളെ പൈങ്കിളിയെന്നു വിളിക്കാം. പ്രിയം, ഹിതം എന്നീ വാക്കുകളുടെ അര്‍ഥം കൃത്യമായി അറിയാവുന്നവര്‍ ഇന്നു കേരളത്തില്‍ വളരെ കുറവാണ്. അവ തമ്മിലുള്ള വ്യത്യാസം ചെന്നിനായകം രോഗികള്‍ക്ക് പ്രിയങ്കരമല്ലെങ്കിലും ഹിതകരമാണ്, പഞ്ചസാര പ്രിയങ്കരമെങ്കിലും ഹിതകരമല്ല എന്നീ വാക്യങ്ങളില്‍നിന്നു വളരെ ലളിതമായി മനസ്സിലാക്കാം.)
ഇന്നുമുതല്‍ ഇന്റര്‍നെറ്റിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന തീര്‍ഥം എന്ന നോവല്‍ വഴിത്താരകളുടെ ചൈതന്യം ഉള്‍ക്കൊണ്ട് ജനപ്രിയം എന്നതിലേറെ ജനഹിതം പരിഗണിച്ച് എഴുതിയിട്ടുള്ള ഒരു നോവലാണ്. ജാതി മത രാഷ്ട്രീയ വർഗീയ വിഭാഗീയതകൾക്കെതിരെ ചെറുത്തുനിൽക്കേണ്ടതിന്റെയും മാനവികതയ്ക്കായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യമാക്കിത്തരുന്ന ഈ നോവൽ ഹൃദയസ്പർശിയും ആകാംക്ഷാഭരിതവുമായജീവിതമുഹൂർത്തങ്ങൾകൊണ്ട് സമ്പന്നവുമാണ്. ചെറിയ ചെറിയ ഖണ്ഡങ്ങളായി 100 ദിവസംകൊണ്ട് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന തീര്‍ഥം വായിക്കാന്‍ ദിവസവും സന്ദര്‍ശിക്കുക: thomasthalanad.blogspot.in

N.B.
വഴിത്താരകള്‍ എന്ന നോവലിന്റെ കാലികപ്രസക്തി എന്ന വിഷയത്തെപ്പറ്റി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിന്റെ മുകളിലുള്ള ഓഡിറ്റോറിയത്തില്‍വച്ച് ഇന്നു വൈകുന്നേരം അഞ്ചുമണിക്ക് ഒരു ചര്‍ച്ചയുണ്ടായിരിക്കും. ശ്രീ. തോമസ് തലനാടും സന്നിഹിതനാകുന്നതാണ്.

2016 സെപ്റ്റംബർ 4, ഞായറാഴ്‌ച

നിങ്ങള്‍ കാവലാള്‍*

ചാക്കോ സി. പൊരിയത്ത്

അലറിക്കുതിക്കുന്ന കാട്ടാറൊന്നതിന്‍ മീതേ
പലക പൊട്ടിപ്പൊളിഞ്ഞുള്ളൊരു തടിപ്പാലം
കെട്ടുപൊട്ടിയാടുന്ന കൈവരി; കാല്‍വയ്പുകള്‍
പെട്ടുപോകുമാറെങ്ങും പാലത്തില്‍ വിടവുകള്‍
അടിയില്‍ പെരും ചുഴി, യതിനപ്പുറത്തതാ,
അടികാണുവാനാവാക്കയത്തിന്‍ നിസ്സംഗത...!

അക്കരെപ്പോകാന്‍ പാലം കടക്കാന്‍ തുടങ്ങയാ-
ണിക്കുരുന്നുകള്‍; നിങ്ങള്‍ കാവലാളുകളായി
നിഷകളങ്കരാമിവര്‍ക്കൊപ്പമുണ്ടാകേണമേ,
ശക്തമാം കരങ്ങളാല്‍ കുഞ്ഞിക്കൈ പിടിക്കണേ...
ഇമ്മഹാ പ്രവാഹത്തില്‍ കാലിടറി വീഴാതെ
അമ്മതന്‍ കരുതലോടിവരെക്കാക്കേണമേ...
യാത്രതീരുവോളവം മിഴിചിമ്മാതെ, ചുണ്ടില്‍
പ്രാര്‍ഥനാമന്ത്രങ്ങളോടിവരെക്കാക്കേണമേ...

*ഇന്ന് അധ്യാപകദിനം. എല്ലാ ഗുരുജനങ്ങള്‍ക്കുമായി ഈ രചന സമര്‍പ്പിക്കുന്നു.

അനുകവിത

ജോസാന്റണി

കാല്‍തൊട്ടു വണങ്ങുമ്പോള്‍ തലയില്‍ കരംവച്ചാല്‍
പണ്ടനുഗ്രഹം! ഇപ്പോള്‍ കരങ്ങള്‍കോര്‍ത്താല്‍മാത്ര-
മാണനുഗ്രഹമെന്നു കാണിച്ചുതന്നോരെന്റെ
ഗുരുവിന്നരുളിന്നു നേരട്ടെ നേരാം വഴി!!

മൊഴിയാല്‍ വഴി കാട്ടി മിഴികള്‍ തുറക്കുവാന്‍
മഴപോല്‍ വര്‍ഷിക്കുന്ന കാരുണ്യം പുഴ, നമ്മള്‍
ഒഴുകിച്ചെന്നീടേണ്ടൊരാനന്ദക്കടലിന്റെ
യഴകില്‍ച്ചേരും പുഴ! അതല്ലീ കല്ലോലിനി!!